ഇങ്ങനെയൊക്കെ കളി ജയിക്കാൻ ആഗ്രഹിക്കണോ? വേണ്ട: വിവാദ വിക്കറ്റിൽ പ്രതികരണം
Mail This Article
ലണ്ടൻ∙ ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ പുറത്താകലിൽ പ്രതികരിച്ച് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. താൻ ക്യാപ്റ്റനായിരിക്കുമ്പോൾ ഇത്തരം വിക്കറ്റുകൾ ലഭിച്ചാലും വേണ്ടെന്നു വയ്ക്കുമെന്നാണ് സ്റ്റോക്സിന്റെ നിലപാട്. ‘‘ജോണി ബെയർസ്റ്റോ ആദ്യം ക്രീസിലുണ്ടായിരുന്നു. പിന്നീടു ക്രീസിനു പുറത്തേക്കു പോയി. അത് ഔട്ടാണോ എന്ന കാര്യത്തിൽ ഞാൻ തർക്കിക്കുന്നില്ല. ഓസ്ട്രേലിയയ്ക്ക് അതൊരു മാച്ച് വിന്നിങ് നിമിഷമായിരുന്നു. എന്നാൽ ഇങ്ങനെയൊക്കെ കളി ജയിക്കാൻ ഞാൻ ആഗ്രഹിക്കണോ? അതില്ല.’’– ബെൻ സ്റ്റോക്സ് വ്യക്തമാക്കി.
‘‘ആഷസ് ടെസ്റ്റില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഞങ്ങൾ 2–0ന് പിന്നിലാണ്. എന്നാൽ ഇനിയും മൂന്ന് കളികൾ ബാക്കിയുണ്ടല്ലോ. പാക്കിസ്ഥാൻ, ന്യൂസീലൻഡ് ടീമുകൾക്കെതിരെ ഞങ്ങൾ പരമ്പര ജയിച്ചിട്ടുണ്ട്. തിരിച്ചടിച്ചു തിരിച്ചുവരാൻ ഞങ്ങൾക്കു സാധിക്കും.’’– സ്റ്റോക്സ് മത്സരത്തിനു ശേഷം പ്രതികരിച്ചു.
ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 43 റൺസ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 371 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 327 റൺസിൽ പുറത്തായി. ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് സെഞ്ചറി നേടിയെങ്കിലും (214 പന്തിൽ 155) ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ജോഷ് ഹെയ്സൽവുഡും പാറ്റ് കമ്മിൻസും ഓസീസിനായി മൂന്നു വിക്കറ്റുവീതം വീഴ്ത്തി.
English Summary: Would I want to win in that manner? No: Ben Stokes