സാരമില്ല, തുടരട്ടെ സംഘഗാനം
Mail This Article
പാട്ടു കേൾക്കുന്നത് സുന്ദരമാണ്. പാട്ടിലലിയാത്ത ഒരു മനസ്സുമുണ്ടാകില്ല. കുമാരനാശാൻ ‘വീണപൂവി’ൽ പറഞ്ഞതുപോലെ;
വൈരാഗ്യമേറിയൊരു വൈദികനാട്ടെ
ഏറ്റ വൈരിക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ
നേരെ വിടർന്നു വിലസീടിന നിന്നെ നോക്കി -
യാരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം.
ഇത് പൂവിന്റെ വശ്യഭംഗിയാക്കുറിച്ചാണെങ്കിലും നമ്മളാദ്യം പറഞ്ഞ പാട്ടിനും ഇതു ബാധകം. ഏതുതരം മനുഷ്യനെയും പാട്ട് സന്തോഷിപ്പിക്കും. മൃഗങ്ങളിൽ, എന്തിന് ചെടികളിൽ പോലും സംഗീതത്തിന് മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
അപ്പോൾ ഒരു സംഘഗാനമായാലോ? എല്ലാവരും ഒന്നിനൊന്നു മെച്ചമായിപ്പാടുന്ന ഒരു മനോഹര സംഘഗാനമാണെങ്കിൽ അതെന്തുമാത്രം അവാച്യമായിരിക്കും. അനുഭൂതിദായകമായിരിക്കും!
പറഞ്ഞു വന്നത് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ചാണ്. രോഹിത് ശർമ നേതൃത്വം നൽകുന്ന, വിരാട് കോലിയും കെ.എൽ.രാഹുലും മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും കുന്തമുനകളാകുന്ന ഈ തട്ടുതകർപ്പൻ നീലപ്പടയെക്കുറിച്ചാണ്. അവരൊരുക്കിയ സംഘഗാനത്തിന്റെ മനോഹരമായ ഒരു ലോകകപ്പിനെക്കുറിച്ചാണ്.
എല്ലാവരും ചേർന്നൊരുക്കിയ കളിവിരുന്ന് ചേലൊത്തൊരു സംഘഗാനമായിരുന്നില്ലേ. ഒരേ മാറ്റോടെ എല്ലാവരും ചേർന്ന് ശ്രുതിയിട്ട, സംഗതികളെല്ലാം ചേർത്തുവച്ച വിസ്മയ പ്രകടനം. നീലക്കടലിളകും പോലെ അതിനൊത്തു താളമിട്ട ഗാലറികൾ ഒരു പൂരക്കടലിരമ്പത്തെ ഓർമിപ്പിച്ചു, എല്ലായ്പ്പോഴും.
ഒരൊറ്റ യൂണിറ്റായിരുന്നു ഇന്ത്യൻ ടീം. ഒരു കുലയിലെ ഒട്ടേറെപ്പൂവുകൾ പോലെ. ക്യാപ്റ്റൻ മുതൽ കുൽദീപ് യാദവ് വരെയുള്ളവർ വിജയത്തിലേക്കുള്ള കുതിപ്പിൽ ഒരേ മനസ്സോടെ പങ്കുചേർന്നു. ഒരാൾ ശബ്ദമൊന്നു താഴ്ത്തിയാൽ അതു നികത്താൻ മറ്റുള്ളവർ ഉറക്കെപ്പാടി. എവിടെയെങ്കിലും സ്വരമൊന്നു പിഴച്ചാൽ അതിനെ മറികടക്കും വിധം ബാക്കിയുള്ളവർ തെളിമ കാട്ടി. എല്ലാ സംഗതികളും ചേരുംപടി ചേർക്കാൻ ടീമൊന്നിച്ച് അണി ചേർന്നു.
മുന്നിൽ നിന്നു നയിച്ച രോഹിതാണോ മികവിന്റെ അസാമാന്യ രൂപമായ കോലിയാണോ സംഘഗാനത്തിലെ മുഖ്യഗായകനെന്ന സംശയം ചിലർക്കെങ്കിലും തോന്നിയേക്കാം. റൺ കണക്കിലും നേടിയ ബഹുമതികളിലും കോലിയാണ് മുന്നിട്ടുനിന്നതെങ്കിലും രോഹിത്തൊരുക്കിയ അടിത്തറയിലാണ് അംബരചുംബികളായ കെട്ടിടങ്ങൾ കോലി പണിതുയർത്തിയത്. അതുകൊണ്ടുതന്നെ രോഹിത് - കോലി ദ്വയമാണ് പാട്ടിനെ, പടയെ നയിച്ചതെന്നു തന്നെ പറയണം. രോഹിത്തിന്റെ തുടക്കത്തിലെ വമ്പനടികളുടെ കരുത്തിലായിരുന്നു പലപ്പോഴും ക്ഷമയോടെ കോലി കളം പിടിച്ചത്.
