ADVERTISEMENT

കൊച്ചി∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടാതിരുന്നത് ആരാധകർക്ക് ഏറെ നിരാശയായിരുന്നു. ലോകകപ്പിനു തൊട്ടുമുൻപു നടന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കും അവസരം ലഭിക്കാതിരുന്നതോടെ സമൂഹമാധ്യമത്തിലെ ചില പോസ്റ്റുകളിലൂടെ സഞ്ജു തന്നെ അതൃപ്തി പരോക്ഷമായി അറിയിക്കുകയും ചെയ്തു. എന്തുതന്നെയായാലും താരം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്റ്റോറിയായി സഞ്ജു പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറൽ. ഒന്ന് നടൻ ജയസൂര്യ‌യ്ക്കൊപ്പമുള്ള ചിത്രമാണ്. കൊച്ചിയിലെ ജിമ്മിൽവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ‘കത്തനാർ ജിമ്മിൽ’ എന്ന കുറിപ്പോടെയാണ് ജയസൂര്യയ്ക്കൊപ്പമുള്ള ചിത്രം സഞ്ജു പങ്കുവച്ചത്. ജയസൂര്യയുടെ പുതിയ ചിത്രമായ ‘കത്തനാർ‌’ അടുത്തവർഷമാണ് തിയറ്ററുകളിലെത്തുന്നത്. ‘സഞ്ജു, ദ് സൂപ്പർസ്റ്റാർ’ എന്ന കുറിപ്പോടെ ജയസൂര്യയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഷദബ് ഖാനൊപ്പമുള്ളതാണ് സഞ്ജു സാംസൺ പങ്കുവച്ച മറ്റൊരു ചിത്രം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയായ ഡിപി വേള്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. ഏകദിന ലോകകപ്പ് ട്രോഫിയും ഓഫിസിൽ പ്രദര്‍ശിപ്പിച്ചു. ഇരുതാരങ്ങളും കമ്പനിയിലെ ജീവനക്കാരുമായി സമയം പങ്കുവച്ചു.

‘‘ഐസിസി ഏകദിന ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ, ഞങ്ങളുടെ ഓഫിസുകളില്‍ ഔദ്യോഗിക ട്രോഫി പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഞങ്ങളുടെ ജീവനക്കാര്‍ക്ക് പാക്കിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ ഷദബ് ഖാന്‍, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ - ബാറ്റർ സഞ്ജു സാംസണ്‍ എന്നിവരെ കാണാനുള്ള അവസരവും ലഭിച്ചു. ഞങ്ങളുടെ സ്റ്റാഫില്‍ ചിലര്‍ക്ക് ഈ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഏറെ നേരം ഇടപഴകാനും കഴിഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശത്തില്‍ കമ്പനിയും ചേരുന്നു.’’– ഡിപി വേള്‍ഡിന്റെ കുറിപ്പ് ഇങ്ങനെ. ഏഷ്യാ കപ്പിനുള്ള ടീമില്‍ റിസർവ് താരമായിരുന്ന സഞ്ജു, ഇതിനുശേഷം യുഎഇയിലേക്ക് പോയിരുന്നു. അപ്പോള്‍ എടുത്ത ചിത്രമാണ് ഇതെന്നാണ് വിവരം.

English Summary: Sanju Samson With Jayasurya and Shadab Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com