ADVERTISEMENT

ന്യൂഡൽഹി∙ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമെന്ന് റിപ്പോർട്ട്. മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മണിനെ ടൂർണമെന്റിന്റെ മുഖ്യ പരിശീലകനായും പരിഗണിക്കുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ചൈനയിലെ ഹാങ്ചൗവിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ്. ഒക്ടോബർ 5നു ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിനാൽ ബി ടീമിനെയാണ് ഏഷ്യൻ ഗെയിംസിന് ഇന്ത്യ അയക്കുന്നത്. ഏഷ്യൻ ഗെയിംസ് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പരിധിയിൽ വരുന്നതല്ലാത്തതിനാൽ മത്സരങ്ങൾക്കു രാജ്യാന്തര പദവിയില്ല.

രോഹിത് ശർമ, വിരാട് കോലി, ഹാർ‌ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കെ.എൽ. രാഹുൽ തുടങ്ങിയ സീനിയർ താരങ്ങളൊന്നും ഏഷ്യൻ ഗെയിംസിൽ കളിക്കില്ലെന്ന് ഉറപ്പാണ്. ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾ ചൈനയിലേക്കു പറക്കും. സഞ്ജു അല്ലെങ്കിൽ ധവാൻ ഇന്ത്യൻ ടീമിനെ നയിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർ‌ട്ടുകൾ. ഏഷ്യൻ ഗെയിംസ് ടീമിനെ ധവാൻ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്നുള്ള പ്രതീക്ഷയും വർധിച്ചു. ജൂലൈയിൽ നടക്കുന്ന വിൻഡീസ് പര്യടനത്തിലെ ഏകദിന ടീമിലും സഞ്ജു ഇടംപിടിച്ചിട്ടുണ്ട്.

ഒൻപതു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏഷ്യൻ ഗെയിംസിലേക്കു ക്രിക്കറ്റ് തിരിച്ചെത്തുന്നത്. ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിന് ബിസിസിഐ ടീമുകളെ അയക്കുന്നത്. 2010, 2014 ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും രണ്ടുതവണയും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല. ഇന്ത്യൻ വനിതകളുടെ ഒന്നാം നിര ടീമായിരിക്കും ഇത്തവണ ം ഏഷ്യാകപ്പിൽ ഇറങ്ങുക. ആഭ്യന്തര മത്സരങ്ങൾ ഉണ്ടെന്നത് ഒഴിച്ചാൽ വനിതാ ടീമിന് സെപ്റ്റംബറിൽ മറ്റു മത്സരങ്ങളില്ല. 2022ൽ ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പങ്കെടുത്തിരുന്നു.

English Summary: Shikhar Dhawan likely to lead, VVS Laxman to coach Indian team in Asian Games 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com