അടിയോടടി! നേപ്പാൾ തകർത്ത അഞ്ച് റെക്കോർഡുകൾ, അരങ്ങേറ്റത്തിൽ തളർന്ന് മംഗോളിയ
Mail This Article
ഹാങ്ചോ ∙ ഏഷ്യൻ ഗെയിംസിനു പേരു കൊടുക്കേണ്ടിയിരുന്നില്ല എന്ന് മംഗോളിയൻ ക്രിക്കറ്റ് ടീമിനു തോന്നിക്കാണും! ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി20 ക്രിക്കറ്റിൽ നേപ്പാൾ അവരെ തോൽപിച്ചു വിട്ടത് 273 റൺസിന്; മത്സരത്തിൽ തിരുത്തപ്പെട്ടത് 5 ലോക റെക്കോർഡുകൾ! രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും ഉയർന്ന ടീം സ്കോർ, റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ ജയം, ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സുകൾ, ഏറ്റവും കുറഞ്ഞ പന്തുകളിലുള്ള അർധ സെഞ്ചറി, സെഞ്ചറി എന്ന റെക്കോർഡുകളാണ് നേപ്പാൾ താരങ്ങൾ ‘അടിച്ചു തകർത്തത്’.
മംഗോളിയൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര ട്വന്റി20 അരങ്ങേറ്റമായിരുന്നു ഇത്. ഹാങ്ചോയിലെ ഷെ ജിയാങ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ക്രിക്കറ്റ് ഫീൽഡിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ 26 സിക്സുകൾ സഹിതം കുറിച്ചത് 314 റൺസ്. 2019ൽ അഫ്ഗാനിസ്ഥാൻ അയർലൻഡിനെതിരെയും ചെക്ക് റിപ്പബ്ലിക് തുർക്കിക്കെതിരെയും കുറിച്ച 278 റൺസാണ് മുൻ റെക്കോർഡ്.
9 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ നേപ്പാളിന്റെ അഞ്ചാം നമ്പർ ബാറ്റർ ദീപേന്ദ്ര സിങ് അയ്റീ (10 പന്തിൽ 52 നോട്ടൗട്ട്) തിരുത്തിയത് ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ റെക്കോർഡ്. 2007 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിലാണ് യുവരാജ് 50 തികച്ചത്. 34 പന്തിൽ സെഞ്ചറിയിലെത്തിയ വൺഡൗൺ ബാറ്റർ കുശാൽ മല്ല (50 പന്തിൽ 137 നോട്ടൗട്ട്) മറികടന്നത് ഇന്ത്യൻ താരം രോഹിത് ശർമയെയും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെയും. 35 പന്തിലാണ് രോഹിത്തും മില്ലറും സെഞ്ചറിയിലെത്തിയത്.
അടികൊണ്ടു വശംകെട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ മംഗോളിയ 13.1 ഓവറിൽ 41 റൺസിനു പുറത്തായി. ഇതിൽ 23 റൺസും എക്സ്ട്രാസിലൂടെയായിരുന്നു. 5 പേർ പൂജ്യത്തിനു പുറത്തായി. 9 ടീമുകളെ 3 ടീമുകളായി തിരിച്ചാണ് ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ടം. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും ഇന്ത്യയുൾപ്പെടെയുള്ള 5 ടീമുകളുമാണ് നോക്കൗട്ടിൽ മത്സരിക്കുക.
English Summary: Nepal break five records in Asian Games cricket