ADVERTISEMENT

ലഹോര്‍∙ നിയമങ്ങൾ പാലിക്കാതെ വണ്ടിയോടിച്ചതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ നടപടി. ഡ്രൈവിങ് ലൈസൻസ് കൈവശം സൂക്ഷിക്കാതെ വാഹനം ഓടിച്ചതിനാണു ഗതാഗത വകുപ്പ് അധികൃതർ ബാബറിനെ ശിക്ഷിച്ചത്. സെപ്റ്റംബർ 17ന് ലഹോറിലെ ഗുൽബർഗിൽ വാഹനമോടിച്ച് പോകുന്നതിനിടെയാണ് ബാബറിനെ ഉദ്യോഗസ്ഥർ തടഞ്ഞത്. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് വാഹനം നിർത്തിക്കുകയായിരുന്നു.

താരത്തിന്റെ പക്കൽ ഡ്രൈവിങ് ലൈസൻസും ഇല്ലായിരുന്നു. ഇതോടെ 2000 പാക്കിസ്ഥാനി രൂപ (ഇന്ത്യൻ രൂപയിൽ ഏകദേശം 570 രൂപ) പിഴയായി അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഏകദിന ലോകകപ്പിനായി പാക്കിസ്ഥാൻ ടീം ഇന്ത്യയിലേക്കു പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് ബാബറിനെതിരായ നടപടി. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പാക്കിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യ കഴിഞ്ഞ ദിവസം വീസ അനുവദിച്ചിരുന്നു.

ഇന്നലെ രാത്രിയാണ് വീസ അനുവദിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചത്. വീസ നടപടികൾ നീണ്ടുപോകുന്നതിനെതിരെ കഴിഞ്ഞ ദിവസം ഐസിസിക്കു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പരാതി നൽകിയിരുന്നു. ഒരു ടീമിന്റെ വീസ നടപടികൾ മാത്രം വൈകിപ്പിക്കുന്നത് മനഃപൂർവമാണെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം പാലിക്കേണ്ട മര്യാദകൾ ഇന്ത്യ ലംഘിക്കുകയാണെന്നും പിസിബി ആരോപിച്ചിരുന്നു. 

29ന് ന്യൂസീലൻഡിനെതിരെ ഹൈദരാബാദിലാണ് പാക്കിസ്ഥാന്റെ ആദ്യ സന്നാഹ മത്സരം. ബുധനാഴ്ച പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്കു തിരിക്കും. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഫൈനലിലെത്താൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. സൂപ്പർ ഫോറിൽ ഇന്ത്യയോടും ശ്രീലങ്കയോടും തോറ്റ് പാക്കിസ്ഥാന്‍ പുറത്താകുകയായിരുന്നു.

English Summary: Babar Azam was slapped with a fine from the traffic authorities in Lahore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com