ഏഷ്യാ കപ്പ് സമ്മർദം മറികടക്കണം, തീയിൽ നടന്ന് ബംഗ്ലദേശ് ക്രിക്കറ്റ് താരം- വിഡിയോ
Mail This Article
ധാക്ക∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള തയാറെടുപ്പിലാണ് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ യുവതാരം മുഹമ്മദ് നയീമും കളിക്കുന്നുണ്ട്. 23 വയസ്സു മാത്രം പ്രായമുള്ള ഓപ്പണിങ് ബാറ്റർ ഇപ്പോഴൊരു മൈൻഡ് ട്രെയിനറെ കൂടി പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഏഷ്യാ കപ്പിലെ കടുത്ത സമ്മർദങ്ങളെ മറികടക്കുക ലക്ഷ്യമിട്ട് മാനസികമായി കരുത്താർജിക്കാനാണു താരത്തിന്റെ ശ്രമം.
ഇതിനായി തീയിൽ കൂടി നടക്കുന്നതടക്കമുള്ള രീതികളാണു താരം പരീക്ഷിക്കുന്നത്. ഗ്രൗണ്ടിൽ തയാറാക്കിയ തീക്കനലിലൂടെ നടക്കുന്ന നയീമിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ട്രെയിനറുടെ നിർദേശ പ്രകാരം ബുദ്ധിമുട്ടുകളില്ലാതെയാണു താരം തീക്കനലിലൂടെ നടക്കുന്നത്. പിന്നീടു മറ്റുള്ളവർ താരത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബംഗ്ലദേശിനായി നാല് ഏകദിന മത്സരങ്ങളാണ് മുഹമ്മദ് നയീം കളിച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽനിന്നു നേടിയത് 10 റൺസ് മാത്രം.
ട്വന്റി20യിൽ താരം 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് അർധ സെഞ്ചറികളുൾപ്പെടെ 815 റൺസ് താരം സ്വന്തമാക്കി. ബംഗ്ലദേശിനായി 2020 ൽ അണ്ടർ 19 ലോകകപ്പ് വിജയിച്ച തൻസിദ് ഹസൻ തമീം, ഷമീം ഹുസൈൻ പട്‍വാരി എന്നിവരെ ഏഷ്യാകപ്പിനുള്ള ടീമിൽ ബംഗ്ലദേശ് ഉൾപ്പെടുത്തിയിട്ടുണ്ട്. തമീം ഇക്ബാൽ പരുക്കേറ്റു പുറത്തായതിനാലാണ് ഏകദിന ടീമിന്റെ ചുമതല ഷാക്കിബ് അൽ ഹസൻ ഏറ്റെടുത്തത്.
ഏഷ്യാ കപ്പിനുള്ള ബംഗ്ലദേശ് ടീം– ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റൻ), ലിറ്റൻ ദാസ്, തൻസിദ് ഹസൻ തമീം, നജ്മുൽ ഹുസൈൻ ഷാന്റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖർ റഹീം, മെഹ്ദി ഹസൻ മിറാസ്, ടസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഹസന്‍, മഹമൂദ്, മെഹ്ദി ഹസൻ, നസും അഹമ്മദ്, ഷമീം ഹുസൈൻ, അഫീഫ് ഹുസൈൻ, ഷൊരീഫുൾ ഇസ്‍ലാം, എബദത്ത് ഹുസൈൻ, മുഹമ്മദ് നയീം.
English Summary: Bangladesh cricketer Mohammed Naim firewalking with mind trainer