ADVERTISEMENT

പരാജിത കുതിപ്പിനൊടുവിൽ ഏക തോൽവിയോടെ ഇന്ത്യയുടെ സ്വപ്നകിരീടം ഓസ്ട്രേലിയ എടുത്തുയർത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞത് ഒരു ടീമിനു മാത്രമല്ല, രാജ്യത്തിനാകെയാണ്. നീലക്കടലായി ഇരമ്പിയാർക്കാനെത്തിയ കാണികളെല്ലാം നഷ്ടഭാരത്തോടെയാണു മടങ്ങിയത്. പക്ഷേ, സങ്കടക്കടലിലും ഓർക്കാൻ ചില ആശ്വാസ നിമിഷങ്ങളുണ്ട്. ക്രിക്കറ്റിനാകെ തിലകം ചാർത്തുന്ന ആ കേളീമികവ് ഇന്ത്യയെ ഇനിയും മുന്നോട്ടു നയിക്കുമെന്നു തീർച്ച. റെക്കോർ‍ഡുകളുടെ തോഴനായും ഈ ടൂർണമെന്റിന്റെ താരമായും മാറിയ വിരാട് കോലി നമുക്കോർക്കാനുള്ള മനോഹരക്കാഴ്ചയാണ്.

കുഞ്ഞുന്നാൾ തൊട്ടേ കളിമൈതാനങ്ങളിലേക്കു കൈപിടിച്ചു നടത്തിയ അച്ഛന്റെ അപ്രതീക്ഷിത വേർപാടിൽ ഉലഞ്ഞു പോയൊരു പതിനെട്ടുകാരൻ. അച്ഛൻ മരിച്ചതിന്റെ തൊട്ടടുത്ത ദിവസവും സങ്കടക്കണ്ണീർ ഉണങ്ങും മുൻപേ അവൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. 2006ലെ രഞ്ജി ട്രോഫി മത്സരത്തില്‍ കർണാടകയ്ക്കെതിരെ 90 റൺസെടുത്തു തന്റെ ടീമായ ഡൽഹിയെ ഫോളോ–ഓണിൽനിന്നു കരകയറ്റിയ രക്ഷകനുമായി. വീട്ടിൽ അനുശോചനവുമായി എത്തിയവരോടെല്ലാം അവൻ പറഞ്ഞു: ‘‘അച്ഛനു വേണ്ടി മറ്റൊന്നും ചെയ്യാനില്ല, ടീമാണ് എനിക്കെല്ലാം!’’. ഡൽഹിയിൽ ക്രിമിനൽ അഭിഭാഷകനായിരുന്ന പ്രേം കോലി ഹൃദയാഘാതത്താൽ മരിക്കുമ്പോൾ 54 വയസ്സായിരുന്നു പ്രായം. അന്നുമുതൽ ഇന്നുവരെയും ക്രിക്കറ്റിലെ ലോക റെക്കോർഡുകൾ കൊണ്ട് പ്രേം കോലിക്കു പിതൃകർമം ചെയ്യുന്ന പുത്രനാണു സാക്ഷാൽ വിരാട് കോലി. കോടിക്കണക്കിനു കളിയാരാധകരുടെ മനസ്സിൽ അയാൾ കിങ് കോലിയായും വിരാട് രൂപമായും നിറയുന്നു.

ഡല്‍ഹിയില്‍ കൂട്ടുകാര്‍ക്കൊപ്പം വെറുതെ പന്തുതട്ടി കളിച്ച് സമയം കളഞ്ഞിരുന്ന മകനെ കൂട്ടുകാരുടെ ഉപദേശമനുസരിച്ചാണു ക്രിക്കറ്റ് അക്കാദമിയില്‍ പ്രേം കോലി ചേർത്തത്. കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ എന്തും സാധ്യമാണെന്ന അച്ഛന്റെ ഉപദേശമാണ് അന്നും ഇന്നും കോലിയുടെ വിജയമന്ത്രം. ഡൽഹിയിലെ പഞ്ചാബി കുടുംബത്തിൽ 1988 നവംബർ 5ന് ജനിച്ച കോലിക്കു മുന്നിൽ ആരും ക്രിക്കറ്റ് ടീമിന്റെ വാതിലുകൾ തുറന്നിട്ടിരുന്നില്ല. ഗോഡ്ഫാദർമാരും ഉണ്ടായിരുന്നില്ല. എല്ലാം സ്വയം വെട്ടിപ്പിടിച്ചത്, ആധികാരികമായി നേടിയെടുത്തത്. ‘‘കഷ്ടകാലം എന്താണെന്ന് എനിക്ക് നന്നായി അറിയാം. ചെറുപ്പത്തിൽ അച്ഛൻ പോയി. കുടുംബ ബിസിനസ് നഷ്ടമായി. വാടകവീട്ടിലേക്കു താമസം മാറി. അച്ഛനായിരുന്നു വലിയ പിന്തുണ. ആ നഷ്ടം ക്രീസിൽ നിൽക്കുമ്പോൾ പോലും അനുഭവപ്പെടാറുണ്ട്...’’– മുൻപൊരു അഭിമുഖത്തിൽ കോലി പറഞ്ഞു. അച്ഛൻ പ്രേം, അമ്മ സരോജ എന്നിവരുടെ പേരുകൾ കോലി ദേഹത്ത് പച്ച കുത്തിയിട്ടുമുണ്ട്.

