കളിക്കാർ മാത്രമല്ല, രഘു രാഘവേന്ദ്രയും ഇന്ത്യൻ ടീമിലെ സൂപ്പർ താരമാണ്!
Mail This Article
ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി ഒരു ട്രോഫി ഉയർത്തുക– രഘു രാഘവേന്ദ്ര സ്വപ്നത്തിൽ പോലും കാണാത്ത കാര്യമാണത്. എന്നാൽ കഴിഞ്ഞ മാസം അതു സംഭവിച്ചു. കൊളംബോയിൽ ഏഷ്യ കപ്പ് ജേതാക്കളായതിനു ശേഷം ട്രോഫി ഏറ്റു വാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അതു നേരെ നൽകിയത് രഘുവിന്റെ കൈകളിലേക്കാണ്. ശേഷം രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെല്ലാം ചുറ്റും നിന്നു. രഘു അഭിമാനത്തോടെ ട്രോഫി ആകാശത്തേക്കുയർത്തി. അതോടെ എല്ലാവരും അന്വേഷിച്ചു തുടങ്ങി. ആരാണ് രഘു രാഘവേന്ദ്ര? എന്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ട്രോഫി അദ്ദേഹത്തിന്റെ കൈകളിലേക്കു നൽകിയത്?
ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. കർണാടകക്കാരനായ രഘു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ത്രോഡൗൺ സ്പെഷലിസ്റ്റുകളിലൊരാളാണ്. നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യൻ ബാറ്റർമാർക്കു വലിയൊരു സ്പൂണിനു സമാനമായ റോബോ ആം എന്ന ഉപകരണം ഉപയോഗിച്ച് പന്തെറിഞ്ഞു കൊടുക്കുകയാണ് ജോലി. കൈ കൊണ്ടു പന്തെറിയുന്നതിനെക്കാൾ വൈദഗ്ധ്യം വേണ്ട കാര്യം.
ഇന്ത്യൻ ടീമിനൊപ്പമുള്ള മൂന്ന് ത്രോഡൗൺ സ്പെഷലിസ്റ്റുകളിൽ ഒരാളാണ് രഘു. ശ്രീലങ്കക്കാരൻ നുവാൻ സെനവിരത്‌നെ, ഇന്ത്യക്കാരൻ ദയാനന്ദ് ഗരാനി എന്നിവരാണ് മറ്റുള്ളവർ. ഇക്കൂട്ടത്തിൽ സീനിയർ രഘു തന്നെ. ഒരു പതിറ്റാണ്ടിലേറെയായി ടീമിനൊപ്പമുണ്ട് അദ്ദേഹം. ‘ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏക വിദേശ പേസർ’ എന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി രഘുവിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. രഘുവിന്റെ ത്രോഡൗണുകളിലെ ബൗൺസും സ്വിങ്ങുമെല്ലാം കണ്ടായിരുന്നു അത്.
രഘുവിന്റെ ഈ സേവനം പരിഗണിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് ട്രോഫി അദ്ദേഹത്തിന്റെ കൈകളിലേക്കു നൽകിയത്. പക്ഷേ തന്റെ ‘തസ്തിക’യിൽ മാത്രം ഒതുങ്ങി നിൽക്കുന്നയാളല്ല രഘു. കഴിഞ്ഞ വർഷം ട്വന്റി20 ലോകപ്പിൽ ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിനിടെ മഴ പെയ്തപ്പോൾ രഘു ഒരു ബ്രഷുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തി. മഴ പെയ്തു കുതിർന്ന പിച്ചിൽ ഇന്ത്യൻ താരങ്ങൾ വഴുതി വീഴരുതെന്ന് കരുതി അവരുടെ ഷൂ തുടച്ചു കൊടുക്കാനായിരുന്നു അത്. രഘുവിന്റെ ഈ സേവനം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയർ മെമ്പർമാരിലൊരാളായ രഘുവിന്റെ സേവനങ്ങൾ ബിസിസിഐയും കാണാതെ പോയില്ല. 6 ലക്ഷം രൂപ വാർഷിക പ്രതിഫലമുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്നത് പ്രതിവർഷം 20 ലക്ഷം രൂപ!