9 പന്തിൽ 50 ! യുവരാജിന്റെ റെക്കോർഡ് വീണു, നേപ്പാളിന് 273 റൺസ് വിജയം; റെക്കോർഡ് മഴ
Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ റെക്കോർഡുകളുടെ പെരുമഴ തീർത്ത് നേപ്പാൾ. മംഗോളിയയ്ക്കെതിരെ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേപ്പാളിന്റേത്. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 314 റൺസ്. ട്വന്റി20യിൽ ഒരു ടീം 300ന് മുകളിൽ സ്കോര്‍ ചെയ്യുന്നത് ആദ്യ സംഭവമാണ്. അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയ മൂന്നിന് 278 എന്ന റെക്കോർഡാണ് നേപ്പാൾ തകർത്തത്.
മംഗോളിയ ബോളർമാരെ കാഴ്ചക്കാരാക്കിയായിരുന്നു നേപ്പാളിന്റെ ബാറ്റിങ്. ദീപേന്ദ്ര സിങ് എയ്‍രി ട്വന്റി20യിലെ അതിവേഗ അർധ സെഞ്ചറി സ്വന്തം പേരിലാക്കി. ഒൻപതു പന്തുകളിൽനിന്നാണ് ദീപേന്ദ്ര അർധ സെഞ്ചറി പൂർത്തിയാക്കിയത്. 2007 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തുകളിൽ അർധ സെഞ്ചറി നേടിയ യുവരാജ് സിങ്ങിനെയാണ് ദീപേന്ദ്ര പിന്തള്ളിയത്. ദീപേന്ദ്ര സിങ് ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റും സ്വന്തം പേരിലാക്കി. 520.00 ആണ് ദീപേന്ദ്രയുടെ സ്ട്രൈക്ക് റേറ്റ്. 10 പന്തുകൾ മാത്രം നേരിട്ട താരം പുറത്താകാതെ 52 റൺസെടുത്തു.
34 പന്തുകളിൽനിന്ന് കുശാൽ മല്ല സെഞ്ചറി തികച്ചു . 35 പന്തുകളിൽ സെഞ്ചറി പൂർത്തിയാക്കിയ ഇന്ത്യയുടെ രോഹിത് ശർമ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ എന്നിവരുടെ റെക്കോർഡുകൾ ഇതോടെ പഴങ്കഥയായി. 50 പന്തുകളിൽനിന്ന് പുറത്താകാതെ മല്ല നേടിയത് 137 റണ്‍സ്. 12 സിക്സുകളും എട്ടു ഫോറുകളുമാണ് മല്ല ബൗണ്ടറി കടത്തിയത്.
നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ 27 പന്തിൽ 61 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മംഗോളിയ 13.1 ഓവറിൽ 41 റൺസെടുത്തു പുറത്തായി. നേപ്പാളിന്റെ വിജയം 273 റൺസിന്. റൺസ് അടിസ്ഥാനത്തിൽ ട്വന്റി20യിലെ ഏറ്റവും വലിയ വിജയമാണിത്.
English Summary: Nepal thrash Mangolia in Asian Games cricket