ADVERTISEMENT

ടെസ്‌റ്റ് ക്രിക്കറ്റിന്റെ പിറവിക്ക് 1877ൽ തുടക്കമായെങ്കിലും ഏകദിന ക്രിക്കറ്റിന്റെ പിറവിക്കു പിന്നെയും ഒരു നൂറ്റാണ്ടുകൂടെയെടുത്തു. 1971 ജനുവരി അഞ്ച്, ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് മൈതാനം. മൂന്നു ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുളള ക്രിക്കറ്റ് ടെസ്‌റ്റ് ഉപേക്ഷിച്ചിരിക്കുകയാണ്. കളി കാണാനെത്തിയ കാണികൾ നിരാശരായി. പോംവഴിയായി സംഘാടകർ ചരിത്രപരമായ ഒരു തീരുമാനത്തിലെത്തി. മഴ ചതിച്ച ടെസ്‌റ്റിനെ ഒറ്റ ദിവസത്തിലേക്ക് ചുരുക്കുക. അത് ഏകദിന ക്രിക്കറ്റിന്റെ പിറവിയിലേക്കാണ് നയിച്ചത്. ക്രിക്കറ്റിലെ പുതിയ ക്രിക്കറ്റിന് വഴിതുറന്നു. ചരിത്രത്തിലെ ആദ്യ ഏകദിന രാജ്യാന്തര മത്സരം. 40 ഓവർ വീതമുള്ളതായിരുന്നു ആദ്യ മൽസരം. എട്ടു പന്തുകൾ അടങ്ങുന്നതായിരുന്നു ഓരോവർ. ഓരോ ടീമുകള്‍ക്കും 320 പന്തുകൾ വീതം. ആദ്യ ഏകദിനത്തിൽ  ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിന് വിജയിച്ചു. 82 റൺസ് നേടിയ ഇംഗ്ലീഷ് താരം ജോൺ എഡ്രിച്ച് മാൻ ഓഫ് ദ് മാച്ചായി. ‘വിരസവും നേരം കൊല്ലികളുമായ’ ടെസ്‌റ്റ് മത്സരങ്ങൾ കണ്ടുമടുത്ത ക്രിക്കറ്റ് പ്രേമികൾക്ക് ഇതൊരു പുത്തൻ അനുഭവമായി. ഏകദിന ക്രിക്കറ്റ് എന്ന ആശയം ‘ക്ലിക്കായി’.   

∙ ഏകദിന ലോകകപ്പിന്റെ ചരിത്രം

ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ‘ബഹുരാഷ്‌ട്ര’ ടൂർണമെന്റ് എന്ന ആശയം ഏതാനും മുൻ ഇംഗ്ലീഷ് ടെസ്‌റ്റ് താരങ്ങളുടെ തലയിൽ ഉദിച്ചതാണ്. സർ ഗബ്ബി അലൻ, ഡോണാൾഡ് കർ, രമൺ സുബ്ബ റോ എന്നീ ഇംഗ്ലീഷ് താരങ്ങളുടെ ആശയമായിരുന്നു ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുക എന്നത്. 1960കളിൽ ഇംഗ്ലണ്ടിൽ നടന്നിരുന്ന ഗില്ലറ്റ് കപ്പിന്റെ മാതൃകയിൽ ഏകദിനക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഇംഗ്ലണ്ട് ഈ ആശയത്തിന് പൂർണ പിന്തുണ നൽകി. അങ്ങനെ ലോകകപ്പ് എന്ന സ്വപ്‌നം പൂവണിഞ്ഞു. 

ആദ്യ ലോകകപ്പ് ടൂർണമെന്റ് എന്ന സങ്കൽപം യാഥാർഥ്യമായത് 1975 ജൂൺ ഏഴിനാണ്. അന്ന് ശൈശവദിശയിലായിരുന്ന ഏകദിനമത്സരങ്ങൾ പ്രഥമ ലോകകപ്പിന് മുൻപ് 18 തവണ മാത്രമേ അരങ്ങേറിയിട്ടുണ്ടായിരുന്നുളളൂ. ആദ്യ ലോകകപ്പ് തന്നെ വൻ വിജയമായിരുന്നു. ക്രിക്കറ്റ് പിറന്ന ഇംഗ്ലണ്ട് തന്നെയായിരുന്നു ആദ്യ ലോകകപ്പിനും ആതിഥ്യമരുളിയത്. പ്രൂഡ്യൻഷൽ അഷ്വറൻസ് കമ്പനിയാണ് ആദ്യ മൂന്ന് ലോകകപ്പുകളുടെയും പ്രായോജികർ. 

