ലോകകപ്പ് ട്രോഫിക്കു മുകളിൽ കാൽ കയറ്റിവച്ച് മിച്ചൽ മാർഷ്; ഓസീസിന് ധിക്കാരമെന്ന് വിമർശനം
Mail This Article
അഹമ്മദാബാദ് ∙ ലോകകപ്പ് വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ ചിത്രങ്ങൾക്ക് മികച്ച ആരാധക പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിൻ താരങ്ങളുടെ ചില ചിത്രങ്ങൾ കടുത്ത വിമർശനങ്ങൾക്കും വിധേയമായി. ഓസീസ് ബാറ്റർ മിച്ചൽ മാർഷിന്റെ ചിത്രമാണ് ഇതിൽ ഏറ്റവുമധികം ചർച്ചയായത്.
ഡ്രസ്സിങ് റൂമിൽ ട്രോഫിക്ക് മുകളില്‍ കാൽ കയറ്റിവച്ച് ഇരിക്കുന്ന തരത്തിലാണ് മാർഷിന്റെ ഫോട്ടോ പുറത്തുവന്നത്. ഐസിസി ലോകകപ്പിന്റെ ഔദ്യോഗിക പേജിലുൾപ്പെടെ പ്രത്യക്ഷപ്പെട്ട ചിത്രത്തിനു താഴെ വിമർശനവുമായി നിരവധിപ്പേരെത്തി. മാർഷിന്റെ പ്രവൃത്തി അനാദരവാണെന്നും ആറു തവണ കിരീടം നേടിയ ഓസീസിന്റെ ധിക്കാരമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നും ആളുകൾ പ്രതികരിച്ചു.
മറ്റുതാരങ്ങളോട് സംസാരിച്ച് ഇരിക്കുന്നതിനിടെയാണ് മാർഷ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. തനിക്ക് ലഭിച്ച മെഡൽ കഴുത്തിൽ തൂക്കിയിട്ട് ഇരുകാലുകളും ലോകകപ്പ് ട്രോഫിക്ക് മുകളിൽ കയറ്റിവച്ചാണ് മാർഷ് ഇരിക്കുന്നത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലുള്‍പ്പെടെ ചിത്രം പങ്കുവച്ചിരുന്നു.
ഞായറാഴ്ച നടന്ന ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ആറു വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചത്. ഓസീസിന്റെ ആറാം കിരീട നേട്ടമാണിത്. ട്രാവിസ് ഹെഡിന്റെ സെഞ്ചറി ഓസീസ് ജയത്തിൽ നിർണായകമായി. 765 റൺസ് അടിച്ചുകൂട്ടിയ വിരാട് കോലിയാണ് ടൂർണമെന്റിലെ താരം. മുഹമ്മദ് ഷമിയാണ് വിക്കറ്റു വേട്ടക്കാരിൽ ഒന്നാമൻ. 24 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്.