യുവ ക്രിക്കറ്റ് താരത്തിന് ബൈക്കിൽ ‘ലിഫ്റ്റ്’ നൽകി, ഞെട്ടിച്ച് എം.എസ്. ധോണി- വിഡിയോ
Mail This Article
റാഞ്ചി∙ യുവക്രിക്കറ്റ് താരത്തിനു ബൈക്കിൽ ലിഫ്റ്റ് നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. ധോണിയുടെ സ്വന്തം നാടായ റാഞ്ചിയിലെ ഒരു ക്രിക്കറ്റ് താരത്തെയാണ് മോട്ടർ ബൈക്കിൽ കയറ്റി യാത്ര നടത്തി ധോണി ഞെട്ടിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ധോണിക്കൊപ്പം ഗ്രൗണ്ടിൽ നിൽക്കുന്നതും, പിന്നീടു ബൈക്കിൽ യാത്ര ചെയ്യുന്നതും യുവാവ് തന്നെയാണ് മൊബൈലിൽ പകർത്തിയത്.
ബൈക്കുകളുടെ വലിയ ശേഖരം തന്നെയുള്ള ധോണി, യമഹ ആര്‍ഡി 350 ബൈക്കിലാണ് യുവതാരത്തിന് ‘ലിഫ്റ്റ്’ നൽകിയത്. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചെങ്കിലും, ഇന്ത്യൻ പ്രീമീയർ ലീഗില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാണു ധോണി. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച്, ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ കിരീടം നേടിയിരുന്നു. അടുത്ത സീസണിലും ചെന്നൈയെ ധോണി തന്നെ നയിക്കുമെന്നാണു ആരാധകരുടെ പ്രതീക്ഷ.
ഐപിഎല്ലിനു വേണ്ടി ധോണി സ്ഥിരമായി ബാറ്റിങ് പരിശീലനവും നടത്തുന്നുണ്ട്. റാഞ്ചിയിലെ സ്റ്റേഡിയത്തിലെത്തിയാണു ധോണിയുടെ പരിശീലനം. റാഞ്ചിയിലെ സ്വന്തം ഫാം ഹൗസിലാണു ധോണി കുടുംബത്തോടൊപ്പം ഇപ്പോൾ താമസിക്കുന്നത്. കുറച്ചു ദിവസങ്ങളായി യുഎസ് ടൂറിലായിരുന്ന ധോണി കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഗോൾഫ് കളിക്കുന്ന ധോണിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
English Summary: MS Dhoni Wins’ Hearts Again, Gives Lift To Young Cricketer On His Bike