ലോകകപ്പ് നാളിതുവരെ (1975–2023) 

∙ 1975

1975 ജൂൺ ഏഴിന് ലോർഡ്‌സ് ആദ്യ മത്സരത്തിന് വേദിയൊരുക്കി. 60 ഓവർ മത്സരങ്ങളായിരുന്നു സംഘടിപ്പിച്ചിരുന്നത.് ക്രിക്കറ്റ് പിറന്ന ഇംഗ്ലണ്ട് തന്നെയായിരുന്നു ആദ്യ ലോകകപ്പിനും ആതിഥ്യമരുളിയത്. ടെസ്‌റ്റ് പദവിയുണ്ടായിരുന്ന ആറു രാജ്യങ്ങൾക്കൊപ്പം ശ്രീലങ്കയും ഈസ്‌റ്റ് ആഫ്രിക്കയും ആദ്യ ടൂർണമെന്റിൽ പങ്കാളികളായി. വെസ്‌റ്റ് ഇൻഡീസ് പ്രഥമ ലോകകപ്പിൽ മുത്തമിട്ടു. 

∙ 1979

രണ്ടാം ലോകകപ്പ് നാലുവർഷങ്ങൾക്കുശേഷം, 1979ൽ ഇംഗ്ലണ്ടിൽ തന്നെ നടന്നു. ടെസ്‌റ്റ് പദവിയുണ്ടായിരുന്നു ആറ് രാജ്യങ്ങളും ശ്രീലങ്കയും മത്സരിച്ചു. ഈസ്‌റ്റ് ആഫ്രിക്കയ്‌ക്കുപകരം കാനഡ രംഗത്തെത്തി. ലോർഡ്‌സിൽ അരങ്ങേറിയ ഫൈനലിൽ ഇംഗ്ലണ്ടിനെ 92 റൺസിന് പരാജയപ്പെടുത്തി വെസ്‌റ്റ് ഇൻഡീസ് വീണ്ടും ചാംപ്യൻമാരായി.  

∙ 1983 

1983ൽ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ കപിൽ ദേവും സഹതാരം സുനില്‍ ഗാവസ്കറും (ആർക്കൈവ് ഫോട്ടോ)
1983ൽ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ കപിൽ ദേവും സഹതാരം സുനില്‍ ഗാവസ്കറും (ആർക്കൈവ് ഫോട്ടോ)

ലോകകപ്പ് വീണ്ടും ഇംഗ്ലണ്ടിന്റെ മണ്ണിൽ. ഫീൽഡിങ് നിയന്ത്രണം രംഗത്തുവന്നു. കാനഡയ്‌ക്കു പകരം സിംബാബ്‌വെ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. ആതിഥേയരായ ഇംഗ്ലണ്ട്, പാക്കിസ്‌ഥാൻ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവർ എ ഗ്രൂപ്പിലും വെസ്‌റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ, ഇന്ത്യ, സിംബാബ്‌വെ എന്നിവർ ബി ഗ്രൂപ്പിലുമായി പ്രാഥമിക റൗണ്ട് മൽസരങ്ങൾ. കരുത്തരായ വെസ്‌റ്റ് ഇൻഡീസിനെ ഫൈനലിൽ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ഏറ്റുവാങ്ങി. 

∙ 1987

ലോകകപ്പ് മത്സരങ്ങൾ ആദ്യമായി ഇംഗ്ലണ്ടിനു പുറത്തുകടന്നു. ഇന്ത്യയും പാക്കിസ്‌ഥാനും സംയുക്‌തമായി ലോകകപ്പിന് ആതിഥ്യമരുളി. മത്സരങ്ങൾ അൻപത് ഓവറുകളായി ചുരുങ്ങി. ന്യൂട്രൽ അംപയർമാർ കളികൾ നിയന്ത്രിച്ചു. 1983ലെ ടീമുകൾ തന്നെ ഇത്തവണയും പങ്കെടുത്തു. ഇന്ത്യയിലെ റിലയൻസ് കമ്പനിയാണ് മത്സരങ്ങൾ സ്‌പോൺസർ ചെയ്‌തത്. ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ആദ്യമായി ലോകകപ്പിൽ മുത്തമിട്ടു. 

