ADVERTISEMENT

അഹമ്മദാബാദ്∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ടോസ് ലഭിച്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയ്ക്കെതിരെ ആദ്യം പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു. ടോസ് ലഭിക്കുന്നവർ ആദ്യം ബാറ്റു ചെയ്യുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു കമിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിളിച്ചത്. മത്സരം നടക്കുന്ന പിച്ചിൽ ഡ്രൈ വിക്കറ്റാണെന്ന് കമ്മിൻസ് ടോസിനു ശേഷം പ്രതികരിച്ചു. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ രാത്രി മഞ്ഞിന്റെ സ്വാധീനമുണ്ടാകുമെന്നും കമ്മിൻസ് വ്യക്തമാക്കി.

‘‘ഓസ്ട്രേലിയൻ ടീമിന്റെ പ്രകടനത്തിൽ വലിയ അഭിമാനമുണ്ട്. ലോകകപ്പിൽ മോശം തുടക്കമായിരുന്നു ലഭിച്ചത്. പക്ഷേ താരങ്ങളുടെ ഭാഗത്തുനിന്നു പിഴവുകളൊന്നുമുണ്ടായില്ല.’’– കമ്മിൻസ് വ്യക്തമാക്കി. ടോസ് ലഭിച്ചിരുന്നെങ്കിൽ ബാറ്റിങ് തിരഞ്ഞെടുക്കുമെന്നായിരുന്നു രോഹിത് ശർമയുടെ പ്രതികരണം. ഇന്ത്യൻ ടീമിനെ ഫൈനലിൽ നയിക്കുകയെന്നതു ക്യാപ്റ്റനെന്ന നിലയില്‍ തന്റെ സ്വപ്നമായിരുന്നെന്നും രോഹിത് ശർമ പറഞ്ഞു.

മോദി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ബുദ്ധിമുട്ടുമെന്നായിരുന്നു ക്യൂറേറ്ററുടെ പ്രവചനം. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ അഞ്ചാം നമ്പർ പിച്ചിലാണ് ഇന്ത്യ– ഓസ്ട്രേലിയ മത്സരം നടക്കുന്നത്. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടത്തിയ പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്തു പരമാവധി സ്കോർ കണ്ടെത്തുന്നതാണു പ്രധാനമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ബാറ്റിങ്ങിലും ബോളിങ്ങിലും ആവശ്യത്തിനു കരുത്തുള്ള ഇന്ത്യയെപ്പോലൊരു ടീമിന് ടോസ് നിർണായകമാകില്ലെന്നാണ് ശാസ്ത്രിയുടെ നിലപാട്. ലോകകപ്പിൽ ഇതുവരെ ഉപയോഗിക്കാത്ത പിച്ചിൽ ഫൈനൽ സംഘടിപ്പിക്കുന്നതു പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഇന്ത്യയ്ക്കു പാക്കിസ്ഥാനെതിരെ അനായാസ വിജയം സമ്മാനിച്ച 5–ാം നമ്പർ പിച്ച് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്നലെ രാവിലെ നനച്ച് ഉണക്കിയ ശേഷം വെയിൽ താഴും വരെ മൂടിയിട്ട പിച്ച് വൈകിട്ട് റോളിങ് നടത്തി വീണ്ടും മൂടി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ടീമംഗങ്ങളും ഇന്നലെ വൈകിട്ട് നെറ്റ്സിലെ പരിശീലനത്തിനു മുൻപ് വീണ്ടും പിച്ച് പരിശോധിച്ചിരുന്നു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും രാവിലെ പിച്ചിൽ എത്തിയിരുന്നു. ഒക്ടോബർ 14ന് ആ മത്സരം നടക്കുമ്പോഴുള്ള വരണ്ട കാലാവസ്ഥയല്ല ഇപ്പോൾ അഹമ്മദാബാദിലേത്. വൈകിട്ട് പല ദിവസങ്ങളിലും മഞ്ഞുണ്ട്.

English Summary:

Why Australia chose to bowl against India in ODI World Cup Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com