ADVERTISEMENT

ഇന്ത്യൻ റിപ്പബ്ലിക് ദിനവും ഓസ്ട്രേലിയൻ ദേശീയ ദിനവും ഒരുമിച്ചു വരുന്ന ജനുവരി 26നാണ് ട്രാവിഡ് ഹെഡ് 2016ൽ ഇന്ത്യയ്ക്കെതിരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. മറ്റൊരു ജനുവരി 26നാണ് ആദ്യ രാജ്യാന്തര സെഞ്ചറി നേടിയത്. ഇന്നലെ ഹെഡിന്റെ സെഞ്ചറിക്കു തീയതികളുടെ യാദൃച്ഛികതയുണ്ടായില്ല. പക്ഷേ ‘ഇന്ത്യൻ ക്രിക്കറ്റ് റിപ്പബ്ലിക്കിന്റെ’ ഈ ലോകകപ്പിലെ പരമാധികാരം തകർത്ത് ഹെഡ് അഹമ്മദാബാദിൽ ‘ഓസ്ട്രേലിയ ഡേ’ ആഘോഷിച്ചു! 

രൂപം കൊണ്ടും ഭാവം കൊണ്ടും ഓസ്ട്രേലിയൻ ടീമിലെ ഒറ്റയാനാണ് ഹെഡ്. ക്ലീൻഷേവുമായി യവനദേവൻമാരെപ്പോലെയുള്ള സഹതാരങ്ങൾക്കിടയിൽ മീശയും വച്ചു നിൽക്കുന്ന ഒരു ‘വിന്റേജ് ഓസ്ട്രേലിയൻ’. ബാറ്റിങ് ശൈലിയും മറ്റു ടോപ് ഓർഡർ ബാറ്റർമാരിൽ നിന്നു വ്യത്യസ്തം. സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നുമെല്ലാം പേസിനെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയും സ്പിന്നിനെ സൂക്ഷ്മതയോടെ നേരിട്ടും കളിക്കുമ്പോൾ ഹെഡിന്റേത് ആളും ബോളും ബഹുമാനിക്കാതെയുള്ള ആക്രമണമാണ്. 12 ഫോറും 3 സിക്സും മാത്രമടിച്ച് ബാറ്റിങ് ദുഷ്ക്കരമെന്നു ഇന്ത്യൻ ബാറ്റർമാർ ‘മനസ്സിൽ കുറിച്ച’ പിച്ചിൽ തന്നെയാണ് ഹെഡ് ഒറ്റയ്ക്ക് 15 ഫോറും 4 സിക്സുമായി നിറഞ്ഞാടിയത്. അതിനു മുൻപു തന്നെ ഇന്ത്യൻ ആരാധകർക്ക് അപായസൂചന നൽകിയിരുന്നു ഹെഡ്. നന്നായി കളിച്ചു തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയെ 11 മീറ്ററോളം തിരിഞ്ഞോടി ഉജ്വല ക്യാച്ചിലൂടെ പുറത്താക്കിയപ്പോൾ. 

australia-1-rsg
ഓസീസ് താരങ്ങളുടെ വിജയാഹ്ലാദം. ചിത്രം∙ ആർ.എസ്. ഗോപന്‍, മനോരമ

ഹെഡിന്റെ പ്രഹരത്തിൽ ഇന്ത്യയ്ക്ക് പൊള്ളുന്നത് ഇതാദ്യമായിട്ടല്ല. കഴിഞ്ഞ ജൂണിൽ, ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെത്തിയപ്പോൾ മുന്നിൽ ബാറ്റുമേന്തി നിന്നത് ഹെഡ് തന്നെ. ഒന്നാം ഇന്നിങ്സിൽ 163 റൺസ് നേടിയ ഹെഡിന്റെ ബാറ്റിങ് മികവിലാണ് ഓസീസ് 209 റൺസിന്റെ വിജയം സ്വന്തമാക്കിയത്. 174 പന്തിൽ ഏകദിന ശൈലിയിലായിരുന്നു ഹെഡിന്റെ ആ ഇന്നിങ്സ്. 25 ഫോറും ഒരു സിക്സും!  

ആരോൺ ഫിഞ്ച് മുതൽ ഗ്ലെൻ മാക്സ്‍‌വെൽ വരെ ഹിറ്റർമാർക്ക് പഞ്ഞമില്ലാത്ത ഓസ്ട്രേലിയൻ ടീമിൽ വന്നും പോയുമിരുന്ന അതിഥിതാരം മാത്രമായിരുന്നു ഹെഡ്. 2022 ജനുവരിയിൽ ഓസ്ട്രേലിയൻ ട്വന്റി20 ടീമിലേക്കു തിരിച്ചെത്തിയ ഹെഡ് അതിനു മുൻപ് ഒരു ലിമിറ്റഡ് ഓവർ മത്സരം കളിച്ചത് 2018ൽ! ഈ ലോകകപ്പിലും വൈകിയായിരുന്നു വരവ്. പരുക്കു മൂലം ന്യൂസീലൻഡിനെതിരെയുള്ള 5–ാം മത്സരത്തിലാണ് ഹെഡ് ടീമിനൊപ്പം ചേർന്നത്. ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ സെഞ്ചറി. പ്ലെയർ ഓഫ് ദ് മാച്ച്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെമിഫൈനലിൽ ഓൾറൗണ്ട് പ്രകടനവുമായി വീണ്ടും കളിയിലെ കേമൻ. ഒടുവിൽ ഇന്നലെ ഇന്ത്യയ്ക്കെതിരെയും. 

australia-2-rsg
ഓസീസ് താരങ്ങളുടെ വിജയാഹ്ലാദം. ചിത്രം∙ ആർ.എസ്. ഗോപന്‍, മനോരമ

ആഭ്യന്തര ക്രിക്കറ്റിൽ സൗത്ത് ഓസ്ട്രേലിയയുടെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിട്ടാണ് ഹെഡ് ശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ ഹെഡിനെ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ തുടക്കത്തിൽ സിലക്ടർമാർക്ക് ആശയക്കുഴപ്പമായിരുന്നു. മിഡിൽ ഓർഡറിലെ പല പൊസിഷനുകളിലും മാറിമാറി കളിച്ചതിനു ശേഷമാണ് ഹെഡ് ഡേവിഡ് വാർണർക്കൊപ്പം ഓപ്പണിങ് സ്ഥാനത്ത് ഉറയ്ക്കുന്നത്. പാർട് ടൈം സ്പിന്നും ചടുലമായ ഫീൽഡിങ്ങും കൂടിയാകുമ്പോൾ ട്രാവിസ് ഹെഡ് ഒരു കംപ്ലീറ്റ് പാക്കേജ് ആകുന്നു.

ഏകദിനത്തിൽ ഒരു ടീമിനെതിരെ കൂടുതൽ സിക്സുകളുടെ (87, ഓസ്ട്രേലിയ) റെക്കോർഡ് രോഹിത് ശർമ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ 85 സിക്സുകൾ പറത്തിയ ക്രിസ് ഗെയ്‌ലിനെ മറികടന്നു.ഒരു ഏകദിന ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനായി രോഹിത് ശർമ. ഇത്തവണ 597 റൺസ് നേടിയ രോഹിത് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡാണ് (578 റൺസ്, 2019) തിരുത്തിയത്. ഒരു ലോകകപ്പ് ടൂർണമെന്റിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ സ്പിൻ ബോളറെന്ന നേട്ടത്തിൽ ഓസീസ് താരം ആഡം സാംപ (23) മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പമെത്തി.

English Summary:

Travis Head, man behind India's defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com