പാക്കിസ്ഥാനെതിരെ ചരിത്ര വിജയം: ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി ∙ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിൽ ടീം ഇന്ത്യ നേടിയ ജയം മഹത്തരമാണെന്നും ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവച്ചതെന്നും മോദി എക്സിൽ കുറിച്ചു. അഭിനന്ദനത്തോടൊപ്പം വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസയും നേർന്നിട്ടുണ്ട്.
അതേസമയം ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തങ്ങളുടെ എട്ടാം ജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 191 റൺസിന് പുറത്തായി. പാക്ക് ക്യാപ്റ്റൻ ബാബർ അസം അർധ സെഞ്ചറി നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റു വീതം നേടി.
മറുപടി ബാറ്റിങ്ങിൽ 30.3 ഓവറിൽ മൂന്നു വിക്കറ്റു നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ച ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമയും ശ്രേയസ് അയ്യരും അർധ സെഞ്ചറി നേടി. ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. വ്യാഴാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.