മാനന്തവാടിയിൽനിന്ന് മിര്‍പൂരിലേക്ക്; ഇതാ ടീം ഇന്ത്യയുടെ മിന്നു മണി, അരങ്ങേറ്റത്തിൽ വിക്കറ്റ്
Mail This Article
ബംഗ്ലദേശിലെ മിർപൂരിലുള്ള ഷേര്‍ ബംഗ്ലാ നാഷനൽ സ്റ്റേഡിയത്തിൽ പന്തെറിഞ്ഞുകൊണ്ട് വയനാട്ടുകാരി മിന്നു മണി നടന്നു കയറിയത് പുത്തൻ ചരിത്രത്തിലേക്കു കൂടിയാണ്. കേരളത്തിൽനിന്ന് ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടംപിടിക്കുന്ന ആദ്യ താരമാണ് മിന്നു. ട്വന്റി20 പരമ്പരയിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ആദ്യ മത്സരത്തിൽ തന്നെ മിന്നുവിനു അവസരം ലഭിക്കുമോയെന്നു പലർക്കും സംശയമുണ്ടായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നാനുള്ള ഓൾറൗണ്ട് മികവ് മിന്നുവിന് വഴിയൊരുക്കി.
ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ച താരം ഒരു വിക്കറ്റ് സ്വന്തമാക്കി. മൂന്ന് ഓവറുകൾ പന്തെറിഞ്ഞ മിന്നു മണി 21 റൺസാണു വഴങ്ങിയത്. മത്സരത്തിന്റെ നാലാം ഓവറിൽ ബംഗ്ലദേശ് ഓപ്പണർ ഷമീമ സുൽത്താനയെയാണു മിന്നു പുറത്താക്കിയത്. മിന്നുവിന്റെ പന്തിൽ ജെമീമ റോഡ്രിഗസ് ക്യാച്ചെടുത്തു ഷമീമയെ മടക്കുകയായിരുന്നു. വനിതാ ഐപിഎൽ കളിക്കുന്ന മലയാളിതാരം എന്നതിൽനിന്ന് ഇന്ത്യൻ ടീമംഗത്തിലേക്കുള്ള മിന്നുവിന്റെ ഉയർച്ച വർഷങ്ങളായി വയനാട്ടിലെ ഗ്രാമത്തിൽനിന്ന് ആ പെണ്‍കുട്ടി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇടംകൈ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ മിന്നു കുറിച്യ വിഭാഗത്തിൽനിന്ന് ക്രിക്കറ്റിന്റെ താരപ്രഭയിലെത്തിയ ആദ്യത്തെയാളാണ്.
ഇനി ഇന്റർനാഷനൽ കളി
മാനന്തവാടി ഒണ്ടയങ്ങാടിയിലാണ് മിന്നുവിന്റെ കൊച്ചുവീട്. ഈ വീട്ടുമുറ്റത്താണ് മിന്നു ക്രിക്കറ്റിലെ ആദ്യ ചുവടുകൾ വച്ചത്. വീടിനു തൊട്ടപ്പുറത്തെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലേക്ക് പിന്നീടു കളി മാറി. ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുവളർന്ന മിന്നു അധികം വൈകാതെ പരിശീലന മൈതാനങ്ങളിലേക്കെത്തി. മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായിക അധ്യാപിക എത്സമ്മയാണ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മിന്നുവിലെ കായികതാരത്തെ കണ്ടെത്തിയത്. തൊടുപുഴയിലെ കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ പരിശീലനത്തിന് അവസരം ലഭിച്ചതു വഴിത്തിരിവായി.
പതിനാറാം വയസ്സിലാണ് മിന്നു മണി കേരള ക്രിക്കറ്റ് ടീമിലെത്തിയത്. അന്നുതൊട്ട് ഇതുവരെ വിവിധ ടീമുകൾക്കായി ഒട്ടേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും സ്റ്റേഡിയത്തിലെത്തി മിന്നുവിന്റെ പ്രകടനം കാണാൻ അച്ഛനും അമ്മയ്ക്കും സാധിച്ചിട്ടില്ല. കൂലിപ്പണിക്കാരായ ഇരുവർക്കും ഒരു ദിവസത്തെ ജോലി ഒഴിവാക്കി മത്സരം കാണാൻ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു. മകൾ ബംഗ്ലദേശിനെതിരെ കളിക്കാനിറങ്ങിയപ്പോൾ അച്ഛൻ മണിയും അമ്മ വസന്തയും മാനന്തവാടിയിലെ വീട്ടിലെത്തുന്നവർക്ക് മധുരം വിതരണം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. മാധ്യമങ്ങളോടു സംസാരിക്കവെ സന്തോഷത്താൽ അവരുടെ കണ്ണുകൾ നിറഞ്ഞു.
ഇന്ത്യ എ ടീം, ഡൽഹി ക്യാപിറ്റൽസ്
30 ലക്ഷം രൂപയ്ക്കാണ് മിന്നു മണിയെ വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീം സ്വന്തമാക്കിയത്. സീനിയർ താരങ്ങൾ പോലും അവഗണിക്കപ്പെട്ട ലേലത്തിൽ തനിക്കായി ടീമുകൾ വിളി തുടങ്ങിയപ്പോൾ ഞെട്ടിപ്പോയെന്നാണ് മിന്നു അന്നു പ്രതികരിച്ചത്. അണ്ടർ 23 ട്രോഫിയിൽ കേരളത്തിനായി നടത്തിയ പ്രകടനമാണ് മിന്നുവിനെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലെത്തിച്ചത്. കേരളം അണ്ടർ 23 ചാംപ്യന്മാരായപ്പോൾ ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു മിന്നു.
ബോർഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലും തുടർന്ന് അവസരം ലഭിച്ചു. എ ടീമിൽ ബംഗ്ലദേശ് പര്യടനത്തിലാണ് മിന്നു കളിച്ചത്. മിന്നുവിന്റെ കളി അച്ഛന്‍ മണിയും അമ്മ വസന്തയും ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. അവരെ വിമാനത്തിൽ കയറ്റി സ്റ്റേഡിയത്തിലെത്തിച്ച് ഇന്ത്യന്‍ ടീമിന്റെ കളി കാണിക്കണമെന്നതാണ് മിന്നുവിന്റെ ആഗ്രഹം. ടീം ഇന്ത്യയില്‍ മിന്നിത്തിളങ്ങുന്ന താരത്തിന് അതും ഉടൻ സാധ്യമാകട്ടെ.
English Summary: Minnu Mani, Cricket journey to Indian national team