അവസാന ഓവറിൽ ജയിക്കാൻ 5 റൺസ്, 6 പന്തിൽ 6 വിക്കറ്റെടുത്ത് ബോളർ; റെക്കോർഡിട്ട് ഓസീസ് താരം
Mail This Article
ബ്രിസ്ബേൻ∙ അവസാന ഓവറിൽ എതിർ ടീം വിജയത്തിന് അഞ്ചു റൺസ് മാത്രം അകലെ നിൽക്കെ, ആറു പന്തിൽ ആറു വിക്കറ്റെടുത്ത് ഓസീസ് താരത്തിന്റെ ‘വണ്ടർ പ്രകടനം’. ഓസ്ട്രേലിയയിലെ പ്രാദേശിക ക്രിക്കറ്റ് ലീഗിലാണ്, അസംഭവ്യമെന്നു കരുതിയ സംഭവം നടന്നത്. ഗോൾഡ് കോസ്റ്റ് പ്രീമിയർ ലീഗിൽ മുദ്ഗീരബ നെരാങ്ങിന്റെ ക്യാപ്റ്റൻ കൂടിയായ ഗാരെത് മോർഗനാണ് തകർപ്പൻ പ്രകടനവുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. നേരത്തേ, 38 പന്തിൽ 39 റൺസുമായി ടീമിന്റെ ടോപ് സ്കോററായതും മോർഗൻ തന്നെ.
മുദ്ഗീരബ നെരാങ്ങും സർഫേഴ്സ് പാരഡൈസും തമ്മിൽ ശനിയാഴ്ചയാണ് 40 ഓവർ മത്സരം നടന്നത്. ആദ്യം ബാറ്റു ചെയ്ത മുദ്ഗീരബ നെരാങ് 178 റൺസിന് എല്ലാവരും പുറത്തായി. 179 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സർഫേഴ്സ് പാരഡൈസ് 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിലായിരുന്നു. അവസാന ഓവറിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് വെറും അഞ്ച് റൺസ്. നാലു റൺസെടുത്താൽ ടൈ.
ഈ ഘട്ടത്തിലാണ് മുദ്ഗീരബ ക്യാപ്റ്റൻ ഗാരെത് മോർഗൻ പന്തെറിയാനെത്തുന്നത്. ഒരു യുവതാരത്തിനു പന്തു നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, എതിരാളികൾ വിജയറൺ കുറിക്കുന്നത് തന്റെ ഓവറിലാവട്ടെ എന്ന ചിന്തയിലാണ് മോർഗൻ തന്നെ ആ ഉത്തവരാദിത്തമേറ്റത്.
മോർഗന്റെ ആദ്യ പന്തു നേരിട്ടത്, 65 റൺസുമായി ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്ന ഓപ്പണർ ജെയ്ക് ഗാർലൻഡ്. ഫോർ നേടിയാൽ ടൈയും സിക്സറടിച്ചാൽ വിജയവും ഉറപ്പാണെന്നിരിക്കെ, ഗാർലൻഡ് ആദ്യ പന്തിൽ പുറത്തായി. പിന്നാലെ ശേഷിച്ചവരെയും തുടർച്ചയായി പുറത്താക്കിയാണ് മോർഗൻ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ഗാർലൻഡിനു പിന്നാലെ കൊണോർ മാത്തിസൻ, മൈക്കൽ കർട്ടിൻ, വെയ്ഡ് മക്ഡൂഗൽ, റൈലി എക്കർസ്‌ലേ, ബ്രോഡി ഫീലാൻ എന്നിവരാണ് അടുത്തടുത്ത പന്തുകളിൽ പുറത്തായത്. ഇതിൽ ആദ്യത്തെ നാലു പേരും ക്യാച്ച് നൽകി പുറത്തായപ്പോൾ, അവസാന രണ്ടു പേരെ മോർഗൻ ക്ലീൻ ബൗൾഡാക്കി.
അതേസമയം, പ്രഫഷനൽ ക്രിക്കറ്റിൽ ഒരു ഓവറിൽ നേടിയ കൂടിയ വിക്കറ്റ് അഞ്ചാണ്. മൂന്നു തവണയാണ് ഇതുവരെ ഒരു ബോളർ ഒറ്റ ഓവറിൽ അഞ്ച് വിക്കറ്റെടുത്തത്. 2011ൽ ഒട്ടാഗോയുടെ നീൽ വാഗ്‌നറും 2013ൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഇലവനായി അൽ അമീൻ ഹുസൈനും 2019ൽ കർണാടകയ്ക്കായി അഭിമന്യു മിഥുനുമാണ് ഒരു ഓവറിൽ അഞ്ച് വിക്കറ്റ് നേടിയവർ.