ടീം ഇന്ത്യയെയും ഒരു ലക്ഷം പേരെയും കീഴടക്കിയത് പോരാട്ടവീര്യത്തിന്റെ ‘ഓസ്ട്രേലിയനിസം’
Mail This Article
മൈറ്റി ഓസീസ്! ആ പേരും അതിനു പിന്നിലെ ചരിത്രവും അഹമ്മദാബാദിലെ ഫൈനലിൽ ക്രിക്കറ്റ് ലോകം ഒരിക്കൽകൂടി ഓർത്തെടുത്തു. ക്രിക്കറ്റിന്റെ ലോക വേദിയിൽ 5 കിരീടങ്ങളുടെ പാരമ്പര്യമുള്ള ഓസ്ട്രേലിയൻ പോരാട്ടവീര്യത്തിനു മുന്നിലായിരുന്നു രോഹിത് ശർമയുടെ ഇന്ത്യ വീണുപോയത്. കത്തുന്ന ഫോമിൽ കളിച്ച രോഹിത്തിനെ വീഴ്ത്താൻ ട്രാവിസ് ഹെഡ് എടുത്ത ക്യാച്ചിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ ആവേശം കൂടിയാണ് ഓസീസിന്റെ കൈപ്പിടിയിലായത്. അവിടെത്തുടങ്ങി ആറാം ലോകകപ്പ് കിരീടത്തിലേക്കുള്ള ഓസ്ട്രേലിയൻ പ്രയാണം.
2003 ലും 2007 ലും പോലെ സമ്പൂർണ അപ്രമാദിത്വം കണ്ട ഒന്നായിരുന്നില്ല ഓസ്ട്രേലിയയ്ക്ക് ഈ ലോകകപ്പ്. ഇന്ത്യയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും വൻ തോൽവി കണ്ടായിരുന്നു തുടക്കം. പതിവില്ലാത്ത നിറം മങ്ങൽ ഒരുവേള അവരെ സെമിസാധ്യതകൾക്കു പുറത്തുപോലുമെത്തിച്ചു. പക്ഷേ, കളിയും കളവും ചൂടു പിടിക്കുമ്പോഴേക്കും ഓസ്ട്രേലിയ ‘ഓസ്ട്രേലിയ’ യായി ഉണർന്നു. സ്റ്റീവ് വോയുടെയും റിക്കി പോണ്ടിങ്ങിന്റെയും വിശ്വമേധത്തിന്റെ നാളുകളിൽ കണ്ടിരുന്ന, എതിരാളികളെ വിറപ്പിച്ചു വിഴുങ്ങിക്കളയുന്ന ‘ഓസ്ട്രേലിയനിസം’ കൈമോശം വന്നുവെങ്കിലും തോൽക്കില്ലെന്ന ദൃഢനിശ്ചയത്തിന്റെ കാര്യത്തിൽ അവർ തലയെടുപ്പോടെ നിന്നു. അഫ്ഗാനെതിരെ ഗ്ലെൻ മാക്സ്‍വെൽ നടത്തിയ അദ്ഭുതബാറ്റിങ്ങും ഇംഗ്ലണ്ടിനെ അകറ്റിയ ആഡം സാംപയുടെ വെടിക്കെട്ടും സെമിയിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന ജോഷ് ഇൻഗ്ലിസിന്റെ ചെറുത്തുനിൽപുമെല്ലാം ആ ചങ്കുറപ്പിന്റെ നേർസ്പന്ദനങ്ങളായി. ഒടുവിൽ ആദ്യ പോരാട്ടങ്ങളിൽ തോൽവി സമ്മാനിച്ച ടീമുകളോടു സെമിയിലും ഫൈനലിലുമായി കണക്കു തീർക്കുമ്പോഴേക്കും ‘മൈറ്റി ഓസീസ്’ എന്ന അജയ്യപരിവേഷത്തിന്റെ പുതിയ കണ്ണികളായി മാറിക്കഴിഞ്ഞിരുന്നു കമിൻസും സംഘവും.