ചില ദിവസങ്ങളിൽ പാട്ടിന്റെ നായകത്വം മറ്റുള്ളവർ ഏറ്റെടുത്തു. അതുതന്നെയാണല്ലോ മികവുള്ള ഒരു സംഘത്തിന്റെ ബലവും മൂല്യവും. മിന്നൽപിണർ പോലെയുദിച്ച മുഹമ്മദ് ഷമിയുടെ വിസ്മയപ്പെരുക്കങ്ങൾ ഗാലറികളെ ഉന്മാദത്തിലാഴ്ത്തിയത് എത്ര വട്ടമാണ്. ഗാനമേളയ്ക്കിടയിലെ മാജിക് പോലെ അവ വേറിട്ടുനിന്നു. പാട്ടു മറന്ന കാണികൾ മാജിക്കിന്റെ മായക്കാഴ്ചയുടെ ആരാധകരായി. ഷമി തന്റെ മാജിക്, സെമിയിലെ ന്യൂസീലൻഡിനെതിരായ ഏഴു വിക്കറ്റ് പ്രകടനത്തോടെ അതിന്റെ പരകോടിയിലെത്തിച്ചപ്പോൾ മുംബൈ വാങ്കഡെ സ്റ്റേഡിയം ഭൂമിക്കും മേലെ ആകാശത്തോളമുയർന്നു. ഹാർദിക് പാണ്ഡ്യക്കു പരുക്കേറ്റതിനാലാണ് ഷമിക്കു കളിക്കാനിറങ്ങാനായത് എന്ന ഒറ്റക്കാരണത്താൽ പലരും ഹാർദിക്കിന്റെ പരുക്കിൽ സന്തോഷം പ്രകടിപ്പിച്ചു എന്നതുകൂടിയോർക്കണം. പാടാനറിയാവുന്നവർ പലരുണ്ടെന്ന തിരിച്ചറിവിന്റെ നിറവിലായിരുന്നു ഇതും.
ഇന്ത്യൻ പ്രിമിയർ ലീഗ് എന്ന വലിയ കളരിയുടെ പോസിറ്റീവ് സ്വാധീനം ടീമിന്റെ സമീപനത്തിലുമുണ്ടായിരുന്നു. ലോകത്തിലെ മികച്ച താരങ്ങൾക്കൊപ്പവും അവർക്കെതിരെയും കളിച്ചു നേടിയ ഐപിഎൽ പരിചയം എതു വമ്പനെയും ഏതറ്റംവരെയും നേരിടാമെന്ന ചങ്കുറപ്പ് ഓരോ ഇന്ത്യൻ താരത്തിനും നൽകിയെന്നതു വസ്തുതയാണ്. ലോകകപ്പിന്റെ താരമാകുമെന്നു കരുതിയെങ്കിലും ആ ഉന്നതിയിലേക്കെത്താൻ ഇനിയും പോകാനുണ്ടെന്ന സൂചന നൽകിയ ശുഭ്മാൻ ഗിൽ പോലും ചില കളികളിൽ എത്ര ആധികാരികമായാണ് ഷോട്ടുകൾ പായിച്ചത്. സാധാരണ പാട്ടുകൾക്കിടയിൽ കയ്യിൽ നിന്നിട്ട ചില സംഗതികൾ കൊണ്ട് നമ്മളെ ആഹ്ലാദത്തിലാറാടിച്ച ചില പാട്ടുകാരില്ലേ; അതുപോലെ തന്നെ.
ഗിൽ കൂടി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നെങ്കിൽ എത്രത്തോളം ഉയരം കൂടിയേനെ ആരാധകരുടെ ആഹ്ലാദത്തിന്റെ, അഭിമാനത്തിന്റെ കൊടുമുടികൾക്ക്.
ചില ഗംഭീരൻ പ്രയോഗങ്ങളിലൂടെ വിമർശനങ്ങളെ തല്ലിയോടിച്ച ശ്രേയസ് അയ്യരുടെ ചില ദിവസത്തെ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ ആർക്കാണു മറക്കാനാവുക; നിർണായക നേരങ്ങളിൽ നിറം മങ്ങിയെങ്കിലും.