∙ 1992

അഞ്ചാം ലോകകപ്പിന് ന്യൂസീലൻഡും ഓസ്‌ട്രേലിയയും സംയുക്‌തമായി വേദിയൊരുക്കി. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ആദ്യമായി എട്ടിൽനിന്ന് ഉയർന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് വർണവിവേചനം മൂലം ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതിനെത്തുടർന്ന് അവരും ആദ്യമായി രംഗത്തെത്തി. കളിക്കാരുടെ ജഴ്‌സിയിൽ നിറം ചാർത്തി. പരമ്പരാഗതമായ ചുവപ്പു പന്തുകൾക്ക് പകരം വെളള പന്തുകൾ ഉപയോഗിച്ചു. ഫൈനൽ ഉൾപ്പെടെ പല മത്സരങ്ങളും ഡേ- നൈറ്റായി.  പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പുതിരിക്കാതെ എല്ലാ ടീമുകളും പരസ്‌പരം മത്സരിക്കുന്ന ലീഗ് അടിസ്‌ഥാനത്തിലുള്ള മത്സരങ്ങളാണ് ക്രമീകരിച്ചിരുന്നത്. ഐസിസി മാച്ച് റഫറിമാരെ രംഗത്തിറക്കി. ഫൈനലിൽ ഇംഗ്ലണ്ടിനെ 22 റൺസിന് പരാജയപ്പെടുത്തി പാക്കിസ്‌ഥാൻ ബെൻസൺ ആന്‍ഡ് ഹെഡ്‌ജസ് ലോകകപ്പ് കിരീടം ചൂടി. 

∙ 1996 

ലോകകപ്പിൽ ആതിഥ്യം വഹിക്കുന്ന രാജ്യങ്ങളുടെ എണ്ണം മൂന്നായി ഉയർന്നു. ഇന്ത്യയെയും പാക്കിസ്‌ഥാനെയും കൂടാതെ ശ്രീലങ്കയും ക്രിക്കറ്റ് ഉത്സവത്തിന് വേദിയൊരുക്കി. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം പന്ത്രണ്ടായി . കെനിയ, യുഎഇ., നെതർലൻഡ്‌സ് എന്നിവർ ആദ്യമായി ലോകകപ്പിനെത്തി. മൂന്നാം കണ്ണുമായി ടിവി അംപയർമാരും രംഗത്തെത്തി. ആദ്യമായി ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്നു. ലഹോറിൽ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയയെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടമണിഞ്ഞു.  

∙ 1999

ഇംഗ്ലണ്ടിനെക്കൂടാതെ സ്‌കോട്ട്‌ലൻഡ്, ഹോളണ്ട്, അയർലൻഡ് എന്നിവരും മത്സരങ്ങൾക്ക് വേദിയൊരുക്കി. ലോകചാംപ്യൻമാരെ കാത്ത് സ്‌ഥിരമായി ഒരു കപ്പ് നിലവിൽവന്നു- ഐസിസി കപ്പ്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ മാറ്റമില്ലെങ്കിലും 1996 ലോകകപ്പിൽ പങ്കെടുത്ത യുഎഇയും ഹോളണ്ടും പിൻവാങ്ങി. പകരം സ്‌കോട്ട്‌ലൻഡും ബംഗ്ലദേശും ആദ്യമായി മത്സരങ്ങളിൽ പങ്കെടുത്തു. ആറ് ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളിലായി പ്രാഥമിക മത്സരങ്ങൾ. ഇരുഗ്രൂപ്പുകളിൽനിന്ന് ആദ്യമെത്തുന്ന മൂന്നു ടീമുകൾ വീതം സൂപ്പർ സിക്‌സിൽ പരസ്‌പരം ഏറ്റുമുട്ടി. ഫൈനലിൽ പാക്കിസ്‌ഥാനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ജേതാക്കളായി. ഒരു ടൂർണമെന്റിൽ 500 വിക്കറ്റുകൾ ആദ്യമായി വീണു.   

∙ 2003

ലോകകപ്പ് ആദ്യമായി ആഫ്രിക്കയിൽ അരങ്ങേറി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, കെനിയ എന്നീ മൂന്ന് രാജ്യങ്ങളാണ് വേദിയൊരുക്കിയത്. ആകെ പതിനാലു രാജ്യങ്ങൾ ലോകകപ്പിനെത്തി. നമീബിയ ലോകകപ്പിൽ അരങ്ങേറി. ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ മൂന്നാം തവണയും ജേതാക്കളായി. 

