ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം; ടീം ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ ഓസീസ്?
Mail This Article
ലോകകപ്പ് 13–ാം പതിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. 1983ലും 2011ലും വിജയികളായ ഇന്ത്യയ്ക്ക് മൂന്നാം കിരീടം ഉയർത്താനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. മറുഭാഗത്ത് അഞ്ച് ലോകകിരീടങ്ങൾ സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് ഇന്ത്യയെ നേരിടാൻ തയാറെടുക്കുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐഐസി ടൂര്‍ണമെന്റിൽ ജയം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിന് തയാറെടുത്തത്.
ടൂർണമെന്റിൽ കളിച്ച പത്തു മത്സരങ്ങളിലും ഉജ്ജ്വല ജയവുമായാണ് ഇന്ത്യ കലാശപ്പോരിന് ഇറങ്ങുന്നത്. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റെങ്കിലും പിന്നീട് തുടർച്ചയായി എട്ട് മത്സരങ്ങളിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഓസീസ് ഇറങ്ങുന്നത്. തങ്ങൾ നേരത്തേയും ലോകകപ്പ് ജയിച്ചിട്ടുണ്ടെന്നും മികച്ച രീതിയിലാണ് ടീം മുന്നേറുന്നതെന്നുമുള്ള ഓസീസ് ക്യാപ്റ്റന്റെ വാക്കുകളിൽ വര്‍ധിത ആത്മവിശ്വാസവുമുണ്ട്.
മുൻ ക്യാപ്റ്റനും 1983 ലോകകപ്പ് ജേതാക്കളായ ടീം അംഗവുമായ സുനിൽ ഗാവസ്കറും മത്സരം കടുക്കുമെന്നു തന്നെയാണ് പറയുന്നത്. അപ്രതീക്ഷിതമായി കളിയുടെ ഗതി മാറ്റാൻ കെൽപ്പുള്ള, അഞ്ചു തവണ കിരീടം നേടിയ ടീമിനെതിരെയാണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നതെന്ന് ഗാവസ്കർ ചൂണ്ടിക്കാണിക്കുന്നു. 2021ലെ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഓസീസ് ഇത്തവണത്തെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ഇന്ത്യയെ തകര്‍ത്താണ് ലോകകപ്പിനെത്തിയത്. വൻകരയിലെ പോരാട്ടത്തിൽ ഏഷ്യന്‍ ചാംപ്യൻമാരായാണ് ഇന്ത്യ ടൂർണമെന്‍റിനെത്തിയത്.
തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയം നേടാനായതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ അന്ന് 199 റൺസില്‍ ഒതുക്കാനും ഇന്ത്യൻ ബോളർമാര്‍ക്കായി. പിന്നീട് ടീമിനൊപ്പം ചേർന്ന മുഹമ്മദ് ഷമി മിന്നുന്ന ഫോമിലാണ്. മധ്യ ഓവറുകളിൽ ഷമിയുടെ പന്തുകൾക്കു മുന്നിൽ വിയർക്കാത്ത ബാറ്റർമാരില്ല. കളിച്ച 6 മത്സരങ്ങളിൽനിന്ന് 23 വിക്കറ്റു നേടിയ ഷമി, ടൂർണമെന്റിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമനാണ്. ഷമി–ബുമ്ര–സിറാജ് പേസ് ത്രയം നാളെയും ഇന്ത്യൻ ടീമിന്റെ പ്രധാന ആയുധങ്ങളാവും. ഒപ്പം രവിന്ദ്ര ജഡേജയും കുല്‍ദീപ് യാദവും നടത്തുന്ന സ്പിൻ ആക്രമണം ചെറുക്കാനും ഓസീസ് ബാറ്റർമാർ ബുദ്ധിമുട്ടും.
മികച്ച ഫോമിൽ തുടരുന്ന ഇന്ത്യൻ ബാറ്റിങ് നിരയും കിരീട പ്രതീക്ഷകൾക്ക് മാറ്റുകൂട്ടുന്നു. ടൂർണമെന്റിൽ റെക്കോർഡ് പ്രകടനവുമായി മുന്നേറുന്ന സൂപ്പര്‍ താരം വിരാട് കോലി തന്നെയാണ് പ്രധാന താരം. ഇതുവരെ 711 റൺസ് റൺസ് നേടിയ താരം ഇനിയും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചേക്കും. ഓപ്പണര്‍മാരായ രോഹിത് ശർമയും ഇഷാൻ കിഷനും നൽകുന്ന മികച്ച തുടക്കം ഇന്ത്യയ്ക്ക് വൻ സ്കോർ സ്വന്തമാക്കാനും അവസരമൊരുക്കുന്നു. കണക്കുകള്‍ക്കപ്പുറം ഫൈനലിന്റെ സമ്മർദത്തെ അതിജീവിക്കാനാവുന്നവർക്ക് ഇത്തവണത്തെ കപ്പുയർത്താം. സ്വന്തം മണ്ണിൽ, ആരാധകരുടെ വൻ പിന്തുണ കൂടി ഉണ്ടാകുമ്പോൾ ടീം ഇന്ത്യയ്ക്ക് അതിനു സാധിച്ചേ മതിയാകൂ.