സൂര്യകുമാർ യാദവിനും തന്റെ പ്രതിഭയുടെ കൊട്ടിക്കലാശത്തിന് ഏറെ അവസരങ്ങൾ ലഭിച്ചില്ലെന്നതാണു വാസ്തവം. ഇഷാൻ കിഷനെപ്പോലൊരു ജീനിയസ് പകരക്കാരുടെ ബെഞ്ചിലായിരുന്നു ഏറിയ കൂറുമെന്നോർക്കുക. അത്രമേൽ പ്രതിഭാധനരുടെ നിരയായിരുന്നു ടീമിന്ത്യയെന്നു സാരം.
ഈ സംഘത്തിൽ ഒരാളുടെ അസാന്നിധ്യമാണ് ആരാധകരെ ഏറെ സങ്കടപ്പെടുത്തിയത്. ആ ഒരു എക്സ് ഫാക്ടർ കൂടിയുണ്ടായിരുന്നെങ്കിൽ കളിയാരാധകർക്കു മുന്നിൽ തുറന്നു കിട്ടുമായിരുന്ന വിസ്മയ നിമിഷങ്ങൾ ചിലരെങ്കിലും ഓർത്തു കാണണം. മറ്റാരുമല്ല ഋഷഭ് പന്താണത്. വെല്ലുവിളികൾക്ക് ചങ്കുറപ്പോടെ മറുപടി നൽകാൻ തന്റേടമുള്ളൊരാളായി പന്തിനെ നെഞ്ചോടു ചേർക്കുന്നവർ ഒട്ടേറെയുണ്ട്. പക്ഷേ, ഈ അഭാവമൊന്നും ടീമിനെ ഒരു തരത്തിലും ബാധിച്ചില്ലെന്നതാണ് ടീം ഒന്നിനൊന്നു മികച്ചവരുടെ കൂട്ടമായിരുന്നു എന്നതിന്റെ തെളിവ്. അതുകൊണ്ടുതന്നെ പന്ത് ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന സങ്കൽപത്തിനു പ്രസക്തിയില്ല. പക്ഷേ തുടർച്ചയായ 10 കളികളിലെ തകർപ്പൻ പ്രകടനത്തിനു ശേഷം ഫൈനലിൽ ഓസ്ട്രേലിയൻ ബോളർമാർക്കു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ചൂളിപ്പോയപ്പോൾ, പന്തിന്റെ ചങ്കുറപ്പ് ഒപ്പമുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചവരെ കുറ്റം പറയാനാകുമോ?
നാട്ടിൽ നടന്ന ഈ സംഘഗാനമേള ഗംഭീരമാക്കിയതിൽ വലിയ സംഭാവന നൽകിയ സംവിധായകനെക്കുറിച്ചുകൂടി പറയാതെങ്ങനെ. ഇന്ത്യയുടെ വന്മതിലായ രാഹുൽ ദ്രാവിഡിനെക്കുറിച്ച്. കോച്ചെന്ന നിലയിൽ ദ്രാവിഡിന്റെ ആശയങ്ങളാണ് ടീമിനെ തുടർവിജയങ്ങളിലേക്കു നയിച്ചതും കരുത്തായതും. സംഘഗാനയജ്ഞം പിഴവില്ലാതെ നിയന്ത്രിച്ച ഈ മ്യൂസിക് കണ്ടക്ടർക്കു കൂടി കൊടുക്കണം സന്തോഷത്തിന്റെ നോട്ടുമാലകൾ.
സാരമില്ല ടീ ഇന്ത്യ! എന്നു പറയാനാണു തോന്നുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഈ ദിനം ടീം ഇന്ത്യക്കും ഗാലറിയിലെ നീലത്തിരമാലകൾക്കും അവകാശപ്പെട്ടതായിരുന്നില്ല. ലോകത്തിന്റെ മുക്കിലും മൂലയിലുമിരുന്ന് ഈ കലാശപ്പോരിൽ ത്രിവർണ പതാക നെഞ്ചോടുചേർത്തു പിടിച്ചവർക്കും സങ്കടമാണു ബാക്കി. അവസാന ഗാനം പിഴച്ചുപോയെങ്കിലും സാരമില്ല. ലീഗ് റൗണ്ടിലെ 9 മത്സരങ്ങളും പിന്നെ തകർപ്പൻ സെമിഫൈനലും ജയിച്ച് ഞങ്ങളെ അഭിമാനപുളകിതരാക്കിയിട്ടല്ലേ ഒടുവിൽ കീഴടങ്ങിയത്. ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്നതും നിസ്സാര കാര്യമല്ലല്ലോ. പായസം കിട്ടിയില്ലെങ്കിലും സദ്യ സദ്യ തന്നെയാണല്ലോ! പായസം കൂടിയുണ്ടായിരുന്നെങ്കിൽ കേമമായിരുന്നേനെ എന്നുമാത്രം.