ഇന്ത്യയ്ക്കെതിരെ കളിക്കാം; ലോകകപ്പിൽ ഇറങ്ങാന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് വിടാമെന്ന് വിൻഡീസ് താരം
Mail This Article
ഡൊമീനിക്ക∙ 2024ലെ ട്വന്റി20 ലോകകപ്പിൽ ദേശീയ ടീമിൽ കളിപ്പിക്കുമെങ്കിൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് വേണ്ടെന്നു വയ്ക്കാൻ തയാറാണെന്ന് വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ. 35 വയസ്സുകാരനായ താരം വിൻഡീസ് ടീമിനൊപ്പം രണ്ടുവട്ടം ട്വന്റി20 ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. ‘‘അടുത്ത ലോകകപ്പിൽ കളിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനു മുൻപ് ഏതാനും പരമ്പരകൾ വെസ്റ്റിൻഡീസിനായി കളിക്കാനും ഞാൻ തയാറാണ്.
‘‘വെറുതെവന്ന് ലോകകപ്പ് കളിക്കുമെന്നു പറയാൻ ഞാനില്ല. വെസ്റ്റിൻഡീസിനായി കളിക്കുമ്പോൾ ചില ട്വന്റി20 ലീഗുകള്‍ നഷ്ടമാകുമെന്ന് എനിക്ക് അറിയാം. ടീമിനെ എങ്ങനെയാണോ ലോകകപ്പിൽ സഹായിക്കാനാകുക. അതു ചെയ്യാൻ ഞാന്‍ തയാറാണ്. ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് ട്വന്റി20 പരമ്പര വരുന്നുണ്ട്. അതിൽ കളിക്കണമെന്ന് എനിക്കു താൽപര്യവുമുണ്ട്. പക്ഷേ എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോൾ നന്നായി പരിശീലിക്കുന്നുണ്ട്.’’– ആന്ദ്രെ റസ്സല്‍ ഒരു ജമൈക്കൻ മാധ്യമത്തോടു വ്യക്തമാക്കി.
2021 നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ആന്ദ്രെ റസ്സൽ വെസ്റ്റിൻഡീസിനായി ഒടുവിൽ കളിച്ചത്. 18 മാസത്തോളമായി ദേശീയ ടീമിൽ ഇറങ്ങിയിട്ടില്ലെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്വന്റി20 ആഭ്യന്തര ലീഗുകളിലെല്ലാം താരം സജീവമാണ്. 2024 ട്വന്റി20 ലോകകപ്പ് വെസ്റ്റിന്‍ഡീസിലും യുഎസിലുമായാണു നടക്കേണ്ടത്.
English Summary: Andre Russel ready to sacrifice franchise cricket to represent West Indies