ഒരു കളിക്കാരനും സഞ്ജുവിന്റെ അവസ്ഥ ആഗ്രഹിക്കില്ല: പിന്തുണച്ച് മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. രാജ്യത്തെ ഒരു കളിക്കാരനും സഞ്ജുവിന്റെ അവസ്ഥ ആഗ്രഹിക്കില്ലെന്ന് ഉത്തപ്പ പ്രതികരിച്ചു. ‘‘ടീമിലുണ്ടെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടില്ലെന്ന ന്യായീകരണമായിരിക്കും അവർ പറയുക. എന്നാൽ ടീമിൽ പോലുമില്ലാത്തതു ശരിക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്.’’– റോബിൻ ഉത്തപ്പ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) വ്യക്തമാക്കി.
സഞ്ജുവിനെ പിന്തുണച്ച് ഇർഫാൻ പഠാനും രംഗത്തെത്തിയിരുന്നു. സഞ്ജുവിന്റെ സ്ഥാനത്തു താനായിരുന്നെങ്കിൽ വളരെയേറെ നിരാശ തോന്നുമായിരുന്നു എന്നാണ് ഇർഫാന്റെ പ്രതികരണം. നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ ഇടം നേടാനും സഞ്ജുവിനു സാധിച്ചിരുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരെ 21നാണ് മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്.
സ്പിന്നർ ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി. മൂന്നാം ഏകദിനത്തിൽ രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുണ്ടാകും. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ അക്ഷർ പട്ടേലിനെ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിറംമങ്ങിയ ബാറ്റർ സൂര്യകുമാർ യാദവിനെയും ടീമിൽ നിലനിർത്തി. ഋതുരാജ് ഗെയ്‍ക്‌വാദ്, തിലക് വർമ എന്നിവരെ ഉൾപ്പെടുത്തിയാണ് ബിസിസിഐ ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചത്. മുന്നോട്ടു പോകാനാണു തന്റെ തീരുമാനമെന്ന് സഞ്ജു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
English Summary: Robin Uthappa sympathises with Sanju Samson after exclusion from India squad