ലോകകപ്പിനുള്ള സംഘത്തെ ഏറ്റവുമാദ്യം പ്രഖ്യാപിച്ച ആത്മവിശ്വാസം കൂടിയായിരുന്നു ഓസ്ട്രേലിയ. എന്നാൽ ഇന്ത്യൻ മണ്ണിൽ വേണ്ടുന്ന സ്പിൻ കരുത്തിന്റെ അഭാവം ടീമിന്റെ പോരായ്മയായി വിമർശകർ വിധിയെഴുതി. ലോകകപ്പ് അടുത്തതോടെ ആഷ്ടൺ ആഗറെന്ന സ്പിന്നർക്കു പകരം മാർനസ് ലബുഷെയ്നെന്ന ബാറ്ററെ ഉൾപ്പെടുത്തി ഓസീസ് ആ വിമർശനം ചിരിച്ചുതള്ളി. പാർട് ടൈം സ്പിന്നർ മാക്സ്‍വെൽ മാത്രം പിന്തുണയ്ക്കാനുണ്ടായിരുന്ന ആഡം സാംപയുടെ പ്രകടനം ഓസ്ട്രേലിയയുടെ കണക്കുകൂട്ടലുകൾക്കും മുകളിലേക്കാണു തിരിഞ്ഞത്. ടൂർണമെന്റിന്റെ തുടക്കം മുതൽ പലവിധ പരുക്കുകൾ പിന്നാലെ കൂടിയിട്ടും 23 വിക്കറ്റുകൾ പിഴുത് ടീമിന്റെ ജീവനാഡിയായി സാംപ. ഒരു ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന സ്പിന്നറെന്ന മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പമാണു സാംപയുടെ ഈ പ്രകടനം.
മെല്ലെത്തുടങ്ങി തുടർച്ചയായ 9 വിജയങ്ങളിലൂടെ കിരീടം ചേർക്കുമ്പോൾ വലിയ മത്സരങ്ങളുടെ തമ്പുരാൻമാരെന്ന പട്ടം ഓസ്ട്രേലിയയെപ്പോലെ ചേരുന്ന ഒരാൾ കൂടി ആ സംഘത്തിലുണ്ടായിരുന്നു – മിച്ചൽ സ്റ്റാർക്. സെമിയിലും ഫൈനലിലുമായി 4.45 എന്ന ഇക്കോണമി റേറ്റിൽ 6 വിക്കറ്റുകൾ കൊയ്ത്, എതിരാളികളുടെ വെല്ലുവിളി ഇല്ലായ്മ ചെയ്താണു സ്റ്റാർക് ഓസ്ട്രേലിയയെ കാത്തത്.
‘‘വിരാട് കോലിയുടെ വിക്കറ്റെടുത്തപ്പോൾ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ കാണികൾ നിശ്ശബ്ദരായി. എന്റെ ക്രിക്കറ്റ് കരിയറിലെ അവിസ്മരണീയ നിമിഷമായിരുന്നു അത്. ഇന്ത്യക്കാരുടെ ക്രിക്കറ്റ് ആവേശം അദ്ഭുതപ്പെടുത്തി. ഫൈനൽ ദിവസം ഹോട്ടൽ മുതൽ സ്റ്റേഡിയം വരെ നീലക്കടലിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. പക്ഷേ വിരാട് കോലി പുറത്തായപ്പോൾ ആ നീലക്കടൽ ശാന്തമായി. ഏകദിന ക്രിക്കറ്റിന്റെ പ്രസക്തിയും ആരാധക പിന്തുണയും ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഈ ലോകകപ്പിലൂടെ വ്യക്തമായി’’ –പാറ്റ് കമിൻസ് (ഓസ്ട്രേലിയൻ ക്യാപ്റ്റൻ)