മുജീബുറിന്റെ വലിയ പിഴവ്, പാഴാക്കിയ ക്യാച്ചുകൾ; അഫ്ഗാന് അട്ടിമറി മറന്നത് ഇവിടെവച്ച്
Mail This Article
മുംബൈ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിനിടെ ഓസ്ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്‌സ്‍വെൽ പുറത്താകലിൽനിന്നു രക്ഷപെട്ടത് നേരിയ വ്യത്യാസത്തിൽ. ഇതിൽ രണ്ടു ക്യാച്ചുകൾ അഫ്ഗാൻ ഫീൽഡർമാരുടെ ശ്രദ്ധക്കുറവു കാരണമാണു നഷ്ടമായത്. മുജീബുര്‍ റഹ്മാൻ നഷ്ടമാക്കിയ ഒരു അവസരമാണ് മത്സരത്തിൽ അഫ്ഗാന്റെ സാധ്യതകൾ ഇല്ലാതാക്കി തുടങ്ങിയത്.
ഓസീസ് ബാറ്റിങ്ങിനിടെ 22–ാം ഓവറിലായിരുന്നു ഇത്. നൂര്‍ അഹമ്മദിന്റെ ഓവറിലെ അഞ്ചാം പന്ത് മാക്സ്‍വെൽ സ്വീപ്പിനു ശ്രമിക്കുകയായിരുന്നു. മുജീബുർ റഹ്മാന്റെ കൈകളിലേക്കു പോയ പന്ത് പിടിച്ചെടുക്കാന്‍ താരത്തിനു സാധിച്ചില്ല. ഇതേ ഓവറിൽ എൽബിഡബ്ല്യു ഔട്ട് അംപയർ വിളിച്ചപ്പോൾ ഡിആർഎസ് എടുത്ത് മാക്സ്‍വെൽ രക്ഷപെട്ടു. റാഷിദ് ഖാൻ എറിഞ്ഞ ഓവറിൽ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദിയും മാക്‌സ്‌വെല്ലിന്റെ ക്യാച്ച് നഷ്ടമാക്കി. പ്രതിസന്ധിയിൽ നിന്നിരുന്ന ഓസ്ട്രേലിയയെ ഡബിൾ സെഞ്ചറി നേടിയാണ് മാക്സ്‍വെൽ വിജയത്തിലെത്തിച്ചത്.
ഒറ്റയാൾ പോരാട്ടം നയിച്ച മാക്സ്‍വെൽ 128 പന്തിൽ 201 റൺസെടുത്തു പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ സ്വന്തമാക്കിയത്. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 7ന് 91 എന്ന നിലയിൽ തോൽവി ഉറപ്പിച്ചിരിക്കെയാണ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ (68 പന്തിൽ 12*) കൂട്ടുപിടിച്ച് മാക്സ്‍വെൽ പോരാട്ടം തുടങ്ങിയത്. പേശീവലിവു മൂലം താരത്തിനു പലവട്ടം വൈദ്യസഹായം തേടേണ്ടി വന്നു.
റണ്ണിനായി ഓടാൻ കഴിയാത്തതിനാൽ ബൗണ്ടറികളിലൂടെ സ്കോറുയർത്തി. 21 ഫോറും 10 സിക്സും താരം അടിച്ചുകൂട്ടി. ജയത്തോടെ ഓസ്ട്രേലിയ സെമിഫൈനൽ ഉറപ്പാക്കി. ഏകദിന ക്രിക്കറ്റിൽ റൺചേസിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (201*) എന്ന റെക്കോർഡ് മാക്സ്‌വെൽ മത്സരത്തിൽ സ്വന്തമാക്കി. ഏകദിനത്തിൽ ഓപ്പണിങ് ബാറ്റർ അല്ലാത്ത ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഇരട്ടസെഞ്ചറിയാണ് (128 പന്തിൽ) ഇന്നലെ ഗ്ലെൻ മാക്സ്‌വെൽ നേടിയത്. 126 പന്തിൽ ഇരട്ട സെഞ്ചറി നേടിയ ഇന്ത്യൻ താരം ഇഷാൻ കിഷനാണ് ഒന്നാമത്.