‘രോഹിത്തിന് വിരാട് കോലിയേക്കാള്‍ പ്രതിഭയുണ്ട്, പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ പരാജയം’
Mail This Article
ലഹോർ∙ ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ വിരാട് കോലിയെക്കാൾ പ്രതിഭയുള്ളയാളാണു രോഹിത് ശർമയെന്ന് പാക്കിസ്ഥാൻ മുൻ താരം ശുഐബ് അക്തർ. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ പരാജയമാണെന്നും അക്തർ അഭിപ്രായപ്പെട്ടു. ‘‘എം.എസ്. ധോണി മികച്ചൊരു ക്യാപ്റ്റനായിരുന്നു. ടീമിന്റെയാകെ സമ്മർദം ചുമലിലേറ്റിയാണ് അദ്ദേഹം നയിച്ചത്. രോഹിത് ശർമ ക്യാപ്റ്റനെന്ന നിലയിൽ വലിയ സമ്മർദത്തിലാണ്.’’– അക്തർ വ്യക്തമാക്കി.
‘‘രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കേണ്ട കാര്യമില്ലായിരുന്നു. ടീം സമ്മർദത്തിലായപ്പോൾ രോഹിത് എങ്ങനെയാണു പ്രതികരിച്ചത്? ഇത് രോഹിത് ശർമ സ്വയം ചോദിക്കേണ്ട കാര്യമാണ്. രോഹിത് ശർമയ്ക്ക് ഏകദിന ലോകകപ്പ് നേടാനുള്ള കഴിവുണ്ട്. ടീം മാനേജ്മെന്റും ഫാൻസും മികച്ച പിന്തുണയാണ് അദ്ദേഹത്തിനു നൽകുന്നത്. അതേസമയം ബാറ്ററെന്ന നിലയിൽ വിരാട് കോലി പോലും രോഹിത് ശർമയുടെ താഴെയാണ്.’’
‘‘രോഹിത്തിന്റെ ടൈമിങ്ങും ഷോട്ടുകളും അദ്ദേഹത്തെ ഒരു ക്ലാസിക് ബാറ്ററാക്കുന്നു. പക്ഷേ ക്യാപ്റ്റൻ സ്ഥാനം വേണമായിരുന്നോ എന്നതാണ് ഇവിടത്തെ ചോദ്യം.’’– അക്തര്‍ പറഞ്ഞു. ഇന്ത്യൻ ടീമിനായി ഒരു ഐസിസി ട്രോഫി വിജയിക്കാൻ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയ്ക്കു സാധിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ഇന്ത്യ തോറ്റപ്പോൾ രോഹിത് ശർമയ്ക്കു വൻ വിമർശനമാണു നേരിടേണ്ടിവന്നത്.
English Summary: Rohit Sharma is more talented than Virat Kohli: Shoaib Akhtar