ഒന്നൊഴികെ എല്ലാം തികഞ്ഞ ഇന്ത്യ; ധോണിക്ക് ഉണ്ടായിരുന്നതും രോഹിത്തിനു ഇല്ലാതെ പോയതും
Mail This Article
2007-ലെ ട്വന്റി ട്വന്റി ലോകകപ്പ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായായിരുന്നു സീനിയർ താരങ്ങൾ എല്ലാവരും ഒരു പ്രധാന ടൂർണമെന്റിൽ നിന്നും മാറി നിൽക്കുന്നത്. അക്കാലത്തെ ചില കനത്ത തോൽവികളെ തുടർന്നുണ്ടായ ഈ വിപ്ലവകരമായ തീരുമാനം ഇന്ത്യൻ യുവനിരയ്ക്കു നിനച്ചിരിക്കാതെ വലിയൊരു അവസരമൊരുക്കി. മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയ അവരിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇന്ത്യൻ യുവനിര എതിരാളികളെ ഒന്നൊന്നായി കീഴടക്കി ഫൈനലിലെത്തി. ജയപരാജയങ്ങൾ മാറി മറിഞ്ഞ കലാശക്കൊട്ടിൽ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടി ഇന്ത്യ ലോകജേതാക്കളായി.
സമ്മർദ്ദങ്ങളെ ഒരു തരത്തിലും അതിജീവിക്കാൻ കെൽപ്പില്ലാത്ത ടീം ആയിരുന്നു ഇന്ത്യ അതുവരെ. ഓപ്പണർമാർ ആദ്യ 5 ഓവറിൽ പുറത്തായാൽ ബാക്കിയുള്ളവരും താമസിയാതെ കൂടാരം കയറിക്കോളും എന്നായിരുന്നു ടീം ഇന്ത്യയെക്കുറിച്ച് പൊതുവെയുള്ള ധാരണ പോലും. പ്രതിഭാധനർ ഒരുപാടുണ്ടായിരുന്നെങ്കിലും പൊരുതാനുള്ള മനസ് ഇല്ലാത്ത ടീം ആയിരുന്നു ഇന്ത്യയുടേത്. പക്ഷെ 2007-ലെ ലോകകപ്പ് വിജയത്തോടെ ആ പേരുദോഷം ടീം ഇന്ത്യ മാറ്റിയെടുത്തു. ക്യാപ്റ്റൻ കൂൾ എന്ന് ധോണിക്ക് വിളിപ്പേര് വീണതും അക്കാലത്തു തന്നെ.
2011 ഏകദിന ലോകകപ്പ് ഫൈനൽ. സൈഡ് ബെഞ്ചിൽ പോലും കഴിവുള്ളവർ കൂട്ടിയിടിക്കുന്ന ഇന്നത്തെ അവസ്ഥ ആയിരുന്നില്ല അന്ന്. ധോണി എന്ന ക്യാപ്റ്റനിൽ ആയിരുന്നു ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. നോക്ക്ഔട്ട് മാച്ചുകളിലെ സമ്മർദ്ദം താങ്ങാൻ ഇന്ത്യയ്ക്കു ആകും എന്ന് ഇന്ത്യക്കാർ പോലും വിശ്വസിച്ചു തുടങ്ങിയ കാലം. ഫൈനലിൽ 274 എന്ന അന്നത്തെ കൂറ്റൻ സ്കോറിലേക്ക്(ഇന്ന് അങ്ങനെ അല്ല) ശ്രീലങ്ക മുന്നേറിയപ്പോഴും ധോണിയുടെ മുഖത്തു ലേശം പോലും ആശങ്ക ഇല്ലായിരുന്നു, മനസ്സിൽ ഉണ്ടായിരുന്നും കാണണം.
ജയം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണുകളായ സേവാഗും സാക്ഷാൽ സച്ചിനും പൊരുതാൻ പോലും നിൽക്കാതെ പുറത്ത്. അപ്പോഴും ഡ്രസിങ് റൂമിൽ നിന്നുള്ള വിഷ്വലുകളിൽ ധോണിയുടെ മുഖത്തു ടെൻഷൻ ഏതുമില്ല. കോലി കൂടി പുറത്തായതോടെ സ്വയം സ്ഥാനക്കയറ്റം നേടി ധോണി തന്നെ ബാറ്റുമായി ഗ്രൗണ്ടിൽ. ഒടുവിൽ സിക്സർ പറത്തി ലോകകപ്പ് തന്റെ ടീമിന് സമ്മാനിക്കുമ്പോൾ ആരാധകർ അർത്തു വിളിച്ചു, ധോണിയാകട്ടെ അപ്പോഴും കൂൾ.
സമ്മർദത്തെ അതിജീവിക്കാനുള്ള ഈ കഴിവാണ് ഇന്ത്യക്ക് ഇത്തവണ ഇല്ലാതെ പോയതും. എല്ലാം തികഞ്ഞ ടീമായിരുന്നു നമ്മുടേത്. പക്ഷെ തോൽവിയെ എങ്ങനെ അതിജീവിക്കണമെന്നും സമ്മർദ്ദങ്ങളെ എങ്ങനെ നേരിടണമെന്നും അറിയാതെ പോയി. 2007 ലും 2011 ലും ഓരോ കളികൾ വീതം തോറ്റും സമനിലയിൽ ആക്കുകയും ചെയ്താണ് നാം വിജയതീരമണിഞ്ഞത്. സൂപ്പർ ഓവറിൽ ആണെങ്കിലും പാക്കിസ്ഥാനെ തോൽപിച്ചതിന്റെ ആത്മവിശ്വാസം 2007ലെ ഫൈനലിൽ ഇന്ത്യയെ തെല്ലൊന്നും അല്ല സഹായിച്ചത്. 338 റൺസ് അടിച്ചിട്ടും ഇംഗ്ലണ്ടിനോട് വഴങ്ങിയ സമനിലയും 296 റൺസ് നേടിയിട്ടും ദക്ഷിണാഫ്രിക്കയോട് വഴങ്ങിയ തോൽവിയും 2011ലെ ലോകകപ്പിൽ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ടീമിനെ സജ്ജമാക്കി.
ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ മാക്സ്‍വെൽ നടത്തിയ ഒറ്റയാൾ പോരാട്ടത്തിനൊപ്പം ശ്രദ്ധ നേടിയത് പാറ്റ് കമിൻസിന്റെ ഇന്നിങ്സായിരുന്നു. ശ്രദ്ധയോടെ വിക്കറ്റ് കളയാതെ ഒരറ്റത്ത് നങ്കൂരമിട്ട കമിൻസിന്റെ മുഖം എത്ര പേർ ശ്രദ്ധിച്ചു?100 കടക്കും മുൻപ് 7 വിക്കറ്റ് നഷ്ടപ്പെട്ടു അട്ടിമറി തോൽവി അടുത്ത് എത്തിയപ്പോഴും ആ മുഖത്തു സമ്മർദ്ദത്തിന്റെ ഒരു സൂചന പോലും ഇല്ലായിരുന്നു എന്ന് മാത്രമല്ല നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹം മറുവശത്തു നിന്നത്. 200 അടിച്ചു കളി ജയിപ്പിച്ച മാക്സ്‍വെല്ലിന് ആ പുഞ്ചിരിയേക്കാൾ വലിയ എന്ത് പിന്തുണയാണ് കൊടുക്കാനാക്കുക? ഈ ടൂർണമെന്റിൽ ആദ്യത്തെ 2 കളിയും തോറ്റു പോയി പോയിന്റ് ടേബിളിൽ അവസാനം പോയ അതെ ഓസ്ട്രേലിയ ആണ് ഒടുവിൽ കപ്പ് എടുത്തതും.
ഫൈനലിലെ ഒരു തോൽവിയോടെ രോഹിത് ശർമ എന്ന ക്യാപ്റ്റനെ എഴുതി തള്ളാൻ കഴിയില്ല. പക്ഷേ എതിർ ടീം ഓരോ ബൗണ്ടറി പായിക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടാകുന്ന നിരാശ ആ മുഖത്തും പ്രകടമായിരുന്നു. അത് കാണുന്ന സഹകളിക്കാരുടെയും കാണികളുടെയും അവസ്ഥ ഊഹിക്കാമല്ലോ. ഈ ടൂർണമെന്റിൽ തന്നെ മുമ്പ് നടന്ന ചില മത്സരങ്ങളിൽ ചില്ലറ തിരിച്ചടികൾ ഏറ്റു വാങ്ങേണ്ടി വന്നപ്പോഴും ആശയറ്റ മുഖത്തോടെയാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. എല്ലാവർക്കും ധോണിയെ പോലെയോ കമിന്‍സിനെ പോലെയോ ആകാൻ പറ്റുമോ എന്ന് ചോദിച്ചാൽ പറ്റില്ല, പക്ഷെ ഒരു ക്യാപ്റ്റൻ ടീമിന്റെ ആകെയുള്ള ആത്മവിശ്വാസത്തിനു പോറൽ ഏല്‍പിക്കാതിരിക്കാൻ ശ്രമിക്കേണ്ടതാണ്. എല്ലാ കളികളും ധോണി ജയിപ്പിക്കില്ലെങ്കിലും അയാൾ ക്രീസിൽ ഉള്ള സമയത്തോളം ജയിക്കും എന്നൊരു തോന്നൽ കാണികൾക്ക് ഉണ്ടാകുന്നുണ്ട്. കാരണം അയാളുടെ മനസ്സിലുള്ളത് മുഖത്തു വരില്ല എന്നത് കൊണ്ട് തന്നെ.
ഇന്ത്യൻ ടീം നന്നായി കളിച്ചു, കളിക്കാർ തങ്ങളുടെ പ്രതിഭ തെളിയിച്ചു. ജീവന്മരണ പോരാട്ടം എന്ന നിലയിൽ അവർക്കു ഒരു കളി പോലും കളിക്കേണ്ടി വന്നില്ല. അതിന്റെ കുറവ് ഫൈനലിൽ കണ്ടു. വാർഷിക പരീക്ഷയ്ക്കു എല്ലാം പഠിച്ചു മനഃപാഠമാക്കി പരീക്ഷയ്ക്കു പോയ ക്ലാസ്സിലെ ഒന്നാമന്‍ സിലബസിന്റെ പുറത്തു നിന്ന് വന്ന ഒരേയൊരു ചോദ്യത്തിന് ഉത്തരം എഴുതാൻ പറ്റിയില്ല, എന്നാൽ ആ ചോദ്യത്തിനു തന്റെ പ്രായോഗിക ജ്ഞാനം വച്ചു ഉത്തരം എഴുതിയ ക്ലാസ്സിലെ രണ്ടാമൻ ഒന്നാമനെ പിന്നിലാക്കി എന്ന് കരുതിയാൽ മതി.