ബ്രോഡ് ആൻഡ് ബ്യൂട്ടിഫുൾ: 6 സിക്സിനും 600 വിക്കറ്റിനും ഇടയിലൂടെ പാഞ്ഞ കരിയറിന് തിരശീല വീഴുന്നു
Mail This Article
ഗ്രൗണ്ടിൽ നിൽക്കെ രണ്ടു തവണ സ്റ്റുവർട്ട് ബ്രോഡിന്റെ കണ്ണുനിറഞ്ഞിട്ടുണ്ട്. ആദ്യത്തേത് 2007 ട്വന്റി20 ലോകകപ്പിൽ തന്റെ ഓവറിൽ യുവരാജ് സിങ് 6 സിക്സ് നേടിയപ്പോഴായിരുന്നു. രണ്ടാമത്തേത് ആഷസ് 4–ാം ടെസ്റ്റിൽ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡിനെ പുറത്താക്കി ടെസ്റ്റ് കരിയറിൽ 600 വിക്കറ്റ് തികച്ചപ്പോഴും. 6 സിക്സിനും 600 വിക്കറ്റിനും ഇടയിലൂടെ പാഞ്ഞ ‘കരിയർ’ അവസാനിപ്പിച്ച് ബ്രോഡ് പടിയിറങ്ങുമ്പോൾ തിരശീല വീഴുന്നത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളുടെ കരിയറിനാണ്.
ഇന്നലെ കെന്നിങ്ടൻ ഓവൽ ഗ്രൗണ്ടിലെ ബാൽക്കണിയിൽ നിന്ന് തന്റെ അവസാന ഇന്നിങ്സിൽ ബാറ്റ് ചെയ്യാനായി ഇറങ്ങിവന്ന ബ്രോഡ്, ബൗണ്ടറി ലൈനിനു സമീപമെത്തിയപ്പോൾ ഒന്നുനിന്നു. 16 വർഷത്തോളം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ അന്നും ഇന്നും തോളോടുതോൾ ചേർന്നുനിന്ന, ‘പാർട്നർ ഇൻ ക്രൈം’ ജയിംസ് ആൻഡേഴ്സനു വേണ്ടിയായിരുന്നു അത്. ആൻഡേഴ്സനെ ചേർത്തുപിടിച്ചാണ് ബ്രോഡ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഓസ്ട്രേലിയൻ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ബ്രോഡിനെ വരവേറ്റു. അവർക്കു നടുവിലൂടെ ബ്രോഡ് നടന്നുനീങ്ങിയപ്പോൾ ഒരു നിറചിരിയോടെ ആൻഡേഴ്സൻ അത് നോക്കിനിന്നു.
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം വേദനിച്ചിട്ടുണ്ടാവുക ആൻഡേഴ്സനായിരിക്കും. 1037 വിക്കറ്റുകളുമായി, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബോളിങ് ജോടി എന്ന റെക്കോർഡ് ഇരുവരുടെയും പേരിലാണ്. ഒരു ദശാബ്ദത്തിലേറെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പേസ് അറ്റാക്ക് നിയന്ത്രിച്ചിരുന്നത് ആൻഡേഴ്സനും ബ്രോഡും ചേർന്നായിരുന്നു. 682 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇംഗ്ലിഷ് ബോളർ എന്ന റെക്കോർഡ് ആൻഡേഴ്സൻ കയ്യടക്കി വയ്ക്കുമ്പോൾ ബ്രോഡ് രണ്ടാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികച്ച പേസ് ബോളർമാർ എന്ന റെക്കോർഡും ഇരുവർക്കും സ്വന്തം.
ബ്രോഡ് എന്ന ബോളറെയാണ് ക്രിക്കറ്റ് ലോകം എക്കാലവും ആഘോഷിച്ചതെങ്കിലും വാലറ്റത്ത് മത്സരത്തിന്റെ ഗതി തിരിക്കാൻ കഴിവുള്ള ബ്രോഡ് എന്ന ബാറ്റർക്ക് അർഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല.
2010ൽ പാക്കിസ്ഥാനെതിരായ സെഞ്ചറി (169) ഉൾപ്പെടെ ടെസ്റ്റ് കരിയറിൽ 13 അർധ സെഞ്ചറികളും 3662 റൺസും ബ്രോഡിന്റെ പേരിലുണ്ട്. ഒലി റോബിൻസനും ജോഷ് ടങ്ങും ഉൾപ്പെടെയുള്ളവരിലൂടെ ബ്രോഡ് എന്ന ബോളറുടെ കുറവു നികത്താൻ ഇംഗ്ലണ്ടിനു ചിലപ്പോൾ സാധിച്ചേക്കും. എന്നാൽ ഒൻപതാമനായോ പത്താമനായോ ഇറങ്ങി മത്സരത്തിന്റെ ഗതി തിരിക്കുന്ന ബ്രോഡ് എന്ന ബാറ്റർക്ക് പകരക്കാരനെ കണ്ടെത്തുക അവർക്ക് എളുപ്പമാകില്ല.
നാലാം ദിനം മഴ മുടക്കി; ഓസീസിന് ലക്ഷ്യം 384 റൺസ്
ലണ്ടൻ ∙ ആഷസ് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 384 റൺസ് വിജയലക്ഷ്യം. നാലാം ദിനം 9ന് 389 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 395 റൺസിനു പുറത്തായി. ടെസ്റ്റ് ക്രിക്കറ്റിലെ അവസാന ഇന്നിങ്സിന് ഇറങ്ങിയ സ്റ്റുവർട്ട് ബ്രോഡ് 8 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 135 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 69 റൺസുമായി ഉസ്മാൻ ഖവാജയും 58 റൺസുമായി ഡേവിഡ് വാർണറുമാണ് ക്രീസിൽ. മഴമൂലം രണ്ടാം സെഷൻ പകുതിയായപ്പോൾ കളി അവസാനിപ്പിക്കേണ്ടി വന്നു.
ഒരു ദിവസം കൂടി ശേഷിക്കെ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ ഇനി 249 റൺസ് കൂടി മതി. പരമ്പരയിൽ 2–1ന് മുന്നിൽ നിൽക്കുന്ന ഓസ്ട്രേലിയ ഇതിനോടകം ആഷസ് കിരീടം നിലനിർത്തിയിരുന്നു. പരമ്പര തോൽക്കാതിരിക്കാൻ അഞ്ചാം ടെസ്റ്റിലെ ജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്.
English Summary : England cricketer Stuart Broad ends career in cricket