കൃത്യസമയത്ത് ഉദിച്ചുയർന്ന വിജയ ‘സൂര്യ’ൻ, 44 പന്തിൽ 83; അടിച്ചത് 4 സിക്സും 10 ഫോറും
Mail This Article
പ്രോവിഡൻസ് ∙ ഏകദിന പരമ്പരയിലും ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും നിറംമങ്ങിയെങ്കിലും നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ‘വിജയസൂര്യൻ’ ഉദിച്ചുയർന്നു. പരമ്പര കൈവിട്ടുപോകാതിരിക്കാൻ ജയം അനിവാര്യമായ മൂന്നാം ട്വന്റി20യിൽ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് അർധ സെഞ്ചറിയുടെ (44 പന്തിൽ 83) ബലത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം.
സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 5ന് 159. ഇന്ത്യ 17.5 ഓവറിൽ 3ന് 164. സൂര്യകുമാർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. തോറ്റെങ്കിലും 5 മത്സര പരമ്പരയിൽ വിൻഡീസ് 2–1ന് മുന്നിലാണ്. 12ന് ഫ്ലോറിഡയിലാണ് അടുത്ത മത്സരം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിനായി ഒന്നാം വിക്കറ്റിൽ 7.3 ഓവറിൽ 55 റൺസ് കൂട്ടിച്ചേർത്ത് ബ്രണ്ടൻ കിങ്ങും (42) കൈൽ മെയേഴ്സും (25) മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ വിൻഡീസിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. 3 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കൂടുതൽ മികച്ചു നിന്നത്.
ഒരു ഘട്ടത്തിൽ 140നു താഴെ ഒതുങ്ങുമെന്നു കരുതിയ വിൻഡീസ് ടോട്ടൽ 150 കടക്കാൻ സഹായിച്ചത് അവസാന ഓവറുകളിൽ ക്യാപ്റ്റൻ റോവ്മാൻ പവൽ (19 പന്തിൽ 40 നോട്ടൗട്ട്) നടത്തിയ പ്രത്യാക്രമണമാണ്. മറുപടി ബാറ്റിങ്ങിൽ, രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന യശസ്വി ജയ്സ്വാളിനെ (1) ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്കു നഷ്ടമായി.
ശുഭ്മൻ ഗിൽ (6) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. എന്നാൽ ഒരു വശത്ത് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്ത സൂര്യ ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. 4 സിക്സും 10 ബൗണ്ടറിയും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിങ്സ്. 37 പന്തിൽ പുറത്താകാതെ 49 റൺസ് നേടിയ യുവതാരം തിലക് വർമ, സൂര്യയ്ക്ക് ഉറച്ച പിന്തുണ നൽകി.
English Summary: Suryakumar Yadav, Tilak Varma shine as India keep series alive with 7 wicket win