ADVERTISEMENT

മുംബൈ∙ ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വൻ തിരിച്ചടി. ഓപ്പണർ ശുഭ്മന്‍ ഗില്ലിനു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഞായറാഴ്ച ചെന്നൈയിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ‌ ഗിൽ കളിക്കാൻ സാധ്യതയില്ല. ഓപ്പണറായി ക്യാപ്റ്റൻ രോഹിത് ശർമയോടൊപ്പം ഇഷാൻ കിഷൻ ഇറങ്ങാനാണു സാധ്യത. മികച്ച ഫോമിലുള്ള ഗിൽ, വ്യാഴാഴ്ച ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു.

പോസിറ്റീവ് ആയതിനെ തുടർന്ന് ഗിൽ ചികിത്സയിലാണ്. താരത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തും. ശുഭ്മൻ ഗിൽ ഈ വർഷം ആദ്യം ന്യൂസീലൻഡിനെതിരെ ഡബിൾ സെഞ്ചറി നേടിയിരുന്നു. സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചതോടെ താരം ടീമില്‍ ഇടം ഉറപ്പിച്ചു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ 890 റൺസുമായി റൺവേട്ടയിൽ താരം മുന്നിലെത്തിയിരുന്നു.

302 റൺസുമായി ശ്രീലങ്കയിൽ നടന്ന ഏഷ്യാകപ്പിലും തിളങ്ങി. 104, 74, 27, 121, 19, 58, 67 എന്നിങ്ങനെയാണു താരത്തിന്റെ അവസാന ഇന്നിങ്സുകളിലെ സ്കോറുകൾ. ഇഷാൻ കിഷൻ ഇറങ്ങിയില്ലെങ്കിൽ, കെ.എൽ. രാഹുലിനെ ഓപ്പണിങ്ങിൽ ഇറക്കുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നുണ്ട്. ജസ്പ്രീത് ബുമ്ര, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ പരുക്ക് ഭേദമായ ശേഷമാണ് ലോകകപ്പിനായി ടീമിൽ ചേർന്നത്. ഏഷ്യാകപ്പിനിടെ അക്ഷർ പട്ടേലിനു പരുക്കേറ്റതോടെ, വെറ്ററൻ സ്പിന്നർ ആര്‍. അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി.

English Summary:

Shubman Gill tests positive for dengue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com