ADVERTISEMENT

ഇൻഡോര്‍∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ട്വന്റി20 സ്റ്റൈലിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. രണ്ടാം മത്സരത്തിൽ 37 പന്തുകളിൽനിന്ന് 72 റൺസെടുത്ത താരം പുറത്താകാതെനിന്നു. ട്വന്റി20യിൽ സൂപ്പർ താരമായി വളരുമ്പോഴും ഏകദിന ക്രിക്കറ്റിൽ താരം നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. എന്നാൽ താരത്തെ ശക്തമായി പിന്തുണച്ച ബിസിസിഐ, സൂര്യകുമാർ യാദവിനെ ഏകദിന ലോകകപ്പിനുള്ള ടീമിലും ഉൾപ്പെടുത്തി. ഓസ്ട്രേലിയയ്ക്കെതിരായ താരത്തിന്റെ ഗംഭീര പ്രകടനത്തോടെ ആരാധകരുടെ വിമർശനവും അടങ്ങി.

മത്സരത്തിനിടെ 43–ാം ഓവറിൽ തുടര്‍ച്ചയായി നാലു സിക്സുകളാണു താരം പറത്തിയത്. പന്തെറിഞ്ഞ കാമറൂൺ ഗ്രീൻ മുംബൈ ഇന്ത്യൻസിൽ സൂര്യയുടെ സഹതാരമാണ്. അതിന്റെ യാതൊരു ഇളവും കാട്ടാതിരുന്ന ഇന്ത്യൻ താരം ഓവറിലെ ആദ്യ പന്ത് തന്റെ ട്രേഡ്മാർക്ക് ഷോട്ടിലൂടെ സ്ക്വയർ ലെഗിലൂടെ സിക്സര്‍ പറത്തുകയായിരുന്നു. രണ്ടാം പന്തും ഇതേ രീതിയിൽ ഫൈൻ ലെഗിലൂടെ സിക്സറായി.

മൂന്നാം പന്ത് ഡ‍ീപ് എക്സ്ട്രാ കവറിനു മുകളിലൂടെയാണ് സിക്സ് പറന്നത്. നാലാം പന്ത് കാമറൂൺ ഗ്രീൻ ഫുൾ ലെങ്തായി എറിഞ്ഞതോടെ ഡീപ് മി‍ഡ്‍വിക്കറ്റിനു മുകളിലൂടെ പന്തു ബൗണ്ടറിയിലെത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 399 റൺസാണു നേടിയത്. ശുഭ്മൻ ഗില്ലും (97 പന്തിൽ 104), ശ്രേയസ് അയ്യരും (90 പന്തിൽ 105) സെഞ്ചറി നേടി. ക്യാപ്റ്റൻ കെ.എൽ. രാഹുൽ (38 പന്തിൽ 52) അർധ സെഞ്ചറിയുമായി ടീമിനു കരുത്തേകി.

‍മഴ പെയ്തതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനർനിർണയിച്ചിരുന്നു. എന്നാൽ 28.2 ഓവറിൽ 217 റൺസെടുക്കാനേ ഓസ്ട്രേലിയയ്ക്കു സാധിച്ചുള്ളൂ. ജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരം മറ്റന്നാൾ രാജ്കോട്ടിൽ നടക്കും. ആദ്യ കളി ഇന്ത്യ അഞ്ചു വിക്കറ്റിനു വിജയിച്ചിരുന്നു.

English Summary: Suryakumar Yadav's Explosive Batting Against Cameron Green Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com