‘തിരുവനന്തപുരം’ പറയാൻ പാടുപെട്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ; ട്രോളുമായി തരൂരും– വിഡിയോ
Mail This Article
തിരുവനന്തപുരം∙ ഏകദിന ലോകകപ്പിനായി ക്രിക്കറ്റ് ടീമുകളെല്ലാം ഇന്ത്യയിലെത്തി കഴിഞ്ഞു. സന്നാഹ മത്സരങ്ങൾ പല വേദികളിലായി നടക്കുന്നുമുണ്ട്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് സന്നാഹ മത്സരങ്ങളുടെ ഒരു വേദിയെങ്കിലും ഇതുവരെ ഒരു മത്സരം പോലും നടന്നിട്ടില്ല. മഴയെ തുടർന്നു ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ മത്സരവും ഓസ്ട്രേലിയ– നെതർലൻഡസ് മത്സരവും ഉപേക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന ന്യൂസിലൻഡ്– ദക്ഷിണാഫ്രിക്ക, ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ–നെതർലൻഡ്സ് മത്സരങ്ങൾക്കും മഴ ഭീഷണിയുണ്ട്.
തിരുവനന്തപുരത്തെ മഴക്കളിക്കിടയിൽ ഡ്രസിങ് റൂമിൽ താരങ്ങളുടെ മറ്റു നേരംപോക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദക്ഷിണാഫ്രിക്കൻ താരങ്ങൾ ‘തിരുവനന്തപുരം’ എന്നു പറയാൻ പാടുപെടുന്നതിന്റെ വിഡിയോ മലയാളികൾ ഉൾപ്പെടെ ഏറ്റെടുത്തു. തിരുവനന്തപുരം എംപിയായ ശശി തരൂരും ഈ വിഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. ‘‘ദക്ഷിണാഫ്രിക്കൻ താരങ്ങൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു! എന്നാൽ അവർ എവിടെയാണെന്ന് ആരോടെങ്കിലും പറയാൻ സാധിക്കുമോ?’’– തരൂർ വിഡിയോയ്‌ക്കൊപ്പം എക്‌സിൽ എഴുതി.
മിക്ക ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളും ഉച്ചാരണം ശരിയാക്കാൻ പാടുപെടുകയും ചിരി പടർത്തുന്ന പല വാക്കുകളും പറയുന്നതും വിഡിയോയിൽ കാണാം. കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എൻഗിഡി എന്നിവർക്ക് പേര് കൃത്യമായി പറയാൻ കഴിഞ്ഞു. ഹെൻറിച്ച് ക്ലാസൻ ഒന്നിലധികം തവണ ശ്രമിച്ചെങ്കിലും ശരിയായി ഉച്ചരിക്കുന്നതിൽ പരാജയപ്പെട്ടു. ഒടുവിൽ സ്ഥലത്തിന്റെ പഴയ പേരായ ട്രിവാൻഡ്രം എന്നു പറഞ്ഞു സമാധാനിച്ചു.
English Summary: South Africa Cricketers Struggle To Say 'Thiruvananthapuram'. Shashi Tharoor Reacts