ഓസ്ട്രേലിയയ്ക്കൊപ്പം നേടിയത് 7 ലോക കിരീടങ്ങൾ; പാതിയിൽ കളി നിർത്തി ‘മെഗാസ്റ്റാർ’ മെഗ് ലാനിങ്
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ വനിതാ ടീമിനെ ലോക ക്രിക്കറ്റിൽ അജയ്യരാക്കി മാറ്റിയ ക്യാപ്റ്റൻ മെഗ് ലാനിങ് രാജ്യാന്തര മത്സരങ്ങളിൽനിന്നു വിരമിച്ചു. ആഭ്യന്തര ടൂർണമെന്റുകളിലും ട്വന്റി20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് മുപ്പത്തിയൊന്നുകാരി ലാനിങ് അറിയിച്ചു.
‘‘13 വർഷം രാജ്യാന്തര ക്രിക്കറ്റിൽ തുടരാനായി എന്നതു വലിയ ഭാഗ്യമാണ്. പക്ഷേ ഇനി പുതിയ കാര്യങ്ങളിലേക്കു ചുവടുമാറാൻ സമയമായിരിക്കുന്നു. ഓസ്ട്രേലിയൻ ടീമിനൊപ്പം കൈവരിച്ച നേട്ടങ്ങൾ ഞാൻ ജീവിതത്തിൽ എന്നുമോർക്കും..’’– ‘മെഗാസ്റ്റാർ’ എന്നു വിളിപ്പേരുള്ള ലാനിങ് പ്രസ്താവനയിലൂടെ അറിയിച്ചു.
ആരോഗ്യകാരണങ്ങളാൽ ഈ വർഷം ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിൽനിന്നും വെസ്റ്റിൻഡീസിനെതിരെ നാട്ടിൽ നടന്ന പരമ്പരയിൽനിന്നും ലാനിങ് വിട്ടുനിന്നിരുന്നു. 2022ൽ ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് മെൽബണിലെ ഒരു കഫേയിലും ജോലി ചെയ്തു. ലാനിങ് വിരമിച്ചതോടെ, അടുത്ത മാസം തുടങ്ങുന്ന ഇന്ത്യൻ പര്യടനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ അലീസ ഹീലി ഓസ്ട്രേലിയൻ ടീമിനെ നയിക്കും.
വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ ലാനിങ് രാജ്യാന്തര വനിതാ ഏകദിനത്തിൽ കൂടുതൽ സെഞ്ചറി നേടിയ താരമാണ് (15). മൂന്നു ഫോർമാറ്റുകളിലുമായി ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ലാനിങ് തന്നെ. 241 മത്സരങ്ങളിൽ (6 ടെസ്റ്റ്, 103 ഏകദിനം, 132 ഏകദിനം) നിന്നായി 8352 റൺസ്.
എന്നാൽ, ഓസ്ട്രേലിയയെ വിജയങ്ങളിൽനിന്നു വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനായാണ് ലാനിങ് കൂടുതൽ അറിയപ്പെട്ടത്. കരിയറിൽ ഓസ്ട്രേലിയയ്ക്കൊപ്പം 7 ലോക കിരീടങ്ങളാണ് (2 ഏകദിന ലോകകപ്പ്, 5 ട്വന്റി20 ലോകകപ്പ്) ലാനിങ് നേടിയത്. ഇതിൽ അഞ്ചും ക്യാപ്റ്റനായിട്ടായിരുന്നു. കഴിഞ്ഞ വർഷം ടീമിനെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ നേട്ടത്തിലേക്കും നയിച്ചു.
1992ൽ സിംഗപ്പുരിൽ ജനിച്ച ലാനിങ് 2010ൽ ന്യൂസീലൻഡിനെതിരായ മത്സരത്തിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2012ൽ ന്യൂസീലൻഡിനെതിരെ 45 പന്തിൽ സെഞ്ചറിയടിച്ച് ഓസ്ട്രേലിയൻ താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചറിയുടെ റെക്കോർഡും സ്വന്തമാക്കി. 21–ാം വയസ്സിൽ ലാനിങ് ക്യാപ്റ്റനായി വന്നതോടെ വനിതാ ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ ജൈത്രയാത്രയും തുടങ്ങി.