55 പന്തിൽ 137 റൺസ്! മേജർ ലീഗ് ടൂർണമെന്റിൽ തകർത്തടിച്ച് നിക്കോളാസ് പുരാൻ
Mail This Article
ന്യൂയോർക്ക് ∙ യുഎസിൽ നടന്ന പ്രഥമ മേജർ ലീഗ് ട്വന്റി20 ടൂർണമെന്റിൽ തകർപ്പന്‍ പ്രകടനവുമായി എംഐ ന്യൂയോർക്കിന്റെ നിക്കോളാസ് പുരാൻ. ടൂർണമെന്റിന്റെ ഫൈനലിൽ സിയാറ്റിൽ ഓർക്കാസിനെതിരെയായിരുന്നു കാണികളെ ത്രസിപ്പിക്കുന്ന പ്രകടനവുമായി പുരാൻ കളംനിറഞ്ഞത്. 55 പന്തിൽ പുറത്താകാതെ 137 റൺസാണ് താരം അടിച്ചുകൂട്ടിയത്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഓർക്കാസ്, എംഐക്ക് മുന്നില്‍ 184 റൺസിന്റെ വിജയലക്ഷ്യമാണ് വച്ചത്. ഓർക്കാസിനായി ക്വിന്റൺ ഡികോക്ക് 87 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എംഐ പുരാന്റെ തകർപ്പൻ പ്രകടനത്തോടെ 16 ഓവറിൽ മത്സരം പൂർത്തിയാക്കി. ഏഴ് വിക്കറ്റിന് ജയിച്ച എംഐ കിരീടം സ്വന്തമാക്കി. 13 സിക്സും 10 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് പുരാന്റെ ഇന്നിങ്സ്. ഹർമീത് സിങ് എറിഞ്ഞ 16–ാം ഓവറിൽ തുടർച്ചയായ മൂന്ന് സിക്സറുൾപ്പെടെ 24 റണ്‍സാണ് പിറന്നത്.
ഇന്നിങ്സിന്റെ തുടക്കത്തിൽ അക്കൗണ്ട് തുറക്കും മുൻപ് വിക്കറ്റ് നഷ്ടമായ എംഐയെ പുരാൻ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എംഐയ്ക്ക് വേണ്ടി ട്രെൻഡ് ബോള്‍ട്ടും റാഷിദ് ഖാനും മൂന്നു വീതം വിക്കറ്റും നേടി. ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് എംഐ ന്യൂയോർക്ക്.
English Summary: Nicholas Pooran Breaks Internet With Match-Winning 55-Ball 137 In MLC Final