എല്ലാ ദിവസവും ബിരിയാണി കഴിക്കും: മെല്ലെപ്പോക്കിന് കാരണം കണ്ടെത്തി പാക്ക് താരം
Mail This Article
ഹൈദരാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മോശം ഫീൽഡിങ്ങിനു കാരണം ഹൈദരാബാദി ബിരിയാണിയാണെന്ന് പാക്ക് താരം ശതബ് ഖാൻ. സന്നാഹ മത്സരങ്ങൾ രണ്ടും തോറ്റ പാക്കിസ്ഥാന്റെ, ഫീൽഡിങ്ങിനെതിരെ വന്‍ വിമർശനമുയർന്നിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം മത്സരത്തിൽ മോശം ഫീൽഡിങ്ങിലൂടെ പാക്കിസ്ഥാൻ വളരെയേറെ റണ്‍സും വഴങ്ങി. ബാബർ അസമിന്റെ അഭാവത്തിൽ ശതാബ് ഖാനായിരുന്നു ഓസീസിനെതിരെ പാക്കിസ്ഥാനെ നയിച്ചത്.
പാക്കിസ്ഥാൻ ടീം ഹൈദരാബാദിൽ എത്തിയതിനു ശേഷം താരങ്ങൾ എല്ലാ ദിവസവും ഹൈദരാബാദി ബിരിയാണി കഴിക്കുന്നുണ്ടെന്നാണു ശതാബിന്റെ പ്രതികരണം. ‘‘ഞങ്ങൾ എല്ലാ ദിവസവും അതു കഴിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഫീൽഡിങ്ങിൽ ഞങ്ങൾ കുറച്ചു മന്ദഗതിയിലാകുന്നത്.’’– ഒരു ചോദ്യത്തിനു മറുപടിയായി ശതാബ് ഖാൻ പറഞ്ഞു. ചിരിച്ചുകൊണ്ടാണ് പാക്ക് താരം ഇക്കാര്യം പറഞ്ഞതെങ്കിലും പാക്കിസ്ഥാൻ ടീമിന്റെ ആരാധകർക്ക് അതു രസിച്ചിട്ടില്ല.
ശതാബ് ഖാനുൾപ്പെടെ പാക്കിസ്ഥാൻ ടീമിലെ ഭൂരിഭാഗം താരങ്ങളും ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെ ദിവസങ്ങൾ പാക്ക് താരങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ശതാബ് ഖാൻ വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സന്നാഹ മത്സരങ്ങൾ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘‘ഈ മത്സരഫലങ്ങൾ പ്രധാനമല്ല. പോസിറ്റീവായ ഒരുപാട് കാര്യങ്ങള്‍ ഇവിടെനിന്നു ലഭിച്ചു. ലോകകപ്പിനായുള്ള പ്ലേയിങ് ഇലവനെ കണ്ടെത്തിക്കഴിഞ്ഞു. ബെഞ്ചിന്റെ കരുത്തുകൂടി പരീക്ഷിക്കുകയാണ്. ഹൈദരാബാദിൽ കളിച്ചുള്ള അനുഭവങ്ങൾ കൂടി സന്നാഹ മത്സരങ്ങളിൽനിന്നു ലഭിച്ചു.’’– ശതാബ് ഖാൻ പറഞ്ഞു. വെള്ളിയാഴ്ച നെതർലൻഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.
English Summary: Shadab Khan blames biryani for Pakistan's poor fielding