കണ്ണു നിറഞ്ഞ് രോഹിത്, വിരാട് കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അനുഷ്ക ശർമ- വിഡിയോ
Mail This Article
അഹമ്മദാബാദ്∙ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽവച്ച് കരഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ. നിരാശയോടെ കണ്ണുനിറഞ്ഞ് ഗ്രൗണ്ടിൽനിന്നു നടന്നുപോകുന്ന രോഹിത് ശർമയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിജയിക്കാനുള്ള എല്ലാ ശ്രമവും ടീമിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും എന്നാൽ തോറ്റുപോയെന്നും രോഹിത് ശർമ മത്സര ശേഷം പ്രതികരിച്ചു. ‘‘20–30 റൺസ് കൂടുതല്‍ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഞങ്ങൾ 270–280 റൺസിലേക്കെത്താനാണു ശ്രമിച്ചത് എന്നാൽ വിക്കറ്റുകൾ വീണു.’’– രോഹിത് ശർമ പ്രതികരിച്ചു.
‘‘240 റൺസാണു ലഭിച്ചത്, അതുകൊണ്ടുതന്നെ ഞങ്ങൾ വിക്കറ്റുകൾ വീഴ്ത്തണമായിരുന്നു. എന്നാൽ ട്രാവിസ്‍ ഹെഡിന്റെയും മാർനസ് ലബുഷെയ്ന്റെയും പ്രകടനങ്ങൾ ഇന്ത്യയുടെ സാധ്യതകളെ ഇല്ലാതാക്കി. രണ്ടാമത് ബാറ്റു ചെയ്യുന്നത് കുറച്ചുകൂടി മികച്ചതായി തോന്നി. എന്നാൽ അത് ഒരു ന്യായീകരണമായി പറയുന്നതല്ല. ഞങ്ങൾക്ക് ആവശ്യത്തിനു റൺസ് നേടാൻ സാധിച്ചില്ല.’’– രോഹിത് ശര്‍മ ഫൈനലിലെ തോൽവിക്കു ശേഷം പറഞ്ഞു.
മത്സരത്തിനു ശേഷം സങ്കടം സഹിക്കാനാകാതെ വിരാട് കോലിയുടേയും കണ്ണുകൾ നിറഞ്ഞു. തോൽവിക്കു പിന്നാലെ തൊപ്പികൊണ്ടു മുഖം മറച്ച് സങ്കടം ഒളിപ്പിക്കുന്ന കോലിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഭാര്യ അനുഷ്ക ശർമ വിരാട് കോലിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. മത്സരത്തിനു ശേഷം ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വീകരിച്ച വിരാട് കോലി ഒന്നും സംസാരിക്കാൻ നിൽക്കാതെയാണു മടങ്ങിയത്.
ഏകദിന ലോകകപ്പിലെ മൂന്നാം കിരീടം നേടാമെന്ന ടീം ഇന്ത്യയുടെ സ്വപ്നമാണ് ഓസ്ട്രേലിയ ഫൈനലിൽ തല്ലിക്കെടുത്തിയത്. മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 240 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 43 ഓവറിൽ ഓസ്ട്രേലിയ വിജയലക്ഷ്യത്തിലെത്തി.