ലോകകപ്പിനു മുന്പ് മുഹമ്മദ് ഷമിക്ക് ആശ്വാസം, ഹസിന്റെ ഗാർഹിക പീഡന പരാതിയിൽ ജാമ്യം
Mail This Article
കൊൽക്കത്ത∙ ഭാര്യ ഹസിൻ ജഹാന്‍ നൽകിയ ഗാർഹിക പീഡനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു ജാമ്യം. ഷമിയും സഹോദരൻ മുഹമ്മദ് ഹസീബും കൊൽക്കത്ത കോടതിയിൽ നേരിട്ട് ഹാജരായാണു ജാമ്യമെടുത്തത്. 2018 മാർച്ചിലാണ് ഹസിൻ ജഹാൻ ഷമിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗാർഹിക പീഡനക്കേസ് ഫയൽ ചെയ്തത്. ഷമിക്കു വിവാഹേതര ബന്ധങ്ങളുണ്ടെന്നും, താരം ഉപദ്രവിച്ചെന്നും ഹസിന്റെ പരാതിയിലുണ്ടായിരുന്നു. ഷമിയെയും സഹോദരനെയും ചോദ്യം ചെയ്ത പൊലീസ് അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.
എന്നാൽ ഷമിയും സഹോദരനും മേൽക്കോടതിയെ സമീപിച്ച് അറസ്റ്റിനു സ്റ്റേ വാങ്ങി. കൊൽക്കത്ത ഹൈക്കോടതിയും താരത്തിന്റെ അറസ്റ്റിന് സ്റ്റേ നൽകി. ഹസിൻ ജഹാൻ സുപ്രീം കോടതിയിൽ പോയെങ്കിലും കീഴ്ക്കോടതിയെ സമീപിക്കാനായിരുന്നു നിർദേശം. ഹസിന്‍ ജഹാന്റെ പരാതിയിൽ, ഷമി 1,30000 രൂപ ജീവനാംശമായി നൽകണമെന്നും കോടതി ഉത്തരവിട്ടു.
2014ലാണ് ഷമിയും ഹസിൻ ജഹാനും വിവാഹിതരായത്. 2018ൽ ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന ആരോപണവുമായി ഹസിൻ ജഹാൻ രംഗത്തെത്തി. ഷമിക്ക് ലൈംഗിക തൊഴിലാളികളുമായി ബന്ധമുണ്ടെന്നും, ക്രിക്കറ്റ് പര്യടനത്തിനിടെ ബിസിസിഐ അനുവദിച്ച മുറിയിലാണ് ഇതെല്ലാം നടന്നതെന്നും ഹസിൻ ജഹാൻ ആരോപിച്ചു. ഷമി കോഴ വാങ്ങാൻ ശ്രമിച്ചതായും ഹസിൻ ആരോപണം ഉന്നയിച്ചിരുന്നു. ഏഷ്യാ കപ്പിനു ശേഷം ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് ഷമി.
English Summary: Mohammed Shami gets bail in domestic violence case