മഹ്മൂദുല്ലയുടെ (111) പോരാട്ടവീര്യം ബംഗ്ലദേശിനെ രക്ഷിച്ചില്ല; ദക്ഷിണാഫ്രിക്കയ്ക്ക് 149 റൺസിന്റെ കൂറ്റൻ ജയം
Mail This Article
മുംബൈ∙ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമല മറികടക്കാമെന്ന ‘അതിമോഹം’ ഒന്നും ചേസിങ്ങിന് ഇറങ്ങുമ്പോൾ ബംഗ്ലദേശിനുണ്ടായിരുന്നില്ല. പരാമവധി ഓവർ പിടിച്ചുനിൽക്കുക എന്നു മാത്രമായിരുന്നു. 47 ഓവർ വരെ പിടിച്ചുനിന്ന് അവർ അതു സാധിക്കുകയും ചെയ്തു. അതിന് ബംഗ്ലദേശ് നന്ദി പറയേണ്ടതാകട്ടെ മഹ്മൂദുല്ലയോടും. വെറ്ററൻ താരം മഹ്മൂദുല്ലയുടെ (111 പന്തിൽ 111) സെഞ്ചറിയാണ് ബംഗ്ലദേശിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 383 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഇന്നിങ്സ് 46.4 ഓവറിൽ 233 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 149 റൺസ് ജയം. ജയത്തോടെ എട്ടു പോയിന്റുമായി ന്യൂസീലൻഡിനെ മറികടന്ന് ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ രണ്ടാമതായി. രണ്ടു പോയിന്റ് മാത്രമുള്ള ബംഗ്ലദേശ് അവസാന സ്ഥാനത്തായി. 27നു പാക്കിസ്ഥാനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. ബംഗ്ലദേശ് 28നു നെതർലൻഡ്‌സിനെ നേരിടും.
ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറിയുടെയും ഹെൻറിച്ച് ക്ലാസന്റെ മിന്നൽ ബാറ്റിങ്ങിന്റെയും ബലത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ കുറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ബംഗ്ലദേശിന്റെ തുടക്കം ഒട്ടും നല്ലതായിരുന്നില്ല. സ്കോർബോർഡിൽ 58 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. ആറാമനായി പുറത്തിറങ്ങിയ മഹ്‌മൂദൂല്ലയുടെ ഇന്നിങ്സാണ് ബംഗ്ല സ്കോർബോർഡിനെ ചലിപ്പിച്ചത്. മറുവശത്ത് വിക്കറ്റ് കൊഴിയുമ്പോഴും മഹ്മൂദുല്ല ക്രീസിൽ നങ്കൂരമിട്ടു. നാല് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു മഹ്മൂദുല്ലയുടെ ഇന്നിങ്സ്.
ഒൻപതാം വിക്കറ്റിൽ മഹ്മൂദുല്ല– മുസ്തഫിസൂർ റഹ്മാൻ സഖ്യം 68 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ 11 റൺസ് മാത്രമാണ് മുസ്തഫിസൂറിന്റെ സംഭാവന. 46–ാം ഓവറിൽ മഹ്‌മൂദുല്ല പുറത്തായതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. തൊട്ടടുത്ത ഓവറിൽ മുസ്തഫിസൂർ റഹ്മാനും പുറത്തായതോടെ ബംഗ്ലദേശിന്റെ പോരാട്ടം അവസാനിച്ചു.
∙ ‘ക്വിന്റൽ’ അടി
സ്കോർ 400 കടന്നില്ല എന്നതു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ പോരായ്മ. ഏകദിന മത്സരങ്ങളിൽ 400 റൺസ് ടോട്ടൽ ‘ശീലമാക്കിയ’ ഭക്ഷിണാഫ്രിക്കയെ 382 റൺസിൽ ഒതുക്കിയെന്ന് വേണമെങ്കിൽ ബംഗ്ലദേശിന് ആശ്വസിക്കാം. ഏകദിന ലോകകപ്പ് മത്സരത്തിൽ ബംഗ്ലദേശിനെതിരെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക് 382 റൺസെടുത്തത്. ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ (140 പന്തിൽ 174) തകർപ്പൻ സെഞ്ചറിയും അവസാന ഓവറുകളിൽ തകർത്തടിച്ച ഹെൻറിച്ച് ക്ലാസനും (49 പന്തിൽ 90) ഡേവിഡ് മില്ലറും (15 പന്തിൽ 34*) ആണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 33ൽ നിൽക്കെ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഓപ്പണർ റീസ് ഹെൻറിക്സിനെ (19 പന്തിൽ 12) പുറത്താക്കി ഷൊരിഫുൾ ഇസ്‌ലാം ബംഗ്ലദേശിനു പ്രതീക്ഷ നൽകി. തൊട്ടടുത്ത ഓവറിൽ തന്നെ മൂന്നാമനായെത്തിയ റസ്സി വാൻഡർ ഡസനെയും (7 പന്തിൽ 1) ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ മാക്രവും ഒന്നിച്ചതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ ഗിയർ മാറുകയായിരുന്നു. ഒരുവശത്ത് ബംഗ്ലദേശ് ബോളർമാരെ ഡികോക്ക് തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ, മറുവശത്ത് ഉറച്ച പിന്തുണയുമായി ക്യാപ്റ്റൻ കൂട്ടായി.
ഏഴും സിക്സും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിങ്സ്. ഏകദിന ലോകകപ്പിൽ ഡികോക്കിന്റെ മൂന്നാം സെഞ്ചറിയാണിത്. നേരത്തെ ശ്രീലങ്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരെയും ഡികോക്ക് സെഞ്ചറി നേടിയിരുന്നു. ഇതോടെ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ വിരാട് കോലിയെ മറികടന്ന് ഡികോക്ക് ഒന്നാമതാകുകയും ചെയ്തു. മൂന്നാ വിക്കറ്റിൽ ഡികോക്കും മാക്രവും ചേർന്ന് 131 റണ്‍സാണ് കൂട്ടിച്ചേർത്തത്. 31–ാം ഓവറിൽ 69 പന്തിൽ 60 റൺസെടുത്ത് മാക്രത്തെ പുറത്താക്കി ഷാക്കിബ് അൽ ഹസ്സനാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീടെത്തിയ ഹെൻറിച്ച് ക്ലാസനും ഡികോക്കിന് മികച്ച കൂട്ടായി. ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച ഡികോക്കിനെ 46–ാം ഓവറിൽ ഹസൻ മഹ്‌മൂദാണ് പുറത്താക്കിയത്. ഇതിനുശേഷം ക്ലാസൻ, തന്റെ ‘ക്ലാസ്’ പുറത്തെടുത്തു. എട്ടു സിക്സും രണ്ടും ഫോറും സഹിതം വെറും 49 പന്തിൽ 90 റൺസാണ് ക്ലാസൻ അടിച്ചുകൂട്ടിയത്. അതിവേഗം സെഞ്ചറിയിലേക്ക് കുതിച്ച ക്ലാസൻ അവസാന ഓവറിലെ രണ്ടാം പന്തിൽ പുറത്താകുകയായിരുന്നു. ഡേവിഡ് മില്ലറും (15 പന്തിൽ 34*) ബംഗ്ലദേശ് ബോളർമാരെ കണക്കിനു ‘പഞ്ഞിക്കിട്ടു’. അവസാനം നാല് ഓവറിൽ മാത്രം 65 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്.