കപ്പടിച്ച പാക്കിസ്ഥാൻ ‘എമേർജിങ്’ അല്ല, തയബിന് പ്രായം 29; കളിക്കാൻ പിള്ളേരില്ലേ?
Mail This Article
എമേർജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ വൻ മാർജിനിൽ തോൽപിച്ചാണ് പാക്കിസ്ഥാൻ കിരീടമുയർത്തിയത്. ഫൈനല്‍ പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 352 റൺസെന്ന കൂറ്റൻ സ്കോര്‍ ഇന്ത്യയ്ക്കു മുന്നിൽ പടുത്തുയർത്തി. എന്നാൽ ഇന്ത്യൻ മറുപടി 224 റൺസിൽ അവസാനിച്ചു. 128 റൺസിന്റെ തോൽവിയും ഇന്ത്യ വഴങ്ങി.
യുവ പ്രതിഭകളെയും ഭാവിതാരങ്ങളെയും വളർത്തിക്കൊണ്ടുവരിക ലക്ഷ്യമിട്ടാണ് എമർജിങ് ഏഷ്യാ കപ്പ് ടൂർണമെന്റ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നടത്തുന്നത്. 2013 എമേർജിങ് ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നത് ഇന്നത്തെ സൂപ്പർ താരം സൂര്യകുമാർ യാദവായിരുന്നു. കെ.എൽ.രാഹുൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര എന്നിവരും അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്നവരാണ്. പാക്കിസ്ഥാനിൽ കളിച്ചിരുന്നതാകട്ടെ ഇന്നത്തെ സീനിയർ ടീം ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനുമൊക്കെയാണ്.
2023ൽ കപ്പ് നേടിയെങ്കിലും, പാക്കിസ്ഥാൻ താരങ്ങളുടെ പ്രായം സംബന്ധിച്ച് ചോദ്യങ്ങളും ഇതോടൊപ്പം ഉയരുകയാണ്. ഈ വർഷത്തെ ടൂര്‍ണമെന്റിൽ പാക്കിസ്ഥാൻ എ ടീമിന്റെ ആധിപത്യമായിരുന്നെന്നു പറയാം. ഇന്ത്യയെ തോൽപിച്ച് തുടർച്ചയായി രണ്ടാം കിരീടവും പാക്കിസ്ഥാൻ ഉയർത്തി. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഹാരിസ് നയിക്കുന്ന പാക്കിസ്ഥാൻ എ ടീം ശരിക്കും ‘എമേർജിങ്’ ടീം അല്ലെന്നതാണു സത്യം.
രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ചില താരങ്ങളെയും പാക്കിസ്ഥാൻ യുവ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഫൈനലിലെ സ്റ്റാറായ തയബ് താഹിർ ഈ വർഷമാണ് പാക്കിസ്ഥാൻ ദേശീയ സീനിയര്‍ ടീമിൽ അരങ്ങേറിയത്. പക്ഷേ താരത്തിന് 29 വയസ്സു പ്രായമുണ്ട്. ഫൈനലിൽ സെഞ്ചറി നേടിയ തയബ് താഹിർ 71 പന്തിൽ 108 റൺസെടുത്തു പുറത്തായി. 12 ഫോറുകളും നാലു സിക്സുകളുമാണു താരം പറത്തിയത്.
താഹിർ പാക്കിസ്ഥാനു വേണ്ടി മൂന്ന് ട്വന്റി20 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. പാക്ക് ഓപ്പണർ സയിം അയ്യൂബ് 8 ട്വന്റി20 മത്സരങ്ങളും സഹിബ്സദ ഫർഹാൻ മൂന്ന് മത്സരങ്ങളും സീനിയർ ടീമിൽ കളിച്ചിട്ടുണ്ട്. ഫർഹാന് 27 വയസ്സു പ്രായമുണ്ട്. പാക്കിസ്ഥാൻ എ ടീം ക്യാപ്റ്റൻ മുഹമ്മദ് ഹാരിസ് ഏകദിന, ട്വന്റി20 മത്സരങ്ങൾ സീനിയർ ടീമിനായി കളിച്ചിട്ടുണ്ട്. ഓൾറൗണ്ടർ മുഹമ്മദ് വാസിം പാക്കിസ്ഥാൻ ടെസ്റ്റ് ടീമിലടക്കം കളിച്ച് പരിചയമുള്ള താരമാണ്.
പാക്കിസ്ഥാൻ ടീമിനെ തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യ എ ടീമിലെ താരങ്ങൾക്ക് ആഭ്യന്തര ക്രിക്കറ്റും ഐപിഎല്ലും കളിച്ച പരിചയം മാത്രമാണുള്ളത്. യുവതാരങ്ങളിൽ ഏറ്റവും പ്രതീക്ഷയുള്ള യശസ്വി ജയ്സ്വാളിനെയും ശുഭ്മൻ ഗില്ലിനെയും വരെ എമേർജിങ് ഏഷ്യാകപ്പിൽ ഇന്ത്യ ഇറക്കിയിട്ടില്ല. പ്രായം നോക്കാതെ താരങ്ങളെ കളിപ്പിക്കാനാണെങ്കിൽ ‘എമേർജിങ് ഏഷ്യാ കപ്പ്’ നടത്തേണ്ടതിന്റെ ആവശ്യകതയെന്തെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. പാക്കിസ്ഥാനിൽ കളിക്കാൻ യുവതാരങ്ങളെ കിട്ടാത്ത അവസ്ഥയാണോയെന്നും വിമർശനമുയർന്നു. ബംഗ്ലദേശ് എ ടീമിനായി, പ്രധാന ടീമിലെ താരമായ സൗമ്യ സർക്കാർ അടക്കം കളിക്കാനിറങ്ങിയിരുന്നു. 30 വയസ്സുള്ള സൗമ്യ സർക്കാർ സീനിയർ ടീമിൽ നൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
English Summary: Pakistan's Emerging Asia Cup trophy winning team wasn't really made up of emerging players