ഹിറ്റ്മാന്റെ ആറാട്ട്, 16 ഫോറുകളും 5 സിക്സുകളും; ക്യാപ്റ്റൻ രോഹിത്തും ഫോമിൽ
Mail This Article
മനസ്സ് മുഖത്തണിയുന്ന നായകനാണ് രോഹിത് ശർമ. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ ബാറ്റർമാർ അൽപം മേൽക്കൈ നേടിയപ്പോൾ അതിന്റെ പരിഭവം രോഹിത്തിന്റെ മുഖത്തുണ്ടായിരുന്നു. ഇന്ത്യൻ ബോളർമാരുടെ നിലവാരം വച്ച് അത്രയും റൺസ് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നൊരു ഭാവം. ബോളർമാരെ മാറി മാറി പരീക്ഷിച്ച് അഫ്ഗാൻ ഇന്നിങ്സിനെ ഒടുവിൽ വരുതിയിൽ നിർത്തിയെങ്കിലും പ്രകടനം അത്ര പോരെന്നൊരു ചിന്ത ക്യാപ്റ്റന്റെ മുഖത്തു നിഴലിച്ചുനിന്നു.
പിന്നീട് ബാറ്റിങ്ങിനെത്തിയപ്പോൾ ഇതിനെല്ലാം കൂടി കണക്കു തീർക്കുന്നൊരു രോഹിത്തിനെയാണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ആരവമുയർത്തിയ ആരാധകർ കണ്ടത്. തുടക്കം മുതൽ ടൈമിങ്ങും പ്ലേസ്മെന്റുമല്ലാം പെർഫെക്ട്. മറുവശത്തുണ്ടായിരുന്ന സഹ ഓപ്പണർ ഇഷാൻ കിഷനെ കാഴ്ചക്കാരനാക്കി രോഹിത്തിന്റെ ബാറ്റിൽനിന്ന് മനോഹര ഷോട്ടുകൾ. ലോഫ്റ്റഡ് ഡ്രൈവുകളും പുൾഷോട്ടുകളും ഫ്ലിക്കുകളുമെല്ലാമുള്ള ‘വിന്റേജ്’ രോഹിത്തിന്റെ ആറാട്ട്.
18–ാം ഓവറിലെ 2 പന്തിൽ കരിയറിലെ 31–ാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയ ഹിറ്റ്മാൻ നേടിയത് 16 ഫോറുകളും 5 സിക്സുകളുമാണ്. റാഷിദ് ഖാനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ ബോൾഡ് ആയി 131 റൺസുമായി മടങ്ങും മുൻപ് ഇന്ത്യൻ നായകൻ ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചറികൾ നേടിയ ബാറ്റർ, ലോകകപ്പുകളിൽ ഏറ്റവുമധികം സിക്സുകൾ പറത്തിയ ഇന്ത്യൻ ബാറ്റർ, ഏകദിനങ്ങളിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, ലോകകപ്പിൽ ഇന്ത്യക്കാരൻ നേടുന്ന അതിവേഗ സെഞ്ചറി എന്നിവയെല്ലാം ഇനി രോഹിത്തിന്റെ പേരിലാണ്.
ലോകകപ്പിനു മുൻപ് ഉജ്വല ഫോമിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിൽ പൂജ്യത്തിനു പുറത്തായിരുന്നു. പാക്കിസ്ഥാനെതിരെ നിർണായക മത്സരത്തിനിറങ്ങും മുൻപ് രോഹിത് ഫോമിലേക്കു തിരിച്ചെത്തേണ്ടത് ടീമിന്റെ ആവശ്യമായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ മാഞ്ചസ്റ്ററിൽ പാക്കിസ്ഥാനെതിരെ സെഞ്ചറി നേടിയത് ഓർത്തിരിക്കുന്ന ഹിറ്റ്മാൻ ആരാധകർ ശനിയാഴ്ച ഇന്ത്യ– പാക്ക് പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കും.