ലോകകപ്പ് ഫൈനലിൽ വിരാട് കോലിയുടെ ബാറ്റിങ് (AFP Photo)
ലോകകപ്പ് ഫൈനലിൽ വിരാട് കോലിയുടെ ബാറ്റിങ് (AFP Photo)

തൊടുന്നതെല്ലാം പൊന്നാകുന്ന ഭാഗ്യവാനുമല്ലായിരുന്നു. ആത്മവിശ്വാസവും ആത്മസമർപ്പണവും കൊണ്ടു നേടിയെടുത്തതാണു കോലിയുടെ മനോഹരമായ ഓരോ ഇന്നിങ്സുകളും. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയും (765) ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറിയുള്ള (50) താരമായും കോലി ഇന്ത്യക്കാരുടെ ഹൃദയത്തിൽ തിളങ്ങിക്കൊണ്ടിരിക്കുന്നു. ‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ’ എന്നു വിശേഷണമുള്ള കോലിയുടെ മുഖമുദ്ര നിതാന്ത വീര്യമാണ്. പോർച്ചുഗൽ ഫുട്ബോള‍ർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖത്തുള്ള അതേഭാവം. 2008 ഓഗസ്റ്റ് 18നു ശ്രീലങ്കയ്ക്കെതിരെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറിയ കാലത്തെ കോലിയല്ല ഇപ്പോൾ. പക്വതയാർന്ന ഡ്രൈവുകളും ഫ്ലിക്കുകളും വളരെ വേഗമാണു കോലി സ്വായത്തമാക്കിയത്. കളിയുടെ സ്വഭാവത്തിന് അനുസരിച്ചു റൺറേറ്റ് ഉയർത്താനും താഴ്ത്താനുമറിയാവുന്ന പ്രതിഭ. ഒപ്പം കളിക്കുന്നവരിൽ, തന്നേക്കാൾ കഴിവുള്ളവരെ കഠിനാധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ബാറ്റുകൊണ്ട് കോലി പിന്നിലാക്കിയതിനു കാലം സാക്ഷി.

ക്രിക്കറ്റിനെ മതമായി കാണുന്ന ഇന്ത്യക്കാർക്ക് ഒറ്റ ദൈവമേയുള്ളൂ– സച്ചിൻ തെൻഡുൽക്കർ. കളിക്കളത്തിലും ഹൃദയമൈതാനങ്ങളിലും അനവധി റെക്കോർഡുകൾ സ്വന്തമാക്കി, ഇന്ത്യയുടെ വൈകാരികോർജമായ സച്ചിൻ പാഡഴിച്ചപ്പോൾ, നമ്മൾ മാസ്റ്റർ ബ്ലാസ്റ്ററെ ഇതിഹാസമായി വാഴ്ത്തി. സച്ചിൻ എന്ന ഇതിഹാസവുമായി കരിയറിന്റെ തുടക്കംതൊട്ടേ താരതമ്യം ചെയ്യപ്പെട്ട പ്രതിഭാസമായിരുന്നു കോലി. കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സച്ചിന്റെ 49 ഏകദിന സെഞ്ചറി എന്ന റെക്കോർഡിനൊപ്പമെത്തിയ കോലി, 10 ദിവസത്തിനുള്ളിലാണു ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ സെഞ്ചറിയോടെ സച്ചിനെയും മറികടന്നത്. സച്ചിന്റെ കളിമുറ്റമായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അദ്ദേഹത്തെ സാക്ഷിയാക്കിയായിരുന്നു പ്രകടനം. 135.1 കിലോമീറ്റർ വേഗത്തിൽ സ്റ്റംപിലേക്കു വന്ന പന്തിനെ ആളൊഴിഞ്ഞ ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിലേക്കു തഴുകിവിട്ടാണു കോലി ചരിത്രത്തിലേക്ക് ബാറ്റ് നീട്ടിയത്. ഈ അൻപതാം നൂറിലെത്താൻ കോലിക്ക് വേണ്ടി വന്നത് 148 മിനിറ്റുകളും 106 പന്തുകളുമായിരുന്നു. പക്ഷേ കാൽ നൂറ്റാണ്ടിലേറെ നീളുന്നതാണ് അതിനു പിന്നിലെ അധ്വാനവും സമർപ്പണവും.

അൻപതാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയ കോലിയുട ആഹ്ലാദപ്രകടനം.  (Photo by Punit PARANJPE / AFP)
അൻപതാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയ കോലിയുട ആഹ്ലാദപ്രകടനം. (Photo by Punit PARANJPE / AFP)

ഏകദിന ക്രിക്കറ്റിൽ സെഞ്ചറികളിൽ അർധ സെ‍ഞ്ചറി തികച്ച ആദ്യ താരമാകാൻ 278 ഇന്നിങ്സുകൾ മാത്രമാണു കോലിക്കു കളിക്കേണ്ടിവന്നത്. 49 സെഞ്ചറി പൂർത്തിയാക്കാൻ സച്ചിനു വേണ്ടിവന്നതാകട്ടെ 455 ഇന്നിങ്സുകളും. സച്ചിനാണു റോൾ മോഡലെന്നും അദ്ദേഹവുമായി താരതമ്യം ചെയ്യപ്പെടാൻ യോഗ്യനല്ലെന്നും ആവർത്തിച്ചിട്ടുണ്ടെങ്കിലും, കണക്കുപുസ്തകത്തിലെ മുൻതൂക്കം കോലിക്കുതന്നെ. 2008ൽ ഇന്ത്യൻ ടീമിന് അണ്ടർ19 ലോകകിരീടം നേടിക്കൊടുത്തതിനു പിന്നാലെ സീനിയർ ടീമിലെത്തിയ കോലി, 2013ൽ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്ററായി. മത്സരങ്ങൾ പിന്തുടർന്നു ജയിക്കുന്നതിലെ അവിശ്വസനീയ മികവാണു കോലിയുടെ പ്രത്യേകത. എം.എസ്.ധോണി 2014ൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ കോലി ക്യാപ്റ്റനായി. 2017ൽ ഏകദിന ടീമിന്റെയും ക്യാപ്റ്റൻസി ഏറ്റെടുത്തു. 2019ന്റെ അവസാനത്തോടെ കോലിയുടെ ബാറ്റിങ് ഫോമിൽ ഇടിവു വന്നപ്പോൾ വിമർശനങ്ങളുയർന്നു. ഇതുതന്റെ രണ്ടാം വരവെന്ന് 2023നെ നോക്കി കോലി പറഞ്ഞു. ഈ വർഷം ഇതുവരെ 8 രാജ്യാന്തര സെഞ്ചറികൾ. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും നിലവിലെ ഏകദിന ലോകകപ്പിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്ററും മറ്റാരുമല്ല.

ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ നായകത്വത്തിൽ പത്തിൽ പത്തു കളികളും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയത്. ബാറ്റിങ്ങിൽ കോലിയുടെ മേധാവിത്വമായിരുന്നു ഭൂരിഭാഗം മത്സരങ്ങളിലും. ലോകകപ്പിൽ ഇതുവരെയുള്ള 11 കളികളിൽനിന്ന് കോലി നേടിയത് 3 സെഞ്ചറികളും 6 അർധ സെഞ്ചറികളും. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റിങ് ദുഷ്കരമായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കോലി 116 പന്തിൽനിന്ന് 85 റൺസ് നേടി. രണ്ടാം മത്സരത്തിൽ അഫ്ഗാനെതിരെ 273 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ, 2 വിക്കറ്റ് നഷ്ടത്തിൽ 35 ഓവറിൽ ലക്ഷ്യം കണ്ടു. കോലി 56 പന്തിൽ നേടിയത് 55 റൺസ്. ചിരവൈരികളായ പാക്കിസ്ഥാനെ 7 വിക്കറ്റിനാണ് തകർത്തത്. പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. കോലിയുടെ സംഭാവന 16 റൺസ്. ബംഗ്ലദേശ് കുറിച്ച വിജയലക്ഷ്യമായ 257 റൺസ് 51 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സിക്സർ പറത്തി ഇന്ത്യയെ വിജയിപ്പിച്ച കോലി 103 റൺസുമായി ഔട്ടാകാതെ കളിയിലെ താരമായി.

ന്യൂസീലൻഡ് ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത് 274 റൺസ് വിജയലക്ഷ്യം. കോലി ഒരറ്റത്ത് നിലയുറപ്പിച്ചപ്പോൾ, 12 പന്തുകൾ ബാക്കിനിൽക്കെ വിജയം. 104 പന്തിൽ 95 റൺസെടുത്ത് കോലി ടോപ് സ്കോററായി. ഇന്ത്യ ഉയർത്തിയ 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 129ന് പുറത്തായി. ഇന്ത്യ സെമി പ്രവേശനം ഉറപ്പിച്ച മത്സരത്തിൽ കോലിക്കു റൺസൊന്നും നേടാനായില്ല. ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്ത മത്സരത്തിൽ ശ്രീലങ്ക 19.4 ഓവറിൽ 55 റൺസിന് ഓൾ ഔട്ടായി. കോലിയുടെ സമ്പാദ്യം 88 റൺസ്. ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് ഇന്ത്യ തകർത്തത്. ജന്മദിനത്തിൽ സെഞ്ചറി (101*) നേടി കോലി തിളങ്ങി. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റൺസിനു തോൽപ്പിച്ച പോരാട്ടത്തിൽ കോലി നേടിയത് 51 റൺസ്. ഒരു വിക്കറ്റും സ്വന്തമാക്കി. സെമിയിൽ ന്യൂസീലൻഡിനെതിരെ 70 റൺസിനായിരുന്നു ജയം. സച്ചിനെ പിന്തള്ളി കോലി ഏകദിന ക്രിക്കറ്റിലെ 50–ാം സെഞ്ചറി സ്വന്തമാക്കി. 113 പന്തുകൾ നേരിട്ട കോലി നേടിയത് 117 റൺസ്.

സെഞ്ചറി നേട‍ിയ വിരാട് കോലി സച്ചിനെ അഭിവാദ്യം ചെയ്യുന്നു, സച്ചിനും വിരാട് കോലിയും.
സെഞ്ചറി നേട‍ിയ വിരാട് കോലി സച്ചിനെ അഭിവാദ്യം ചെയ്യുന്നു, സച്ചിനും വിരാട് കോലിയും.

ഒരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയാണ് ഓസ്ട്രേലിയയുമായുള്ള ഫൈനൽ മത്സരത്തിൽ കോലി പവലിയനിലേക്കു മടങ്ങിയത്. 1792 റൺസുമായി ലോകകപ്പിൽ കൂടുതൽ റണ്ണുള്ള രണ്ടാമത്തെ താരം. 1743 റൺസുള്ള ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണു കോലി മറികടന്നത്. 2278 റൺസുള്ള സച്ചിൻ മാത്രമാണു മുന്നിൽ. ഒരു കലണ്ടർ വർഷം 6 ഏകദിന സെഞ്ചറികളെന്ന നേട്ടം 3 തവണ സ്വന്തമാക്കിയ കോലിക്ക് ഈ നേട്ടത്തിൽ എതിരില്ല. 2017, 2018, 2023 വർഷങ്ങളിലാണ് 6 സെഞ്ചറികൾ തികച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ 63 പന്തുകൾ നേരിട്ട കോലി 54 റൺസെടുത്തു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്തില്‍ താരം ബോൾഡാകുകയായിരുന്നു.

ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചറികള്‍ നേടിയപ്പോഴും പതിവുപോലെ കോലിയെ അഭിനന്ദിക്കാൻ ഗാലറിയിൽ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുമുണ്ടായിരുന്നു. കോലിക്ക് അനുഷ്‌ക ഫ്ലെയിങ് കിസ് നല്‍കുന്ന വിഡിയോ വൈറലുമായി. അനുഷ്‌ക പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ച വരികൾ ആരുടെയും ഹൃദയം തൊടുന്നതായിരുന്നു: ‘‘ദൈവമാണ് ഏറ്റവും നല്ല തിരക്കഥാകൃത്ത്! നിന്റെ സ്നേഹത്താൽ എന്നെ അനുഗ്രഹിച്ചതിന്, നീ കരുത്തനായി വളർന്ന് ആഗ്രഹമുള്ളതെല്ലാം നേടുന്നതു കണ്ടതിന്, നിന്നോടും കായികരംഗത്തോടും എപ്പോഴും സത്യസന്ധത പുലർത്തുന്നതിന്, ദൈവത്തോട് അങ്ങേയറ്റം നന്ദിയുണ്ട്. യഥാർഥത്തിൽ നീ ദൈവത്തിന്റെ കുട്ടിയാണ്’’. അതെ, ഇന്ത്യയിലെ ക്രിക്കറ്റ് വിശ്വാസികൾക്ക് ആരാധിക്കാൻ ദൈവം മാത്രമല്ല, ഇനി ദൈവപുത്രൻ കൂടിയുണ്ട്. നന്ദി, ചീക്കൂ!

English Summary:

Virat Kohli leading the Indian cricket team; winning heart of Anushka Sharma and fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com