‘ഈ സെഞ്ചറി ഗാസയിലെ സഹോദരങ്ങൾക്ക്’: ശ്രീലങ്കയ്ക്കെതിരായ വിജയത്തിനു പിന്നാലെ റിസ്‌വാൻ
Mail This Article
ഹൈദരാബാദ് ∙ ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. റെക്കോർഡ് ചേസിങ്ങിൽ പാക്ക് ബാറ്റർ മുഹമ്മദ് റിസ്‌വാന്റെ അപരാജിത സെഞ്ചറി നിർണായകമായി. ഇടയ്ക്ക് ശക്തമായ പേശീവലിവ് ഉണ്ടായെങ്കിലും താരം ബാറ്റിങ് തുടർന്നു. ജയത്തോടെ പാക്കിസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
ഇതിനിടെ തന്റെ സെഞ്ചറി ഗാസയിലെ സഹോദരങ്ങൾക്കായി സമർപ്പിക്കുവെന്ന റിസ്‌വാന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ‘ഇത് ഗാസയിലെ നമ്മുടെ സഹോദരങ്ങൾക്കു വേണ്ടിയാണ്. വിജയത്തിൽ പങ്കുവഹിക്കാനായതിൽ സന്തോഷമുണ്ട്. മുഴുവൻ ടീമും പ്രസംശയർഹിക്കുന്നു. അബ്ദുല്ല ഷഫീഖും ഹസൻ അലിയും ജയം എളുപ്പമാക്കി. മികച്ച പിന്തുണ നൽകിയ ഹൈദരാബാദിലെ കാണികൾക്ക് നന്ദി’ –റിസ്‌വാൻ എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 2ന് 37 എന്നനിലയിൽ തകർച്ചയുടെ വക്കിലെത്തിയ പാക്കിസ്ഥാനെ ഷഫീഖും റിസ്‌വാനും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്നാംവിക്കറ്റിൽ 176 റൺസിന്റെ പാർട്നർഷിപ്പ് സൃഷ്ടിച്ചു. ഷഫീഖ് 113 റൺസ് നേടി പുറത്തായപ്പോൾ റിസ്‌വാൻ 131 റൺസുമായി പുറത്താകാതെനിന്നു.