പന്ത് വിട്ടാൽ ക്രീസിനു പുറത്തേക്ക്, ബെയർസ്റ്റോയുടെ ‘ശീലം’ മനസ്സിലാക്കി പ്ലാൻ- വിഡിയോ
Mail This Article
ലണ്ടൻ∙ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. പന്ത് ഡെഡ് ബോളാണെന്നു കരുതി ഒഴിവാക്കി വിട്ടതിനു പിന്നാലെ ബെയര്‍സ്റ്റോ ക്രീസിൽനിന്നു മുന്നോട്ടിറങ്ങിയപ്പോൾ, ഓസീസ് കീപ്പർ അലക്സ് ക്യാരി പന്ത് വിക്കറ്റിലേക്ക് എറിഞ്ഞുകൊള്ളിക്കുകയായിരുന്നു. വിവാദ പുറത്താകലിൽ ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ വരെ വിശദീകരണവുമായി രംഗത്തെത്തി. ‘‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റിനെ’ച്ചൊല്ലി ചർച്ചകൾ കൊഴുക്കുന്നതിനിടെ, ക്രീസ് വിട്ടു പുറത്തേക്കു പോകുന്നതു ജോണി ബെയര്‍സ്റ്റോയുടെ പതിവാണെന്നു കാണിക്കുന്ന വിഡിയോയും പുറത്തുവന്നു.
ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോയിൽ പന്ത് ലീവ് ചെയ്ത ശേഷം പല തവണ ജോണി ബെയർസ്റ്റോ ക്രീസ് വിട്ടുപുറത്തേക്കു പോകുന്നുണ്ട്. ഇംഗ്ലണ്ട് ബാറ്ററുടെ ഈ ശീലം മുതലെടുത്താണ് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി താരത്തെ പുറത്താക്കിയതെന്നു വേണം കരുതാൻ. സാങ്കേതികമായി ക്രീസിനു വെളിയിലേക്കു പോകുകയാണെങ്കിൽ ബാറ്റർ അംപയറെയും വിക്കറ്റ് കീപ്പറെയും ഇക്കാര്യം അറിയിക്കേണ്ടതാണ്.
ബെയർസ്റ്റോയുടെ നീക്കങ്ങൾ മനസ്സിലാക്കിയതുകൊണ്ടായിരിക്കാം, ഓസ്ട്രേലിയൻ കീപ്പർ പന്ത് വിക്കറ്റിലേക്ക് എറിഞ്ഞതെന്ന് ഇന്ത്യന്‍ താരം ആര്‍. അശ്വിനും പ്രതികരിച്ചു. ആദ്യ രണ്ടു ടെസ്റ്റുകൾ വിജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ 2–0ന് മുന്നിലെത്തി. ലീഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിങ്ങിനു വിട്ടു.
English Summary: Jonny Bairstow 'Routine' Exposes Reason Behind Alex Carey Stumping