സ്റ്റോയ്നിസ് ശരിക്കും ഔട്ടായോ? തേര്‍ഡ് അംപയർക്കെതിരെ ഓസ്ട്രേലിയ; വന്‍ വിവാദം
Mail This Article
ലക്നൗ∙ ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരത്തിൽ മൂന്നാം അംപയറുടെ തീരുമാനങ്ങളെച്ചൊല്ലി വൻ വിവാദം. അംപയറുടെ തീരുമാനങ്ങളിൽ ഓസ്ട്രേലിയൻ ടീം അതൃപ്തരാണ്. ഓസീസ് ഇന്നിങ്സിൽ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസ്, മൂന്നാം നമ്പർ ബാറ്റർ സ്റ്റീവ് സ്മിത്ത് എന്നിവരുടെ പുറത്താകലാണു വിവാദമായത്. 18–ാം ഓവറിൽ കഗീസോ റബാദയുടെ പന്തിലാണ് സ്റ്റോയ്നിസ് പുറത്തായത്.
ഗ്ലൗസിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പോയ പന്ത് വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്ക് പിടിച്ചു. ദക്ഷിണാഫ്രിക്ക റിവ്യു ആവശ്യപ്പെട്ടതിനെത്തുടർന്നുള്ള പരിശോധനയിൽ ഔട്ട് ആണെന്ന് മൂന്നാം അംപയർ റിച്ചഡ് കെറ്റിൽബറോ വിധിച്ചു. പന്തു തൊടുമ്പോൾ തന്റെ കൈ ബാറ്റ് ഹാൻഡിലിൽ സ്പർശിച്ചില്ലെന്നായിരുന്നു സ്റ്റോയ്നിസിന്റെ വാദം. നേരത്തേ, 10–ാം ഓവറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി സ്മിത്ത് പുറത്തായതും വിവാദമായിരുന്നു.
അംപയറുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കേണ്ടതാണെന്ന് ഓസ്ട്രേലിയൻ ടീം പരിശീലകൻ ആൻഡ്രു മക്‌ഡോണൾഡ് പ്രതികരിച്ചു. ‘‘അംപയറുടെ തീരുമാനം ഇപ്പോൾ നമ്മൾ അംഗീകരിക്കേണ്ടിവരും. പക്ഷേ ആ പുറത്താകലിനെക്കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വിശദീകരണം നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.’’– മക്ഡോണൾഡ് വ്യക്തമാക്കി. പുറത്താകലിനെക്കുറിച്ച് വ്യക്തതയുണ്ടാകണമെന്ന് മാർനസ് ലബുഷെയ്ൻ മത്സര ശേഷം പ്രതികരിച്ചു.
‘‘ശരിക്കും എന്താണു നടന്നതെന്ന് അംപയർമാർക്ക് അറിയില്ല. ഞങ്ങൾ കണ്ട കാര്യം തന്നെയാണ് അവരും കണ്ടത്. അംപയർമാർക്ക് സംഭവത്തിന്റെ അടുത്തുനിന്നുള്ള ദൃശ്യങ്ങൾ കിട്ടിയിട്ടില്ല.’’– ലബുഷെയ്ൻ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരെ 134 റൺസ് വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസീസ് 177 റൺസിൽ പുറത്തായി.