ഒന്നാം നമ്പർ ബാറ്റർ, ബോളർ, ടീം: ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ആധിപത്യം
Mail This Article
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏകദിന ബാറ്റർ, ബോളർ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലും ബോളിങ്ങിൽ പേസർ മുഹമ്മദ് സിറാജുമാണ് ഒന്നാം സ്ഥാനം കയ്യടക്കിയത്. ഇരുപത്തിനാലുകാരൻ ഗിൽ ഇതാദ്യമായിട്ടാണ് ഒന്നാം റാങ്കിലെത്തുന്നത്. സിറാജ് മുൻപും ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.
സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്ര സിങ് ധോണി, വിരാട് കോലി എന്നിവർക്കു ശേഷം ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യൻ താരമാണ് ഗിൽ (830 പോയിന്റ്). പാക്കിസ്ഥാൻ താരം ബാബർ അസമിനെയാണ് (824 പോയിന്റ്) പിന്നിലാക്കിയത്. വിരാട് കോലി 4–ാം സ്ഥാനത്തും രോഹിത് ശർമ 6–ാം സ്ഥാനത്തും ഉണ്ട്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിനെ പിന്നിലാക്കിയാണ് സിറാജ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. കുൽദീപ് യാദവ് 4–ാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര 8–ാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താമതുമുണ്ട്.
ഗില്ലിലും സിറാജിലും മാത്രമൊതുങ്ങുന്നില്ല ഇന്ത്യയുടെ ഒന്നാം നമ്പർ മഹാത്മ്യം. ട്വന്റി20, ടെസ്റ്റ്, ഏകദിന ടീം റാങ്കിങ്ങുകളിലെല്ലാം ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ട്വന്റി20 ബാറ്റർമാരിൽ സൂര്യകുമാർ യാദവും ടെസ്റ്റ് ബോളർമാരിൽ രവിചന്ദ്രൻ അശ്വിനും ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ രവീന്ദ്ര ജഡേജയും ഒന്നാമതുണ്ട്. ഐസിസി റാങ്കിങ്ങിൽ ഇന്ത്യ ഇത്രയേറെ ആധിപത്യം പുലർത്തുന്നത് ഇതാദ്യം.