ADVERTISEMENT

ചെന്നൈ∙ കൂറ്റൻ ടോട്ടലുകൾ പുത്തരിയല്ലാത്ത ദക്ഷിണാഫ്രിക്ക പാക്ക് ബോളിങ് പടയ്ക്കു മുന്നിൽ ഒന്നു വിറച്ചെങ്കിലും വീണില്ല. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക വാലറ്റം കാണിച്ച പോരാട്ടവീര്യത്തിൽ ജയിച്ചുകയറി. അവസാനനിമിഷം വരെ ആവേശം നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 47.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തായി. പാക്കിസ്ഥാൻ ആറാം സ്ഥാനത്താണ്.

എയ്ഡൻ മാർക്രം (93 പന്തിൽ 91), വാലറ്റത്തിൽ കേശവ് മഹാരാജ് (21 പന്തിൽ 7*), തബ്രിസ് ഷംസി (6 പന്തിൽ 4*), ലുങ്കി എൻഗിഡി (14 പന്തിൽ 4) എന്നിവരുടെ ഇന്നിങ്സുകൾ ദക്ഷിണാഫ്രിക്കൻ ജയത്തിൽ നിർണാകയമായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദി, രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, ഉസാമ മിർ എന്നിവരുടെ ബോളിങ്ങാണ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചത്.

48–ാം ഓവറിലെ രണ്ടാം പന്തിൽ മുഹമ്മദ് നവാസിനെ ബൗണ്ടറി കടത്തി കേശവ് മഹാരാജ് ആണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 40.2 ഓവറിൽ മാർക്രം പുറത്താകുമ്പോൾ വിജയത്തിലേക്ക് 22 റൺസ് മാത്രം വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക പിന്നീട് 36 പന്തുകൾ നേരിട്ടാണ് ലക്ഷ്യം കൈവരിച്ചത്. അതുവരെ ദക്ഷിണാഫ്രിക്കൻ വാലറ്റത്തെ പാക്ക് ബോളർമാർ വരിഞ്ഞുമുറുക്കി. 45.6 ഓവറിൽ ഷംസിക്കെതിരെ ഹാരിസ് റൗഫ് എറിഞ്ഞ പന്ത് ഔട്ടായിരുന്നെങ്കിലും അംപയർ അനുവദിക്കാതിരുന്നത് പാക്കിസ്ഥാനു നിർഭാഗ്യമായി. പാക്കിസ്ഥാൻ ഇതു റിവ്യൂ നൽകിയെങ്കിലും അംപയേഴ്സ് കോളമായി മാറുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ടെംബ ബവുമയും (27 പന്തിൽ 28), ക്വിന്റൻ ഡികോക്കും (14 പന്തിൽ 24) ചേർ‌ന്ന് ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചറിവീരനായ ഡികോക്കും ബൗണ്ടറികളോടെ അതിവേഗം സ്കോർ കണ്ടെത്തിയെങ്കിലും നാലാം ഓവറിൽ ഷഹീൻ അഫ്രീദി ഡികോക്കിനെ മുഹമ്മദ് വസീമിന്റെ കൈകളിൽ എത്തിച്ചു.

പിന്നീടെത്തിയ റസ്സി വാൻഡർ ഡസനും (39 പന്തിൽ 21) ബവുമയും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും പത്താം ഓവറിൽ ബവുമ വീണു. ഇതിനുശേഷമാണ് ടോപ് സ്കോററായ എയ്ഡൻ മാർക്രം ക്രീസിലെത്തിയത്. ഒരുവശത്ത് മാർക്രം ഉറച്ചുനിന്നെങ്കിലും മറുവശത്ത് ചെറിയ ചെറിയ സംഭാവനകൾ നൽകി ഓരോ ബാറ്റർമാരും കളം വിട്ടു. ഹെൻറിച്ച് ക്ലാസൻ (10 പന്തിൽ 12), ഡേവിഡ് മില്ലർ (33 പന്തിൽ 29), മാർകോ യാൻസൻ (14 പന്തിൽ 20), ജെറാൾഡ് കോട്സീ (13 പന്തിൽ‌ 10) എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

∙ പാക്ക് പടയെ ഒതുക്കി ഷംസി

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 46.4 ഓവറിൽ 270 റൺസെടുത്ത് പുറത്താകുകയായിരുന്നു. സൗദ് ഷക്കീൽ (52 പന്തിൽ 52), ക്യാപ്റ്റൻ ബാബർ അസം (65 പന്തിൽ 50) എന്നിവർ പാക്കിസ്ഥാനു വേണ്ടി അർധ സെഞ്ചറി തികച്ചു.

മധ്യനിരയിൽ ശതാബ് ഖാനും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. 36 പന്തുകൾ നേരിട്ട ശതാബ് 43 റൺസാണു നേടിയത്. സ്കോർ ബോർഡിൽ 20 കൂട്ടിച്ചേർത്തപ്പോൾ തന്നെ ആദ്യ വിക്കറ്റു നഷ്ടമായ പാക്കിസ്ഥാനെ ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്നാണു കരകയറ്റിയത്. ഓപ്പണർമാരായ അബ്ദുല്ല ഷഫീഖിനും (17 പന്തിൽ ഒൻപത്), ഇമാം ഉൾ ഹഖിനും (18 പന്തിൽ 12) ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിളങ്ങാനായില്ല. മാർക്കോ യാൻസനാണു രണ്ടു പേരെയും പുറത്താക്കിയത്.

അർധ സെഞ്ചറി നേടിയ പാക്കിസ്ഥാന്‍ താരം സൗദ് ഷക്കീലിന്റെ ബാറ്റിങ്. Photo: FB@PCB
അർധ സെഞ്ചറി നേടിയ പാക്കിസ്ഥാന്‍ താരം സൗദ് ഷക്കീലിന്റെ ബാറ്റിങ്. Photo: FB@PCB

മുഹമ്മദ് റിസ്‍വാൻ 27 പന്തിൽ 31 റൺസെടുത്തു പുറത്തായി. 19.4 ഓവറുകളിലാണ് പാക്കിസ്ഥാൻ നൂറ് പിന്നിട്ടത്. ക്യാപ്റ്റന്‍ ബാബർ അസമിനെ തബ്രിസ് ഷംസി പുറത്താക്കിയതോടെ സൗദ് ഷക്കീലിനും ശതാബ് ഖാനുമായി ആക്രമണത്തിന്റെ ഉത്തരവാദിത്തം. ഇരുവരുടേയും പുറത്താകലിനു ശേഷം വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങി. 10 ഓവറുകൾ‌ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ സ്പിന്നർ തബ്രിസ് ഷംസി 60 റൺസ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തി. മാർക്കോ ജാൻസൻ മൂന്നും ജെറാൾഡ് കോട്സീ രണ്ടും വിക്കറ്റുകളും സ്വന്തമാക്കി.

English Summary:

Pakistan vs South Africa ODI World Cup Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com