കെറ്റിൽബറോ ‘ശകുനപ്പിഴ’യാകുമോ? നിയന്ത്രിച്ച മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തോൽവി, ആരാധകർ ആശങ്കയിൽ
Mail This Article
അഹമ്മദാബാദ് ∙ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിനുള്ള മാച്ച് ഒഫിഷ്യലുകളെ കഴിഞ്ഞ ദിവസമാണ് ഐസിസി പ്രഖ്യാപിച്ചത്. ഇംഗ്ലിഷുകാരായ റിച്ചാർഡ് ഇല്ലിങ്‌വർത്തും റിച്ചാർഡ് കെറ്റിൽബറോയുമാണ് മത്സരത്തിൽ ഓൺഫീൽഡ് അംപയർമാർ. 2015ൽ ഓസീസ് കിരീടമുയർത്തിയ ഫൈനൽ മത്സരം നിയന്ത്രിച്ചതിനു ശേഷം ഇപ്പോഴാണ് കെറ്റിൽബറോ മറ്റൊരു ഫൈനൽ നിയന്ത്രിക്കാനെത്തുന്നത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ഒരുകൂട്ടം ആരാധകർ.
ഇതിലിപ്പോ എന്താണ് ആശങ്കപ്പെടാനെന്നല്ലേ, ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ടിൽ കെറ്റിൽബറോ നിയന്ത്രിച്ച അഞ്ച് മത്സരങ്ങളിലും ഇന്ത്യയ്ക്ക് നിരാശയാണ്. 2014ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിലായിരുന്നു ആദ്യത്തേത്. അന്ന് ഇന്ത്യ ശ്രീലങ്കയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു. തൊട്ടടുത്ത വർഷത്തെ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്ക് മുന്നിൽ ടീം ഇന്ത്യ തകർന്നടിഞ്ഞതാണ് രണ്ടാമത്തെ സംഭവം. 2016ൽ ട്വന്റി 20 ലോകകപ്പ് ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റിൽബറോ. അന്നും ഇന്ത്യയ്ക്ക് പരാജയപ്പെടാനായിരുന്നു വിധി.
2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലാണ് അടുത്ത മത്സരം. അന്ന് പാക്കിസ്ഥാന് മുന്നിലാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 2019 ലോകകപ്പിൽ അപരാജിതരായി സെമിയിലെത്തിയ ഇന്ത്യയെ ന്യൂസീലന്‍ഡ് വീഴ്ത്തിയപ്പോഴും കളി നിയന്ത്രിച്ചവരിൽ ഒരാൾ കെറ്റിൽബറോ ആയിരുന്നു. ഇന്ത്യ കളിച്ച ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലുകളിൽ ടിവി അംപയറായും കെറ്റിൽബറോയുടെ സാന്നിധ്യമുണ്ടായിരുന്നു. നേരത്തെ സെമിയിൽ ഇന്ത്യ – ന്യൂസീലൻഡ് മത്സരം നിയന്ത്രിക്കാൻ കെറ്റില്‍ബറോ ഇല്ലെന്നുള്ള ആശ്വാസത്തിലായിരുന്നു ആരാധകർ.
എന്നാല്‍ കെറ്റില്‍ബറോ മത്സരം നിയന്ത്രിച്ചാൽ തോൽക്കുമെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് പറയുന്നവരും ഏറെയാണ്. കെറ്റില്‍ബറോയും കൂടെയുള്ള ഇല്ലിങ്‌വർത്തും മികച്ച അംപയർമാരാണെന്ന് ഇവർ പറയുന്നു. ഇരുവരും ഐസിസിയുടെ എലൈറ്റ് പാനല്‍ അംഗങ്ങളാണ്. മികച്ച അംപയര്‍ക്കുള്ള ഡേവിഡ് ഷെപ്പേർഡ് ട്രോഫിയും ഇരുവരും നേടിയിട്ടുണ്ട്. ജോയൽ വിൽസനാണ് ഫൈനൽ മത്സരത്തിൽ തേഡ് അംപയർ. ക്രിസ് ഗഫാനി ഫോർത്ത് അംപയറും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറിയുമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം.