പഴയ പന്തുകൊണ്ട് എറിഞ്ഞു തോൽപിച്ചതോ? ആഷസ് പന്ത് വിവാദം അന്വേഷിക്കാൻ കമ്പനി
Mail This Article
ലണ്ടൻ ∙ ആഷസ് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ ‘ബോൾ മാറ്റൽ’ വിവാദം അന്വേഷിക്കുമെന്ന് ഡ്യൂക്സ് ക്രിക്കറ്റ് ബോൾ നിർമാണക്കമ്പനി ഉടമ ദിലീപ് ജജോദിയ. 5 വർഷത്തോളം പഴക്കമുള്ള പന്ത് മത്സരത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തണമെന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം ഉണ്ടാവുമെന്ന് ഡ്യൂക്സ് കമ്പനിയും അറിയിച്ചത്. ആഷസ് 5–ാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 384 റൺസായിരുന്നു ഓസ്ട്രേലിയയുടെ വിജയലക്ഷ്യം. വിക്കറ്റ് നഷ്ടപ്പെടാതെ 135 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഓസ്ട്രേലിയയുടെ ഇന്നിങ്സ് 49 റൺസ് പിന്നിൽ അവസാനിച്ചു.
അഞ്ചാം ദിനം ആദ്യ സെഷനിൽ ഇംഗ്ലിഷ് പേസർ മാർക്ക് വുഡിന്റെ പന്ത് ഓസീസ് ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയുടെ ഹെൽമറ്റിൽ കൊണ്ടിരുന്നു. ഇതോടെ പന്തിന്റെ ആകൃതിയിൽ ചെറിയ വ്യത്യാസം വന്നു. ഈ പന്ത് മാറ്റി മറ്റൊരു പന്തുമായി കളി തുടർന്നു. ‘പുതിയ’ പന്ത് കൂടുതൽ സ്വിങ് ചെയ്യുന്നതു ശ്രദ്ധയിൽപെട്ട ഖവാജ അംപയർമാരോട് സംശയം പ്രകടിപ്പിച്ചെങ്കിലും അതു കാര്യമാക്കിയില്ല. പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട ഓസ്ട്രേലിയ മത്സരം തോറ്റു. ഇതോടെയാണ് വിവാദങ്ങൾ ചൂടുപിടിച്ചത്.
പകരം ഉപയോഗിച്ച പന്ത് 5 വർഷമെങ്കിലും പഴക്കമുള്ളതാണെന്നും പന്തിൽ 2018–19 എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ആരോപണം. ഈ പരമ്പരയിൽ ഉപയോഗിക്കേണ്ട പന്തുകൾ സൂക്ഷിക്കുന്ന ബോക്സിൽ പഴയ പന്ത് അറിയാതെ വച്ചതായിരിക്കാമെന്നും ആഭ്യന്തര അന്വേഷണം നടത്തി എന്താണു സംഭവിച്ചതെന്ന് വ്യക്തത വരുത്തുമെന്നും ഡ്യൂക്സ് അധികൃതർ പറഞ്ഞു.
English Summary: Dukes Ball Company to investigate old ball controversy