‘നന്ദിയുണ്ട് അർഷ്ദീപ്, ബ്രാണ്ടന്‍’: പന്തിടിച്ച് വയറ്റിൽ പരുക്ക്; ചിത്രം പങ്കുവച്ച് പുരാൻ
Mail This Article
ഫ്ലോറിഡ∙ ഇന്ത്യയ്ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനിടെ ശരീരത്തിലേറ്റ പരുക്കുകളുടെ ചിത്രം പങ്കുവച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന്റെ പന്തുകൊണ്ട് പുരാന്റെ വയറിനു സമീപത്താണു പരുക്കേറ്റത്. വിൻഡീസ് ബാറ്റർ ബ്രാണ്ടൻ കിങ് അടിച്ച പന്ത് കയ്യിൽ തട്ടിയും പുരാനു പരുക്കേറ്റിരുന്നു.
മത്സരത്തിനു ശേഷമാണ് ശരീരത്തിലെ പരുക്കിന്റെ പാടുകൾ പുരാൻ പുറത്തുവിട്ടത്. ബ്രാണ്ടൻ കിങ്ങിനും അർഷ്ദീപ് സിങ്ങിനും നന്ദി അറിയിക്കാനും പുരാൻ മറന്നില്ല. അഞ്ചാം ട്വന്റി20 വിജയിച്ച ശേഷം ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ പുരാൻ ഗ്രൗണ്ടിലെത്തിയിരുന്നില്ല. ബാറ്റിങ് പൂർത്തിയാക്കിയതിനു പിന്നാലെ താരം സ്റ്റേഡിയം വിട്ടുപോകുകയായിരുന്നു.
ഇന്ത്യയ്ക്കെതിരായ പരമ്പര 3–2ന് സ്വന്തമാക്കുന്നതിൽ വെസ്റ്റിൻഡീസ് ടീമിൽ ഏറ്റവും നിർണായകമായത് പുരാന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. അഞ്ച് ഇന്നിങ്സുകളിൽനിന്ന് 176 റൺസാണു താരം നേടിയത്. അഞ്ചാം ട്വന്റി20യിൽ 35 പന്തുകളിൽനിന്ന് 47 റൺസ് പുരാൻ സ്വന്തമാക്കി.
55 പന്തുകൾ നേരിട്ട് 85 റൺസെടുത്ത ഓപ്പണർ ബ്രാണ്ടൻ കിങ്ങാണ് അഞ്ചാം മത്സരത്തിൽ വിൻഡീസിന്റെ ടോപ് സ്കോറർ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു, 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വിജയ റൺസ് കുറിച്ചു.
English Summary: Hit by Arshdeep Singh's delivery, Nicholas Pooran shows off nasty bruises