∙ 2007

വെസ്‌റ്റ് ഇൻഡീസാണ് ഒൻപതാം ക്രിക്കറ്റ് ലോകകപ്പിന് (2007) വേദിയൊരുക്കിയത്. വെസ്‌റ്റ് ഇൻഡീസ് ദ്വീപസമൂഹത്തിൽപ്പെട്ട ഒൻപതു രാജ്യങ്ങൾ സംയുക്‌തമായി അതിഥ്യമരുളി. ആദ്യമായാണ് വെസ്‌റ്റ് ഇൻഡീസ് ലോകകപ്പിന് ആതിഥ്യമരുളിയത്. ആകെ 16 രാജ്യങ്ങൾ പങ്കെടുത്തു. ബെർമുഡയും അയർലൻഡും ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. തുടർച്ചയായി മൂന്നു ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ രാജ്യമായി ഓസിസ് (1999, 2003, 2007). ബാർബഡോസിലെ കെൻസിങ്‌റ്റൺ ഓവലിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 53 റൺസിന് തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ തങ്ങളുടെ നാലാം കിരീടവിജയം കൈക്കലാക്കിയത്. മഴനിയമം കളി നിയന്ത്രിച്ച ആദ്യ ലോകകപ്പ് ഫൈനൽ എന്ന പ്രത്യേകതയും അത്തവണയുണ്ടായിരുന്നു.

∙ 2011

2011ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം (AFP Photo)
2011ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം (AFP Photo)

*ലോകകപ്പ് മൽസരങ്ങൾ വീണ്ടും ഏഷ്യയിലേക്ക്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ മൂന്ന് ഏഷ്യൻ രാജ്യങ്ങൾ സംയുക്‌തമായി വേദിയൊരുക്കി. ആകെ 14 ടീമുകൾ പങ്കെടുത്തു. 49 മൽസരങ്ങൾ. ഐസിസിയുടെ പൂർണ അംഗത്വമുള്ള 10 രാജ്യങ്ങൾക്കൊപ്പം അസോസിയേറ്റ് പദവിയുള്ള നാലു ടീമുകളും ലോകകപ്പിന് യോഗ്യത നേടി. അയർലൻഡ്, കാനഡ, നെതർലൻഡ്‌സ്, കെനിയ എന്നിവയാണ് യോഗ്യത നേടിയ അസോസിയേറ്റ് ടീമുകൾ. ഡിസിഷൻ റിവ്യൂ സിസ്‌റ്റം (ഡിആർഎസ്) ആദ്യമായി ലോകകപ്പിൽ (ഏകദിന ക്രിക്കറ്റിൽത്തന്നെ ആദ്യമായി) പരീക്ഷിക്കപ്പെട്ടു. നോക്കൗട്ട് ഘട്ടം മുതൽ മൽസരം ടൈയിൽ കലാശിച്ചാൽ മൽസരം സൂപ്പർ ഓവറിലേക്ക്. 

ആതിഥേയരാഷ്‌ട്രങ്ങൾ ഫൈനലിൽ ഏറ്റുമുട്ടിയ ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായി. ക്യാപ്‌റ്റൻ എം.എസ്.ധോനി ഫൈനലിൽ മാൻ ഓഫ് ദ് മാച്ചായി, യുവരാജ് സിങ് മാൻ ഓഫ് ദ് സീരീസും. 9 മൽസരങ്ങൾ കളിച്ച ഇന്ത്യ 7 ജയവും, 1 തോൽവിയും ഏറ്റുവാങ്ങി. ഒരു മൽസരം സമനിലയിൽ കലാശിച്ചു. 

∙ ലോകകപ്പ് 2015

2015ലെ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ ടീം (AFP Photo)
2015ലെ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ ടീം (AFP Photo)

ക്രിക്കറ്റ് ലോകകപ്പിന്റെ പതിനൊന്നാമത് പതിപ്പിന് ഓസ്‌ട്രേലിയയും ന്യൂസീലൻഡും സംയുക്‌തമായി ആതിഥ്യം വഹിച്ചു. ടൂർണമെന്റിൽ ആകെ 49 മൽസരങ്ങൾ. ഏഴു വേദികളിലായി 26 മൽസരങ്ങൾ ഓസ്‌ട്രേലിയയിലും ഏഴു വേദികളിലായി 23 മൽസരങ്ങൾ ന്യൂസീലൻഡിലും നടന്നു. ഓസ്‌ട്രേലിയയിലെ മെൽബണ്‍ ഫൈനലിന് വേദിയൊരുക്കി. ആകെ 14 ടീമുകൾ. അഫ്‌ഗാനിസ്‌ഥാൻ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്കും ന്യൂസീലൻഡിനുമൊപ്പം ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്‌ഗാനിസ്‌ഥാൻ, സ്‌കോട്ട്‌ലൻഡ് എന്നിവർ ഉൾപ്പെട്ട പൂൾ എ. ഇന്ത്യയും പാക്കിസ്‌ഥാനും ദക്ഷിണാഫ്രിക്കയും വെസ്‌റ്റ് ഇൻഡീസും സിംബാബ്‌വെയും അയർലൻഡും യുഎഇയും ഉൾപ്പെട്ട പൂൾ ബി. ഒരോ പൂളിലെയും രാജ്യങ്ങൾ പരസ്‌പരം ഏറ്റുമുട്ടി. ഒരോ പൂളിലും ആദ്യ നാലു സ്‌ഥാനങ്ങളിലെത്തുന്ന ടീമുകൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ന്യൂസീലൻഡും ഇന്ത്യയെ തോൽപിച്ച് ഓസ്ട്രേലിയയും ഫൈനലിൽ കടന്നു. ആതിഥേയർ ഏറ്റുമുട്ടിയ ഫൈനലിൽ ഓസ്ട്രേലിയ 7 വിക്കറ്റിന് ജയിച്ച് തങ്ങളുടെ ലോകകപ്പ് കിരീടങ്ങളുടെ എണ്ണം അഞ്ചാക്കി.

