കെ.എല്. രാഹുലിന്റെ വരവ് ലോകകപ്പിൽ ഗുണം ചെയ്യും; ടീം സന്തുലിതമാകുമെന്ന് അഗാർക്കർ
Mail This Article
പല്ലെക്കലെ ∙ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിന്റെ സാന്നിധ്യം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സന്തുലിതമാക്കുമെന്ന് ചീഫ് സിലക്ടർ അജിത് അഗാർക്കർ. രാഹുൽ തന്റെ ശാരീരികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പരിശീലന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് രാഹുൽ നടത്തിയത്. അവിടെ നടന്ന മത്സരങ്ങളിൽ അദ്ദേഹം 50 ഓവർ വിക്കറ്റ് കീപ്പിങ് ചെയ്തു. മികച്ച റെക്കോർഡുള്ള രാഹുലിന്റെ വരവ് ടീമിനു ഗുണം ചെയ്യുമെന്നും അഗാർക്കർ പറഞ്ഞു.
വിരാട് കോലി 2011 നോട്ടൗട്ട്
2011ലെ ഏകദിന ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന വിരാട് കോലി മാത്രമാണ് ഇത്തവണത്തെ ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്. എം.എസ്.ധോണിയുടെ നേതൃത്വത്തിൽ അന്ന് കപ്പുയർത്തിയ ടീമിലെ മറ്റു താരങ്ങളെല്ലാം ഇതിനോടകം വിരമിച്ചുകഴിഞ്ഞു. അന്ന് കോലി 9 മത്സരങ്ങളിൽ നിന്ന് 282 റൺസ് നേടി. 2015 ലോകകപ്പിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ കോലി, 2019 ലോകകപ്പിൽ ടീമിന്റെ നായകനുമായി.
രോഹിത്തിന്റെ ‘പ്രതികാരം’
‘ഞാൻ നിരാശനാണ്. പക്ഷേ, തിരിച്ചുവരും’– 2011 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനു പിന്നാലെ രോഹിത് ശർമ ട്വിറ്ററിൽ കുറിച്ചു. 12 വർഷത്തിനു ശേഷം ഇന്ത്യ വീണ്ടുമൊരു ലോകകപ്പിന് ആതിഥ്യം വഹിക്കുമ്പോൾ നായകസ്ഥാനം അലങ്കരിക്കുന്ന രോഹിത് ശർമയ്ക്ക് മധുര പ്രതികാരത്തിന്റെ നിമിഷം കൂടിയാണ്. 2007 ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ രോഹിത് ഉണ്ടായിരുന്നു. 2015 ടീമിൽ രോഹിത് ഓപ്പണറുടെ റോളിൽ ഇടംപിടിച്ചു. 2019 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനായി.
English Summary: Ajit Agarkar praise KL Rahul after world cup team announcement