ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി ഏകദിന ക്രിക്കറ്റിലെ 50–ാം സെഞ്ചറി തികച്ച് വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ 106 പന്തുകളിൽനിന്നാണ് വിരാട് കോലി സെഞ്ചറിയിലെത്തിയത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 49–ാം സെഞ്ചറി നേടിയ കോലി, ഒരു മത്സരത്തിന്റെ മാത്രം ഇടവേളയില്‍ 50 ലെത്തി. നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ കോലി അർധ സെഞ്ചറി നേടിയിരുന്നു.

49 സെഞ്ചറികളുമായി സച്ചിൻ തെൻഡുൽക്കർക്കൊപ്പം ഏതാനും ദിവസം മാത്രമാണ് കോലി തുടര്‍ന്നത്. ബുധനാഴ്ച സച്ചിന്റെ സ്വന്തം വാങ്കഡെ സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ദൈവത്തെ താരം പിന്തള്ളിയത്. ചരിത്ര നേട്ടത്തിൽ ‌കോലി എത്തിയപ്പോൾ സന്തോഷം അടക്കാനാകാതെ ഗാലറിയിൽ ഭാര്യ അനുഷ്ക ശര്‍മയുമുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞ അനുഷ്ക സ്റ്റേഡ‍ിയത്തിലെ പതിനായിരങ്ങൾക്കൊപ്പം എഴുന്നേറ്റുനിന്നു കയ്യടിച്ചു. കോലി ഗ്രൗണ്ടിൽനിന്ന് അനുഷ്കയ്ക്കു സ്നേഹചുംബനം നൽകി. ഗാലറിയിലെ ക്രിക്കറ്റ് ഇതിഹാസത്തെ തല താഴ്ത്തി നമിച്ച ശേഷമാണു താരം ബാറ്റിങ് വീണ്ടും തുടങ്ങിയത്.

ലോകകപ്പ് ചരിത്രത്തിൽ ഒരു എ‍ഡിഷനിൽ തന്നെ 700ന് മുകളിൽ റൺസ് നേടുന്ന ആദ്യ താരവുമായി വിരാട് കോലി. 673 റൺസുള്ള സച്ചിന്‍ തെൻഡുൽക്കറുടെ റെക്കോർഡ് കോലി മറികടന്നു. 2003ലായിരുന്നു സച്ചിന്റെ നേട്ടം. മറ്റൊരു പ്രത്യേകത കൂടി വിരാട് കോലിയുടെ സെഞ്ചറിക്കുണ്ട്. 2013 നവംബർ 15നാണ് സച്ചിൻ വാങ്കഡെ സ്റ്റേ‍ഡിയത്തിൽ അവസാനമായി ബാറ്റ് ചെയ്തത്. പത്ത് വർഷങ്ങൾക്കു ശേഷം അതേ സ്റ്റേഡിയത്തില്‍ അതേ ദിവസമാണ് കോലി സച്ചിനെ സെഞ്ചറി നേട്ടത്തിൽ പിന്നിലാക്കിയത്.

കിവീസിനെതിരെ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ കോലി, 59 പന്തുകളിൽനിന്ന് അർധ സെഞ്ചറി തികച്ചു. ഫിഫ്റ്റി വരെ നാല് ഫോറുകള്‍ മാത്രം നേടിയായിരുന്നു താരത്തിന്റെ കളി. പിന്നീടുള്ള 47 പന്തുകളിൽ താരം സെഞ്ചറിയിലെത്തി. ഒൻപതു ഫോറുകളും രണ്ടു സിക്സുകളും കോലി ബൗണ്ടറി കടത്തി. 113 പന്തുകൾ നേരിട്ട താരം 117 റൺസെടുത്താണു പുറത്തായത്. ടിം സൗത്തിയുടെ പന്തിൽ‌ ഡെവോൺ കോൺവെ ക്യാച്ചെടുത്താണു മടക്കം.

English Summary:

Virat Kohli reach 50th hundred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com