∙ 2019

2019ലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീം (AFP Photo)
2019ലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീം (AFP Photo)

12–ാമത് ലോകകപ്പിന് ഇംഗ്ലണ്ടും വെയി‍ൽസും സംയുക്തമായി ആതിഥ്യം വഹിച്ചു. ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്നത് അഞ്ചാം തവണ. ആകെ പങ്കെടുത്ത ടീമുകളുടെ എണ്ണം 10. ടെസ്റ്റ് പദവിയുള്ള ടീമുകൾ  മാത്രം പങ്കെടുക്കുന്ന ആദ്യ ലോകകപ്പ്. ടെസ്റ്റ് പദവിയുള്ള മുഴുവൻ ടീമുകളും ഇല്ലാത്ത ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയും ഈ ടൂർണമെന്റിന് അവകാശപ്പെട്ടതാണ്. അസോഷ്യേറ്റ് പദവിയുള്ള ഒരു ടീമും പങ്കെടുക്കാത്ത ആദ്യ ലോകകപ്പ് എന്നതും പ്രത്യേകതയായിരുന്നു. ടെസ്റ്റ് പദവിയുണ്ടായിട്ടും യോഗ്യത നേടാതെ പോയ ടീമുകൾ: അയർലൻഡ്, സിംബാബ്‍വെ. ഫൈനലടക്കം 48 മൽസരങ്ങൾ. പ്രാഥമികഘട്ടത്തിൽ 10 ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലായിരുന്നു മൽസരങ്ങൾ. ഈ ഘട്ടത്തിൽ മുന്നിലെത്തുന്ന ആദ്യ 4 ടീമുകൾ സെമിയിൽ കടന്നു. ആകെ പതിനൊന്ന് വേദികളിലായി മൽസരങ്ങൾ നടന്നു. ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലിനാണ് ലോർഡ്സ് വേദിയായത്. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടിയ ഫൈനല്‍ ടൈ ആയതോടെ ഫലം നിർണയിച്ചത് സൂപ്പർ ഓവറും ബൗണ്ടറികളുടെ എണ്ണവും കണക്കിലെടുത്താണ്. ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഉയർത്തി. 

∙ 2023

ലോകകപ്പിനൊപ്പം ഇത്തവണത്തെ ടീമുകളുടെ ക്യാപ്റ്റൻമാർ (Photo: ICC)
ലോകകപ്പിനൊപ്പം ഇത്തവണത്തെ ടീമുകളുടെ ക്യാപ്റ്റൻമാർ (Photo: ICC)

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13–ാമത് പതിപ്പിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയിൽമാത്രമായി നടക്കുന്ന ആദ്യ ടൂർണമെന്റാണിത്. യോഗ്യതാറൗണ്ടിലൂടെയാണ് ടീമുകളെ നിർണയിച്ചത്. ആകെ 10 ടീമുകൾ. ടെസ്റ്റ് പദവിയുണ്ടായിട്ടും മൂന്ന് ടീമുകൾക്ക് (വെസ്റ്റിൻഡീസ്, സിംബാബ്‍വെ, അയർലൻഡ്) യോഗ്യത നേടാനായില്ല. ടെസ്റ്റ് പദവിയില്ലാത്ത ഒരു രാജ്യവും പങ്കെടുത്തു: നെതർലൻഡ്സ്. ആകെ മൽസരങ്ങൾ 48. നവംബർ 19ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. 

English Summary:

History of One Day Cricket and Cricket World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com