വാങ്കഡെയിൽ താരസംഗമം, സച്ചിനും ഡേവിഡ് ബെക്കാമും കളി കാണാനെത്തി
Mail This Article
മുംബൈ ∙ ഇതിഹാസങ്ങളായി മാറിയ 2 താരങ്ങളുടെ സംഗമവേദി കൂടിയായി ഇന്നലെ വാങ്കഡെ സ്റ്റേഡിയം; സച്ചിൻ തെൻഡുൽക്കറും ഇംഗ്ലണ്ട് ഫുട്ബോളർ ഡേവിഡ് ബെക്കാമും. കളി തുടങ്ങും മുൻപ് ഇരുവരും ഒരുമിച്ച് മൈതാനത്തേക്ക് എത്തിയപ്പോൾ ഗാലറികളിൽ ആരവം നിറഞ്ഞു. യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായ ബെക്കാം ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന ഇന്ത്യൻ പര്യടനത്തിനിടെയാണ് ഐസിസിയുടെ അതിഥിയായി മത്സരം കാണാനെത്തിയത്.
വലിയ താരനിരയാണ് സെമി ഫൈനൽ മത്സരം കാണാൻ പ്രസിഡൻസി ബോക്സിലെത്തിയത്. ചാംപ്യൻഷിപ്പിനിടെ പരുക്കേറ്റ് ഇന്ത്യൻ ടീമിനു പുറത്തായ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ടീം ജഴ്സിയണിഞ്ഞ് കൂട്ടുകാരെ പ്രോൽസാഹിപ്പിക്കാൻ വിഐപി ഗാലറിയിലെത്തിരുന്നു.
ബിസിസിഐ ലോകകപ്പ് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ച തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് ഭാര്യ ലതയ്ക്കൊപ്പമാണ് കളി കാണാനെത്തിയത്. മാധുരി ദീക്ഷിത്, രൺബീർ കപൂർ, രൺവീർ സിങ്, ഷാഹിദ് കപൂർ, വിക്കി കൗശൽ, നാഗാർജുന, അനുഷ്ക ശർമ തുടങ്ങിവർക്കൊപ്പം ഒട്ടേറെ മുൻ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും ഗാലറിയിലുണ്ടായിരുന്നു.