സഞ്ജു സാംസൺ തിരിച്ചു വരുമോ? ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം അടുത്തയാഴ്ച
Mail This Article
മുംബൈ ∙ ലോകകപ്പ് ടൂർണമെന്റിനു പിന്നാലെ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയേക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന ഘട്ടത്തിൽ, മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുയരുന്നു. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബർ 23നാണ് ആരംഭിക്കുന്നത്. നിലവിൽ ലോകകപ്പ് ക്യാംപിലുള്ള മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിക്കൊണ്ടായിരിക്കും ടീം പ്രഖ്യാപനമുണ്ടാവുക. ലോകകപ്പ് സെമി മത്സരങ്ങൾക്കു ശേഷം ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സീനിയർ താരങ്ങളുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ നായകനാക്കാനായിരുന്നു ടീം മാനേജ്മെന്റിന്റെ ആലോചന. എന്നാൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ ഹാര്‍ദികിന് പരുക്കേറ്റതിനാൽ കൂടുതൽ വിശ്രമം വേണ്ടിവരും. അങ്ങനെയെങ്കിൽ പരമ്പരയിൽ പകരം ക്യാപ്റ്റനെ കണ്ടെത്തേണ്ടതുണ്ട്. ഹാർദിക്കിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവോ ഋതുരാജ് ഗെയ്ക്‌വാദോ ആയിരിക്കും ടീമിനെ നയിക്കുകയെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തെ നയിച്ച സഞ്ജു സാംസൺ ടീമിൽ ഇടംനേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടീമിൽ ഇടംനേടാനായാൽ സ്വന്തം നാട്ടിൽ കളത്തിലിറങ്ങാനുള്ള അവസരവും സഞ്ജുവിന് ലഭിക്കും. 26നു നടക്കുന്ന രണ്ടാം മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീൽഡ് സ്റ്റേഡിയമാണ്. നേരത്തെ ഏഷ്യാകപ്പ്, ലോകകപ്പ് ടീമുകളിൽ സഞ്ജുവിന് ഇടംനേടാനാകാത്തത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. തിലക് വർമ, റിങ്കു സിങ്, അര്‍ഷ്‌ദീപ് സിങ്, രവി ബിഷ്‌ണോയി, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ താരങ്ങളും ടീമിൽ ഇടം നേടാനുള്ള കാത്തിരിപ്പിലാണ്.
അതേസമയം ലോകകപ്പിൽ അപരാജിത കുതിപ്പു തുടരുന്ന ഇന്ത്യ അവസാന ലീഗ് മത്സരത്തിൽ നെതര്‍ലൻഡ്സിനെ നേരിടും. ഞായറാഴ്ച ബെംഗളൂരുവിലാണ് മത്സരം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യ 15ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ മാറ്റുരയ്ക്കും. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയ ന്യൂസീലൻഡിനാണ് സെമിയിൽ ഇന്ത്യയ്ക്കെതിരെ മത്സരിക്കാൻ കൂടുതൽ സാധ്യതയുള്ളത്.